ADVERTISEMENT

അടുക്കളമാലിന്യം എന്നും വീടുകളുടെ തീരാത്തലവേദനയാണ്. വലിച്ചെറിയാനാകില്ല, അടുക്കളമാലിന്യം ആരും ശേഖരിക്കുകയുമില്ല. ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു പരമാവധി കുറയ്ക്കുക മാത്രമാണു പ്രതിവിധി. ഈ സാഹചര്യത്തിൽ, പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കുമ്പോൾ അവയുടെ തൊലി മാലിന്യക്കൊട്ടയിലേക്കെറിയുന്നതിനു പകരം അവ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താനാകുമെങ്കിൽ നല്ലതല്ലേ..? അത്തരത്തിൽ പുനരുപയോഗിക്കാവുന്ന ചില ‘തോലുകൾ’ ഇതാ...

∙ നാരങ്ങാത്തോൽ: അടുക്കളയിലെ എല്ലാത്തരം അഴുക്കും വൃത്തിയാക്കാൻ നാരങ്ങാത്തോൽ മതിയാകും. അഴുക്കുള്ളിടത്ത് അൽപം ബേക്കിങ് സോഡ വിതറിയ ശേഷം നാരങ്ങാത്തോൽ കൊണ്ട് ഉരച്ചാൽ ചെറുകറകൾ മുതൽ തുരുമ്പുവരെ അനായാസം കളയാനാകും.

lemon-peel-temmuzcan-istock-photo-com
Representative Image. Photo Credit : Temmuzcan / iStock Photo.com

∙ കാരറ്റ്: ധാരാളം പോഷകങ്ങളടങ്ങിയ കാരറ്റ് തൊലി ഒരിക്കലും കളയരുത്. വൃത്തിയായി കഴുകി ആവശ്യത്തിനു വെള്ളമൊഴിച്ചു വേവിച്ച് അരിച്ചെടുക്കുന്ന കാരറ്റ് പീൽ സ്റ്റോക് സൂപ്പുകളിലും കറികളിലും ചേർക്കാം. നന്നായി കഴുകിയെടുത്ത കാരറ്റ് തൊലി പൊടിയായി അരിഞ്ഞ് സ്മൂത്തി, ഷെയ്ക്ക് തുടങ്ങിയവയിൽ ചേർക്കാം.

∙ സാലഡ് വെള്ളരി: വെള്ളരിത്തൊലിയും കാരറ്റിന്റേതുപോലെ പോഷകസമൃദ്ധമാണ്. സാധാരണ ചട്നികളുടെ ചേരുവകൾക്കൊപ്പം ചേർത്തരച്ചു വെള്ളരിത്തൊലി ചട്നി ഉണ്ടാക്കാം.

∙ ഓറഞ്ച്: ഓറഞ്ച് തൊലിയും പഞ്ചസാരയുമുണ്ടെങ്കിൽ രുചികരമായ ഓറഞ്ച് പീൽ കാൻഡി ഉണ്ടാക്കാം. രണ്ടു കഷണം ഓറഞ്ച് തൊലി ചേർത്ത ഓറഞ്ച് ചായ അതീവ രുചികരമാണ്. ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചാൽ ആവശ്യാനുസരണം റോസ് വാട്ടറോ തൈരോ ചേർത്താൽ മുഖത്തു പുരട്ടാൻ ഉഗ്രൻ ഫെയ്സ് പാക്ക് ആയി.

∙ പഴത്തൊലി: മുഖചർമം സോഫ്റ്റ് ആകാൻ ഏറ്റവും മികച്ച വീട്ടുവിദ്യയാണു പഴത്തൊലി മൃദുവായി മുഖത്ത് ഉരസുന്നത്.

∙ ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് തൊലിയിൽ അടങ്ങിയ കാറ്റികൊളസ് എന്ന എൻസൈം കൺതടങ്ങളിലെ കറുപ്പു മാറ്റാൻ സഹായിക്കും.

ഇനി, ഇതൊന്നുമല്ലാത്ത പച്ചക്കറികളുടെ തോല്, കുരു ഒക്കെ എന്തുചെയ്യും? അതും വലിച്ചെറിയേണ്ട. അധികം ജലാംശമില്ലെന്നുറപ്പാക്കി കൂട്ടിവച്ചു കംപോസ്റ്റ് ആക്കിയാൽ അടുക്കളത്തോട്ടത്തിലേക്കു വളമായി...!

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Surprising uses of leftover fruit and vegetable Peels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com