ADVERTISEMENT

അമിതവണ്ണം ചിലരെയെങ്കിലും വിഷമിപ്പിക്കാറുണ്ട്. ഇരുന്നുള്ള ജോലിയും വ്യായാമത്തിന്റെ കുറവുമാണ് പലരുടെയും അമിതവണ്ണത്തിനു കാരണം. ശരീരഭാരം അമിതമാരാതെ ശ്രദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കും. ഡയറ്റും വ്യായാമവുമാണ് വണ്ണം കുറയ്ക്കാനായി പലരും സ്വീകരിക്കുന്ന മാർഗങ്ങൾ. ഭക്ഷണരീതിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അമിത വണ്ണത്തിൽ നിന്നു രക്ഷനേടാം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കു  ഇനി പറയുന്ന ഹെർബൽ ഡ്രിങ്കുകൾ പരീക്ഷിക്കാം.

 

ജീരകച്ചായ 

 

അമിതഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ജീരകം പ്രധാന ചേരുവയായുള്ള ഈ ചായ. നല്ലതു പോലെ തിളയ്ക്കുന്ന ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ജീരകം ഇടണം. പത്തു മിനിറ്റ് പാത്രം അടച്ചു വയ്ക്കാം. അരിച്ചതിനു ശേഷം ചൂടോടെ കുടിക്കാവുന്നതാണ്. ഈ പാനീയം ഭക്ഷണത്തിനു മുൻപ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. 

 

സെലറി വെള്ളം 

 

വളരെ കുറഞ്ഞ കലോറി മാത്രം അടങ്ങിയിരിക്കുന്ന ഒരു പാനീയമാണിത്. വയർ നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ ഈ പാനീയത്തിനു കഴിയും. സെലറി നന്നായി കഴുകിയതിനു ശേഷം ചെറുതായി അരിഞ്ഞു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. അരിച്ചതിനു ശേഷം വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ചു കുടിക്കാം. ചിലർ ഇതിനൊപ്പം ചെറുനാരങ്ങയുടെ നീരും പുതിനയിലയും ചേർക്കാറുണ്ട്. നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ പ്രധാന ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. 

 

ഗ്രീൻ ടീ 

 

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പരീക്ഷിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ആന്റി ഓക്സിഡന്റുകളും കാറ്റെച്ചിനുകളും കൊണ്ട് സമ്പന്നമായതു കൊണ്ടുതന്നെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കുകയും ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു. തിളച്ച വെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ ഇട്ടതിനു ശേഷം എടുത്തു മാറ്റാം. ദിവസവും രണ്ടോ മൂന്നോ തവണ ഈ പാനീയം കുടിക്കുന്നത് മികച്ച ഫലം നൽകും. ഡയറ്റും കൃത്യമായ വ്യായാമവും കൂടെ ഗ്രീൻ ടീയും ഉണ്ടെങ്കിൽ ശരീര ഭാരം കുറയുമെന്നാണ് പറയപ്പെടുന്നത്. 

 

കട്ടൻ ചായ 

 

കട്ടൻ ചായയ്ക്കും ശരീര ഭാരം കുറയ്ക്കാനുള്ള കഴിവുണ്ട്. ആന്റി ഓക്സിഡന്റുകളും ഫ്ലാവനോയിഡുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വെള്ളം തിളപ്പിച്ചതിനു ശേഷം ഒരു ടീ ബാഗ് മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ അതിലിട്ടു വയ്ക്കണം. ചെറുനാരങ്ങ നീരോ തേനോ ചേർക്കുന്നത് രുചി വർധിപ്പിക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഭക്ഷണത്തിനു മുൻപായി കുടിക്കാം. 

 

ഇഞ്ചിയും ചെറുനാരങ്ങയും ചേർന്ന പാനീയം 

 

ഇഞ്ചിയും ചെറുനാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം പലർക്കും അറിയാവുന്നതായിരിക്കും. ഇഞ്ചി ദഹനത്തെ സഹായിക്കും. അമിത വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും നിറഞ്ഞതാണ് ചെറുനാരങ്ങ. തിളച്ച വെള്ളത്തിലേക്ക് ഇഞ്ചി ഗ്രേറ്റ് ചെയ്തിടാം. കൂടെ ചെറുനാരങ്ങയുടെ നീരും ചേർക്കണം. മധുരം വേണമെന്ന് നിർബന്ധമുള്ളവർക്ക് ഒരു ടീസ്പൂൺ തേൻ കൂടി ഒഴിക്കാം. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കാവുന്നതാണ്. 

 

പച്ചക്കറി ജ്യൂസുകൾ 

 

വളരെ കുറഞ്ഞ അളവിലുള്ള കലോറിയും ധാരാളം പോഷകങ്ങളും. പച്ചക്കറികൾ കൊണ്ട് തയാറാക്കുന്ന ഈ ജ്യൂസിന് ഗുണങ്ങൾ ഏറെയുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവയെല്ലാം പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. ചീര, ക്യാരറ്റ്, കുക്കുമ്പർ, ഇല ക്യാബേജ് എന്നിവ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. അരിക്കാതെ തന്നെ കുടിക്കാവുന്നതാണ്. അരിച്ചാൽ ഈ പച്ചക്കറികളിലെ ഫൈബർ നഷ്ടപ്പെടാനിടയുണ്ട്. പ്രധാന ഭക്ഷണത്തിനു പകരമായി ഈ ജ്യൂസ് കുടിക്കാവുന്നതാണ്. ദിവസവും കുടിക്കുന്നത് ശരീരത്തിന് ഏറെ പോഷകങ്ങളും പ്രദാനം ചെയ്യും.

 

ആപ്പിൾ സിഡർ വിനഗർ 

 

ആപ്പിൾ സിഡർ വിനഗർ ശരീരഭാരം കുറയ്ക്കുന്നതിന് അത്യുത്തമമായ ഒരു പ്രതിവിധിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതെയാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ദഹനം എളുപ്പത്തിലാക്കാനും വിശപ്പിനെ ശമിപ്പിക്കാനും ഒരു പരിധി വരെ ഈ പാനീയത്തിനു കഴിയും. ഇത് തയാറാക്കി കഴിക്കുന്നതിനു മുൻപ് ഒരു ആരോഗ്യ വിദഗ്‌ധനെ കണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം കഴിക്കുക. അമിതമായ ഉപഭോഗം ചിലപ്പോൾ ഉദ്ദേശിച്ച ഫലം നൽകുകയില്ലെന്നു മാത്രമല്ല, പ്രതികൂല ഫലം ലഭിക്കുകയും ചെയ്യും. 

English Summary: Herbal Drinks That Are Best For Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com