ഉണങ്ങിപ്പോയി എന്ന പരാതി ഇനി പറയില്ല, നാരങ്ങ ഫ്രഷായി വയ്ക്കാം

Mail This Article
എല്ലാ വീടുകളിലും തന്നെയും കാണുന്ന ഒന്നാണ് ചെറുനാരങ്ങ. ജ്യൂസ് തയാറാക്കാനും സാലഡുകളിലും തുടങ്ങി ചിക്കനും മീനും മാരിനേറ്റ് ചെയ്യുന്നതിന് വരെ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. മിക്ക ഗൃഹങ്ങളിലെ ഫ്രിജിലും പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന ഇവ വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. ചെറുനാരങ്ങ കാണുമ്പോൾ വാങ്ങാതിരിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുന്നവരും വാങ്ങുന്നവരുമാണെങ്കിൽ അത് കൃത്യമായ രീതിയിൽ സൂക്ഷിക്കാൻ കൂടി അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം ചീഞ്ഞും ഉണങ്ങിയും ഉപയോഗശൂന്യമായി പോകാനിടയുണ്ട്.
വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം
ചെറുനാരങ്ങ സൂക്ഷിക്കാൻ ഏറ്റവും മികച്ച ഓപ്ഷൻ ഏതെന്നു ചോദിച്ചാൽ വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കാമെന്നുള്ളത് തന്നെയാണ്. നന്നായി കഴുകിയതിനു ശേഷം ജലാംശം ഒട്ടും തന്നെയുമില്ല എന്നുറപ്പാക്കിയതിനു ശേഷം ഒരു പോളിത്തീൻ ബാഗിലാക്കി വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റാം. ശേഷം ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. കുറെയേറെ ദിവസങ്ങൾ ചെറുനാരങ്ങ കേടുകൂടാതെയിരിക്കാൻ ഇത്തരത്തിൽ ചെയ്താൽ മതിയാകും.
സിപ് ലോക്ക് കവറുകളിലാക്കാം
ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ സിപ് ലോക്ക് കവറുകൾ ഉപയോഗിക്കാവുന്നതാണ്. ജലാംശം തീരെയില്ലാത്ത നാരങ്ങകൾ സിപ് ലോക്ക് കവറിലാക്കി ഫ്രിജിൽ സൂക്ഷിക്കാം. വളരെ നാളുകൾ കേടുകൂടാതെയിരിക്കും.
അലുമിനിയം ഫോയിലിൽ പൊതിയാം
ചെറുനാരങ്ങകൾ ഉപയോഗ ശൂന്യമായി പോകാതിരിക്കാൻ എളുപ്പ വഴിയെന്തെന്നു ചോദിച്ചാൽ അതിനുത്തരമാണ് അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുക എന്നത്. ഇങ്ങനെ ചെയ്താൽ ദിവസങ്ങളോളം ചെറുനാരങ്ങാകൾ ചീയാതെയും ഉണങ്ങി പോകാതെയുമിരിക്കും. അലുമിനിയം ഫോയിലിൽ പൊതിഞ്ഞു വെയ്ക്കുമ്പോൾ ഈർപ്പം ബാധിക്കാതെയുമിരിക്കും.