ചോറ് കരിഞ്ഞ് പിടിച്ചോ? കളയേണ്ട, പുകമണം മാറ്റാനായി ഇങ്ങനെ ചെയ്യാം

Mail This Article
ചോറില്ലാത്ത ഒരു ദിവസം പോലും മലയാളികള്‍ക്ക് ആലോചിക്കാന്‍ പോലുമാവില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ചോറ് കഴിക്കുന്നവരാണ് മിക്കവരും. എത്ര തവണ ഉണ്ടാക്കിയാലും, ചോറുണ്ടാക്കുമ്പോള്‍ പലപ്പോഴും അബദ്ധം പറ്റും. ചിലപ്പോള്‍ വേവ് കൂടിപ്പോവുകയോ കുറഞ്ഞു പോവുകയോ ഒക്കെ ചെയ്യാറുണ്ട്. മറ്റു ചിലപ്പോഴാകട്ടെ, ചോറ് അടിയില്‍ പിടിച്ച് കരിഞ്ഞു പോകാറുമുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കരിഞ്ഞ ഭാഗം മാത്രമല്ല, മുകളിലുള്ള നല്ല ചോറും കളയേണ്ടി വരും. കരിഞ്ഞ മണം ചോറില്‍ മുഴുവനും പടര്‍ന്നിട്ടുണ്ടാകും.
അത്തരമൊരു സാഹചര്യത്തിൽ, ഈ ചോറ് മുഴുവനും വലിച്ചെറിയേണ്ടി വരും. ഇത് ഒഴിവാക്കാന്‍ ഒരു അടിപൊളി ടിപ്പ് പങ്കുവച്ചിരിക്കുകയാണ് മാസ്റ്റർഷെഫ് പങ്കജ് ബദൗരിയ. അതെങ്ങനെ ചെയ്യണമെന്ന കാര്യം വിശദീകരിച്ചുകൊണ്ട് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചു.
സവാള ഉപയോഗിച്ചാണ് കരിഞ്ഞ ചോറില്‍ നിന്നും പുകമണം മാറ്റുന്നത്. ആദ്യം തന്നെ ഒരു വലിയ സവാളയെടുത്ത് നന്നായി കഴുകിയ ശേഷം നാലു കഷ്ണങ്ങളായി മുറിക്കുക. ഇത് ചൂടുള്ള ചോറില്‍ നാലു വശത്തായി ആഴ്ത്തി വയ്ക്കുക. ഇത് മൂടി വയ്ക്കുക.
പത്തു മിനിറ്റിന് ശേഷം മൂടി തുറക്കുക. ഉള്ളി, അരിയില്‍ നിന്നുള്ള കരിഞ്ഞ മണം വലിച്ചെടുക്കും. ഇനി മുകളില്‍ നിന്നുള്ള നല്ല ചോറ് മാത്രം ഒരു പാത്രത്തിലേക്ക് വിളമ്പി കഴിക്കാം. കരിഞ്ഞ ഭാഗം കളയാം.
ഒട്ടേറെ ആളുകളാണ് ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഈ സൂത്രം ചെയ്തു നോക്കി വിജയിച്ചെന്നും നിരവധി ആളുകള്‍ പറയുന്നത് കാണാം.