ഇത് മുട്ടട! എന്നോട് മുട്ടണ്ട, രുചിയിൽ ഞാൻ കേമൻ; ഈ വിഭവം കലക്കി

Mail This Article
നെയ്യട, പേര് കേൾക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും മനസിൽ രുചിയോർമകളുടെ പെരുമ്പറ മുഴങ്ങി കാണും. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ കണ്ടുവരുന്ന ഈ വിഭവത്തിനു മുട്ടട എന്നൊരു പേര് കൂടിയുണ്ട്. മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുമെങ്കിലും രുചിയുടെ കാര്യത്തിൽ എന്നോട് മുട്ടണ്ട എന്നുതന്നെയാണ് മറ്റുവിഭവങ്ങളോട് പറയുന്നത്. നെയ്യും പഞ്ചസാരയും മുട്ടയും ഏലയ്ക്ക പൊടിയും ഈ നാല് ചേരുവകൾ മതി നെയ്യട തയാറാക്കിയെടുക്കാൻ. മുട്ടയും നെയ്യുമൊക്ക ചേരുന്നത് കൊണ്ടുതന്നെ സ്വാദിനൊപ്പം ആരോഗ്യകരവുമാണ് ഈ വിഭവം. എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കാം.
ആവശ്യമുള്ള ചേരുവകൾ
മുട്ട - നാല് എണ്ണം
പഞ്ചസാര - നാല് ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി - ഒരു നുള്ള്
നെയ്യ് - രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേയ്ക്ക് പഞ്ചസാര, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി മീഡിയം തീയിൽ വെക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യൊഴിച്ചു, അത് ചൂടായി വരുമ്പോൾ നേരത്തെ തയാറാക്കി വെച്ചിരുന്ന മുട്ടയുടെ മിശ്രിതത്തിൽ നിന്നും ഒരു സ്പൂൺ പാനിലൊഴിക്കുക. വളരെ നേർത്ത രീതിയിൽ വട്ടത്തിൽ ചുറ്റിച്ചെടുത്ത്, പാകമായി വരുമ്പോൾ പകുതി ഭാഗം മടക്കി വെക്കുക. പാനിന്റെ ശേഷിച്ച ഭാഗത്ത് വീണ്ടും മിശ്രിതം ഒഴിച്ച് ഈ പ്രക്രിയ തുടരാം. മുട്ടയുടെ കൂട്ട് കഴിയുന്നത് വരെ ഇങ്ങനെ ചെറിയ സ്പൂണിൽ കോരിയൊഴിച്ചു, ഇങ്ങനെ പാകം ചെയ്തെടുക്കണം. ഒടുവിൽ ഗോൾഡൻ നിറമാകുന്നത് വരെ അടുപ്പിൽ വെച്ചതിനു ശേഷം തീ അണയ്ക്കാം. നെയ്യട തയാറായി കഴിഞ്ഞു. ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴിക്കാനായി വിളമ്പാം.