ADVERTISEMENT

ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. ചില ആഹാരങ്ങൾ ശരീരത്തിനും ചർമത്തിനും ദോഷം ചെയ്യുമ്പോൾ ചിലത് ഏറെ ഗുണകരമാണ്. ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആരോഗ്യത്തെ മാത്രമല്ല, ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടയാക്കും. ഉദാഹരണമായി, സോഡ, കോള എന്നിവ പോലുള്ളവ ഒഴിവാക്കി വീട്ടിൽ തന്നെ തയാറാക്കിയെടുക്കാൻ സാധിക്കുന്ന പഞ്ചസാര ഒഴിവാക്കി കൊണ്ടുള്ള പാനീയങ്ങൾ ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല, ചർമം തിളക്കമുള്ളതാക്കുകയും ചെയ്യും. എന്തൊക്കെ ഭക്ഷണ പദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് നോക്കാം.

എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കാം, പകരം നട്സ് 

പാക്കറ്റിൽ ലഭിക്കുന്ന സ്നാക്കുകൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയും കാണുകയില്ല. ആകർഷകമായ മണവും രുചിയും അവ കഴിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കും. ഇടനേരങ്ങളിൽ ചെറു വിശപ്പിന്റെ സമയങ്ങളിൽ ഈ സ്നാക്കുകൾ ഒഴിവാക്കി പകരം നട്സ് ശീലമാക്കാം. വാൾനട്സ്, കശുവണ്ടി, ബദാം, പിസ്ത തുടങ്ങിയവ കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. നട്സിൽ ധാരാളം ഫാറ്റി ആസിഡുകളും പോഷകങ്ങളും ഉണ്ട്. ഇവ കഴിക്കുന്നത് ചർമത്തിന് സംഭവിക്കുന്ന കേടുപാടുകൾ പ്രതിരോധിക്കും. 

ചെറുധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കാം 

കാർബോ ഹൈഡ്രേറ്റ്സ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ചെറുധാന്യങ്ങൾ കഴിക്കാം. വൈറ്റ് ബ്രെഡ് പോലുള്ള, പാക്കറ്റിൽ ലഭ്യമാകുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ശരീര ഭാരം കൂടാനും ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. മാത്രമല്ല, ഹോർമോൺ വ്യതിയാനം, ചർമ പ്രശ്നങ്ങൾ എന്നിവയ്‌ക്കെല്ലാം സാധ്യതകളുണ്ട്. മൈദ അടങ്ങിയവ പൂർണമായും ഒഴിവാക്കി പകരം റാഗി, തിന, ജോവർ പോലുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ചർമത്തിനു മാത്രമല്ല, ശരീരത്തിനാകമാനം അത്യുത്തമാണ്. 

മധുരപലഹാരങ്ങൾ വേണ്ടേ വേണ്ട 

പോഷകങ്ങൾ തീരെയില്ലാത്തതും അതെ സമയം മധുരം ധാരാളമായി അടങ്ങിയിട്ടുള്ളതുമായ പലഹാരങ്ങൾ പാടെ ഒഴിവാക്കാം. പഞ്ചസാര വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല ചർമത്തിനും ദോഷകരമാണ്.  ആയതിനാൽ മധുരം കഴിക്കണമെന്നു തോന്നുകയാണെങ്കിൽ മേല്പറഞ്ഞ പലഹാരങ്ങൾക്കു പകരമായി പഴങ്ങൾ കഴിക്കാം. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ തെരഞ്ഞെടുക്കുന്നത് വഴി ചർമത്തിന്റെ ആരോഗ്യത്തിനും അതേറെ ഗുണം ചെയ്യും. ഓറഞ്ച്, കിവി, ബെറി പഴങ്ങൾ എന്നിവ കൂടുതലായി കഴിക്കാവുന്നതാണ്. 

സോഡ, കോള എന്നിവ ഒഴിവാക്കാം

പഞ്ചസാര വലിയ അളവിൽ അടങ്ങിയിട്ടുള്ള കാർബോണേറ്റഡ് ഡ്രിങ്കുകൾ, കോളകൾ, സോഡ, പാക്കറ്റിൽ ലഭിക്കുന്ന ജ്യൂസുകൾ എന്നിവയ്ക്ക് പകരമായി വീട്ടിൽ തന്നെ തയാറാക്കിയെടുക്കുന്ന പഞ്ചസാര അധികം ചേർക്കാത്ത പാനീയങ്ങൾ കഴിക്കാം. കരിക്കിൻ വെള്ളം പോലുള്ളവ കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരവുമാണ്. 

ചായക്ക്‌ പകരമായി ഹെർബൽ ടീ

ചായ കുടിക്കുക എന്നത് പൊതുവെ ഇന്ത്യക്കാരുടെ പ്രധാന ശീലങ്ങളിൽ ഒന്നാണ്. എന്നാൽ അതത്ര നല്ല ശീലമൊന്നുമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചായ ഒഴിവാക്കി പകരം ഗ്രീൻ ടീ, ചെമ്പരത്തി ചായ, ചുക്ക് കാപ്പി എന്നിവ കഴിക്കാം. ചായ കുടിക്കുന്നത് വഴി അകത്താക്കുന്ന പഞ്ചസാര, പ്രമേഹ സാധ്യത വർധിപ്പിക്കുന്നു എന്ന് മാത്രമല്ല, ആരോഗ്യകരവുമല്ല.

English Summary:

Healthy Foods for Your Weight Loss Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com