ഈ സംഗതി കൊള്ളാം! കറിവേപ്പില കൊണ്ടൊരു ബിരിയാണി; ഇത് വീഗന്‍ വിഭവം

Mail This Article
ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, ബീഫ് ബിരിയാണി, മുട്ട ബിരിയാണി തുടങ്ങി നോണ്‍ വെജിറ്റേറിയന്‍മാര്‍ക്ക് കഴിക്കാന്‍ ഒട്ടേറെ തരത്തിലുള്ള ബിരിയാണിയുണ്ട്. മാംസമോ മൃഗങ്ങളില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കാത്ത വീഗന്‍മാര്‍ക്ക് വേണ്ടി ഒരു അടിപൊളി റെസിപ്പി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഫുഡ് വ്ളോഗറായ വിജയലക്ഷ്മി വിക്രം. കറിവേപ്പില കൊണ്ടുള്ള വ്യത്യസ്തമായ ഒരു ബിരിയാണിയാണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
വേണ്ട സാധനങ്ങള്‍
കറിവേപ്പില - 3 കപ്പ്
പച്ചമുളക് - 5
കട്ടിയുള്ള തേങ്ങാപ്പാല്‍ - 1/2 കപ്പ്
എണ്ണ - ആവശ്യത്തിന്
പെരുംജീരകം - 1 ടേബിള്‍സ്പൂൺ
ഗ്രാമ്പൂ - 2
കറുവപ്പട്ട - 1
വെളുത്തുള്ളി - 2-3 അല്ലി
ഇടത്തരം വലിപ്പമുള്ള സവാള - 2
ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാല - ആവശ്യത്തിന്
ചോറ് - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
- ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, 3 കപ്പ് കറിവേപ്പില ഫ്രൈ ചെയ്തെടുക്കുക
- പച്ചമുളക് വഴറ്റുക
- ഫ്രൈ ചെയ്തെടുത്ത കറിവേപ്പില, പച്ചമുളക്, 1/2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ, കുറച്ച് വെള്ളം (ആവശ്യമെങ്കിൽ) എന്നിവ ചേർത്ത് പേസ്റ്റ് ആക്കുക
- മറ്റൊരു കടായിയിൽ എണ്ണ ചൂടാക്കുക. പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട, വെളുത്തുള്ളി അരിഞ്ഞത്, ഉള്ളി എന്നിവ ചേർത്ത് എണ്ണ വേർപെടുന്നത് വരെ നന്നായി വഴറ്റുക
-ഇതിലേക്ക് വേവിച്ചുവെച്ച ഒരു കപ്പ് ചോറ് ചേര്‍ക്കുക. ഇളക്കിയ ശേഷം, മൂടി വെച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക
- ചോറിനു മുകളില്‍ കറിവേപ്പില വിതറി അലങ്കരിക്കുക
-ഈ കറിവേപ്പില ബിരിയാണി പപ്പടത്തിന്‍റെയോ ഉരുളക്കിഴങ്ങ് ഫ്രൈയുടെയോ കൂടെ വിളമ്പി കഴിക്കാം.
കറിവേപ്പില കളയാനുള്ളതല്ല
വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പിലയ്ക്ക് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍ മുതലായവയ്ക്കും അലർജികൾ, വ്രണങ്ങൾ, ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറിവേപ്പില. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കണ്ണിന്‍റെ കാഴ്ച കൂട്ടാനും നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.