ഒരു മാസം വരെ ലെറ്റ്യൂസ് ഇലകൾ വാടാതെ വയ്ക്കാം; ഇതൊന്നു പരീക്ഷിച്ചോളൂ
Mail This Article
ബർഗർ, സാൻഡ്‌വിച്ച് സാലഡുകൾ ഇവയെന്തുമായിക്കൊള്ളട്ടെ ഇടയ്ക്കൊന്നു കടിക്കാൻ ലെറ്റ്യൂസ് ഇലകൾ ഉണ്ടെങ്കിൽ അതേറെ രുചികരമാണ്. സൂപ്പർ മാർക്കറ്റുകളിൽ നല്ല ഫ്രഷായി ഇരിക്കുന്ന ഈ ഇലകൾ കാണുമ്പോൾ വാങ്ങാതിരിക്കുന്നതെങ്ങനെ? എന്നാൽ പണം മുടക്കി വാങ്ങി വീട്ടിലെത്തി, ഒന്നോ രണ്ടോ തവണ സാൻഡ്‌വിച്ചോ സാലഡോ ഉണ്ടാക്കിയതിന് ശേഷം ബാക്കിയാകുന്ന ഇലകൾ ദിവസങ്ങൾക്കു ശേഷം ഉപയോഗിക്കാൻ എടുക്കുമ്പോൾ വാടിയോ ചീഞ്ഞോ ഉപയോഗശൂന്യമായി പോകും. എന്നാൽ ഇനി അക്കാര്യമോർത്ത് ലെറ്റ്യൂസ് വാങ്ങാതിരിക്കണ്ട. ദിവസങ്ങളോളം ഇലകൾ വാടാതിരിക്കാനുള്ള ഒരു വിദ്യ പരിചയപ്പെടുത്തുകയാണ് ഒരു ഫുഡ് വ്ലോഗർ.
ഒരു മാസം വരെ ലെറ്റ്യൂസ് ഇലകൾ എങ്ങനെ ഫ്രഷ് ആയി ഒട്ടും തന്നെ വാടാതെ സൂക്ഷിക്കാമെന്നാണ് വിഡിയോയിൽ കാണിക്കുന്നത്. ലാമ ബാസി എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഇലകൾ കേടുകൂടാതെയിരിക്കാനുള്ള വഴിയാണ് ആദ്യത്തെ വിഡിയോയിലെങ്കിൽ രണ്ടാമത്തേതിൽ ഒരു മാസത്തിനുശേഷവും ഒട്ടും തന്നെയും വാടാതെ ഫ്രഷ് ആയ ഇലകൾ കാണാവുന്നതാണ്. ഒരു ചില്ല് കുപ്പിയിൽ ലെറ്റ്യൂസ് ഇലകൾ വെച്ചതിനു ശേഷം അതിലേക്ക് വെള്ളമൊഴിക്കുന്നു. ഏകദേശം കുപ്പി നിറയുന്നത്രയും തന്നെ വെള്ളമൊഴിക്കാവുന്നതാണ്. തുടർന്ന് കുപ്പി അടച്ചു ഫ്രിജിലേക്ക് വയ്ക്കുന്നു. ഇങ്ങനെ വെച്ചാൽ ഒരു മാസം വരെ പുതുമ നഷ്ടപ്പെടാതെയും ചീഞ്ഞു പോകാതെയും ഇലകൾ ഫ്രഷായി തന്നെ ഇരിക്കുമെന്നുമാണ് വിഡിയോയിൽ പറയുന്നത്. കുപ്പി അടയ്ക്കുന്നതിന് മുൻപായി ഒരു ടിഷ്യൂ പേപ്പർ വച്ച് കുപ്പിയുടെ വായ് ഭാഗം മൂടാനും ശ്രദ്ധിക്കണം.
ഒരു മാസത്തിനു ശേഷമാണ് വീണ്ടും ആ ഇലകൾ ഉപയോഗിക്കാനായി കുപ്പി തുറക്കുന്നത്. കാഴ്ചക്കാർക്ക് അതിശയം തോന്നുന്ന വിധത്തിൽ ഫ്രഷ് ആയി തന്നെ ലെറ്റ്യൂസ് ഇലകൾ അപ്പോഴും കാണാവുന്നതാണ്. വെള്ളമൊഴിച്ച് വെച്ചത് കൊണ്ട് ചീഞ്ഞു പോകുമോ എന്ന ശങ്ക ചിലർക്കെങ്കിലും ഉണ്ടാകും. പക്ഷെ, വാങ്ങിയപ്പോൾ എത്രത്തോളം ഫ്രഷ് ആയി ഇരുന്നോ അതുപോലെ തന്നെ ഒരു മാസത്തിനു ശേഷവും ആ ഇലകൾ അതേ പുതുമ സൂക്ഷിക്കുന്നതായി കാണാം. വിഡിയോ കണ്ട ധാരാളംപേർ ഇത്തരത്തിൽ എല്ലാവർക്കും തന്നെയും ഉപകാരപ്പെടുന്ന ഒരു വിദ്യ പങ്കുവെച്ചതിനു നന്ദി അറിയിച്ചിട്ടുണ്ട്.