പാകം ചെയ്ത് അന്ന് തന്നെ കഴിക്കല്ലേ, പിറ്റേന്ന് രുചിയേറുന്ന വിഭവങ്ങളാണ് ഇവ

Mail This Article
ഭക്ഷണങ്ങൾ പാകം ചെയ്താൽ ചൂടോടെ കഴിക്കുവാനാണ് പ്രിയം. അധികമായാൽ ഫ്രിജിൽ എടുത്തുവച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നതിനോട് മിക്കവർക്കും താൽപര്യം ഇല്ല. അങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നതും. എന്നാൽ അന്ന് തന്നെ പാകം ചെയ്ത് കഴിക്കുന്നതിനേക്കാളും പിറ്റേ ദിവസം രുചിയേറുന്ന വിഭവങ്ങളുമുണ്ട്. വച്ച ഉടൻ തന്നെ ചൂടോടെ കഴിക്കുന്നതിനേക്കാളും സ്വാദേറുന്ന വിഭവങ്ങൾ ഏതൊക്കെയെന്ന് അറിയാം.
മുളകരച്ച മീൻകറി
വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത് മുളകിട്ട് വയ്ക്കുന്ന കിടുക്കൻ മീൻകറി ആർക്കാണ് ഇഷ്ടമല്ലാത്തത്. മുളകരച്ച് വയ്ക്കുന്ന മീൻകറി രുചിയേറുന്നത് പിറ്റേദിവസമാണ്. മീനിലേക്ക് ഉപ്പും പുളിയും എരിവുമൊക്കെ നല്ലോണം പിടിക്കും. തലേന്ന് വച്ചിട്ട് പിറ്റേന്ന് ചോറിന് കൂട്ടാൻ മുളകരച്ച മീൻകറി സൂപ്പറാണ്.
ബീഫ് വരട്ടിയത്
നല്ല ബീഫ് വരട്ടിയതിനൊപ്പം അപ്പമോ ഇടിയപ്പമോ പൊറോട്ടയോ ഉണ്ടെങ്കിൽ സംഗതി ജോറായി. ഇരുമ്പു ചീനച്ചട്ടിയിൽ വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈയ്ക്ക് രുചിയേറും. എണ്ണയിൽ വരട്ടിയെടുക്കുന്തോറും ബീഫിന് സ്വദേറും. പിറ്റേ ദിവസമാണ് ബീഫ് നല്ല ഡ്രൈ ഫ്രൈയായി കഴിക്കാൻ മികച്ചത്.
അച്ചാറുകൾ
ദിവസങ്ങൾ കൂടുതൽ ഇരിക്കുന്തോറും രുചിയേറുന്ന മറ്റൊരു വിഭവമാണ് അച്ചാറുകൾ. കാരറ്റും മാങ്ങയും കാന്താരിയും ചേർന്നതുമുതൽ പല വെറൈറ്റിയുണ്ട്. ഉപ്പും എരിവുമൊക്കെ പിടിച്ച നല്ല അടിപൊളി അച്ചാറുകൾ മാത്രം മതി ചോറ് കഴിക്കുവാനായി.
ദോശമാവ്
മാവ് അരച്ചുടനെ ദോശ ചുട്ടെടുക്കുന്നതിനേക്കാൾ നല്ലത് പിറ്റേദിവസം ഉണ്ടാക്കി കഴിക്കുന്നതാണ്. അരച്ച ഉനെ തന്നെ ഉണ്ടാക്കിയാൽ പുളിയില്ലാത്ത ദോശയാകും. പിറ്റേന്ന് എടുക്കുകയാണെങ്കിൽ പുളിച്ച് പൊങ്ങി നല്ല രുചിയോടെ ക്രിസ്പി ദോശ ചുട്ടെടുക്കാം.