ഇത്ര എളുപ്പത്തിൽ മുട്ട പൊളിച്ചെടുക്കാമോ? ഈ സൂത്രവിദ്യ കലക്കി
Mail This Article
രുചികരവും പോഷക സമ്പുഷ്ടവുമായ ഒന്നാണ് മുട്ട. ധാരാളം വിഭവങ്ങൾ മുട്ട ഉപയോഗിച്ച് ഉണ്ടാക്കുമെങ്കിലും വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഓംലെറ്റും ബുൾസൈയും കഴിക്കാനായിരിക്കും കൂടുതൽ പേർക്കും ഇഷ്ടം. പുഴുങ്ങിയ മുട്ട ഉപയോഗിച്ചുള്ള കറികൾ അപ്പത്തിനും ചപ്പാത്തിയ്ക്കുമൊപ്പമാണ് സാധാരണയായി ഉപയോഗിക്കാറ്. മുട്ട പുഴുങ്ങിയതിനു ശേഷം ചിലപ്പോൾ തൊലി ഇളക്കി മാറ്റുമ്പോൾ തോടിൽ ഒട്ടിപ്പിടിച്ചിരിക്കാനും മുട്ട ശരിയായ രീതിയിൽ പൊളിച്ചു മാറ്റാനും കഴിയാതെ വരാറുണ്ട്. മുട്ട പുഴുങ്ങുമ്പോൾ ഇനി പറയുന്ന കാര്യം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ മുട്ട അതിന്റെ പുറം തോടിൽ നിന്നും പൊളിച്ചെടുക്കാം.
നല്ലതു പോലെ തിളച്ച വെള്ളത്തിലേക്ക് എത്ര മുട്ടയാണോ പുഴുങ്ങേണ്ടത് അത്രയും മുട്ടകൾ പതിയ ഇട്ടുകൊടുക്കണം. അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്തുകൊടുക്കാം. പത്തുമിനിറ്റ് നേരം ഉയർന്ന ചൂടിൽ മുട്ട തിളപ്പിക്കണം. ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ഉടനെ തന്നെ ചൂട് വെള്ളത്തിൽ നിന്നും മാറ്റിയ മുട്ട തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കണം. കൂടെ മൂന്നോ നാലോ ഐസ് ക്യൂബ് കൂടി ഇടാം. ഒരു പത്തുമിനിറ്റ് നേരം തണുത്ത വെള്ളത്തിൽ കിടന്ന മുട്ട അവിടെ നിന്നും എടുത്തു തോട് പൊട്ടുന്ന രീതിയിൽ പരന്ന പ്രതലത്തിൽ ഉരുട്ടിയതിനു ശേഷം പൊളിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ മുട്ടയ്ക്ക് യാതൊരു കേടുപാടുകളും വരാതെ പൊളിച്ചെടുക്കാൻ സാധിക്കും.
മൂർച്ചയൊട്ടുമില്ലാത്ത കത്തികളുടെ മൂർച്ച വർധിപ്പിക്കാൻ ഒരു മുട്ട മതിയാകുമെന്നു കേട്ടാൽ ചിലർക്കെങ്കിലും ആശ്ചര്യം തോന്നും. എങ്ങനെയെന്നല്ലേ? കത്തിയുടെ അരിയുന്ന ഭാഗം ഒരു ഇരുപത് ഡിഗ്രി ചെരിച്ചു പിടിച്ചതിനു ശേഷം മുട്ടയുടെ പുറം തോടിൽ ഉരയ്ക്കണം. മൂർച്ച കൂട്ടുന്നതിനായി കത്തിയുടെ അരിയുന്ന ഇരുവശങ്ങളും ഇത്തരത്തിൽ പത്തുതവണ ചെയ്യാം. ഇനി നോക്കൂ കത്തി നല്ലതുപോലെ മൂർച്ചയുള്ളതായി കാണുവാൻ കഴിയും.
English Summary: Easiest Way to Peel Hard-Boiled Eggs?