കത്രീനയുടെ തടി കുറയ്ക്കാൻ സഹായിക്കുന്നത് ഈ വിഭവം; ആ രഹസ്യം അറിയാം

Mail This Article
ബോളിവുഡ് സുന്ദരി കത്രീന കൈഫിന് പ്രായം നാൽപതിനോട് അടുത്തെങ്കിലും ഇരുപതു വർഷം മുൻപ് തിരശീലയിൽ കണ്ട സൗന്ദര്യത്തിനു ഇന്നും മാറ്റമൊന്നുമില്ല. സൗന്ദര്യം ജന്മസിദ്ധമാണെങ്കിലും അതേപടി കാത്തുസൂക്ഷിക്കുന്നതിൽ താരം ജാഗരൂകയാണ്. ശരീരഭാരം വർധിക്കാതെ, എന്നാൽ പോഷകങ്ങൾ ഏറെയുള്ള ഭക്ഷണമാണ് കത്രീനയുടെ ഡയറ്റിലുള്ളത്. പ്രഭാത ഭക്ഷണമായി കത്രീന കഴിക്കുന്നത് 8 പദാർത്ഥങ്ങൾ ചേർന്ന സ്മൂത്തിയാണ്. എന്തൊക്കെയാണിതെന്നല്ലേ?
തേങ്ങ അല്ലെങ്കിൽ നാളികേരം അത് ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ട് താരസുന്ദരി. അതുകൊണ്ടു തന്നെ കത്രീന പരിചയപ്പെടുത്തിയ സ്മൂത്തിയിൽ വെളിച്ചെണ്ണയും ചേരുന്നുണ്ട്. വെളിച്ചെണ്ണയും അവക്കാഡോയുമാണ് താരത്തിന്റെ പ്രഭാത ഭക്ഷണത്തിലെ പ്രധാനകൂട്ടുകൾ. ശരീരഭാരം നിയന്ത്രിക്കാൻ ഇത് ഉപകാരപ്രദമാണ്. സ്മൂത്തി തയാറാക്കാനായി ആവശ്യമുള്ളവ. അവകാഡോ - ഒരെണ്ണം, പഴം - ഒരെണ്ണം, മൂന്നോ നാലോ ചീരയില, ഒരു ടീസ്പൂൺ ചിയ വിത്തുകൾ, ഒരു ടീസ്പൂൺ ചെറുനാരങ്ങയുടെ നീര്, നാലോ അഞ്ചോ ഐസ് ക്യൂബുകൾ, ഒരു ടീസ്പൂൺ കൊക്കോ പൊടി ഇത്രയുമാണ്.അവക്കാഡോയും പഴവും തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇത് ഒരു ബ്ലെൻഡറിലേയ്ക്കിട്ടു ചീരയിലയും ചിയ വിത്തുകളും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഈ കൂട്ടിലേക്ക് വെളിച്ചെണ്ണ, നാരങ്ങാനീര്, ഐസ് ക്യൂബുകൾ, കൊക്കോ പൗഡർ എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കണം. സ്മൂത്തി തയാറായി കഴിഞ്ഞു.
ദഹനത്തിനാവശ്യമായ ധാരാളം നാരുകൾ അടങ്ങിയ പഴമാണ് അവക്കാഡോ. ഇത് ദീർഘനേരം ഉന്മേഷത്തോടെ നില്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ശരീരത്തെ പോഷിപ്പിക്കുന്നതിനും ക്ഷീണത്തെ ഇല്ലാതാക്കാനും വെളിച്ചെണ്ണയ്ക്കും കഴിവുണ്ട്. ചിയ വിത്തുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല, വിശപ്പിനെ നിയന്ത്രിക്കുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്നു.