ADVERTISEMENT

ദൈവങ്ങളുടെ അമൃതാണ് തേന്‍ എന്ന് പറയാറുണ്ട്. നൂറ്റാണ്ടുകളായി, ഭക്ഷണമായും പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് മരുന്നായുമെല്ലാം തേന്‍ ഉപയോഗിച്ചു വരുന്നു. തേനിന്‍റെ വില എന്നത് അതിന്‍റെ വൈവിധ്യം, ഉത്ഭവ സ്ഥലം, ഗുണനിലവാരം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇത്രയേറെ ഗുണങ്ങളും സവിശേഷതകളുമെല്ലാം ഉണ്ടെങ്കിലും നാലഞ്ചു ലക്ഷം രൂപയൊക്കെ കൊടുത്ത് ഒരു കിലോ തേന്‍ വാങ്ങിക്കാന്‍ ആരെങ്കിലും തയാറാകുമോ? അങ്ങനെയൊരു പ്രത്യേകതരം തേന്‍ ഈ ലോകത്തുണ്ട്, തുർക്കിയിൽ നിന്നുള്ള എൽവിഷ് ഹണി!

ഒരു കിലോഗ്രാമിന് 5,000 യൂറോയാണ് ഈ തേനിന്‍റെ വില, അതായത് ഏകദേശം 4,38,000 രൂപ.

തുർക്കിയിലെ കരിങ്കടൽ മേഖലയിൽ നിന്നുള്ള എല്‍വിഷ് ഹണിക്ക് പ്രത്യേക സുഗന്ധവും രുചിയുമുണ്ട്. തേനിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം വേർതിരിച്ചെടുക്കുന്ന ഈ തേൻ തുർക്കിയിലെ ആർട്വിൻ സിറ്റിയിൽ 1800 മീറ്റർ താഴ്ചയുള്ള ഒരു ഗുഹയില്‍ നിന്നാണ് ശേഖരിക്കുന്നത്. 

ഹിമാലയൻ പർവതനിരകളുടെ വിദൂരമായ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഭൂട്ടാനിലെയും നേപ്പാളിലെയും ഒറ്റപ്പെട്ട താഴ്‌വരകളിൽ കാണപ്പെടുന്ന റോഡോഡെൻഡ്രോൺ, അസാലിയ പൂക്കൾ എന്നിവയാണ് എല്‍വിഷ് ഹണിയുണ്ടാക്കുന്ന തേനീച്ചകളുടെ ഭക്ഷണം. ഇത്രയും വിദൂരമായ സ്ഥലങ്ങളില്‍ ഉണ്ടാകുന്നതും വിളവെടുപ്പിന്‍റെ ബുദ്ധിമുട്ടുമെല്ലാം കാരണമാണ് എൽവിഷ് ഹണിക്ക് ഇത്രയും വില. കൂടാതെ, റോഡോഡെൻഡ്രോൺ, അസാലിയ പൂക്കൾ വസന്തകാലത്തും വേനൽക്കാലത്തും വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് വിരിയുക.

ഹിമാലയൻ ജയന്റ് ഹണിബീ എന്നറിയപ്പെടുന്ന ആപിസ് ഡോർസാറ്റ ലബോറിയോസയാണ് എൽവിഷ് ഹണിയുണ്ടാക്കുന്ന തേനീച്ചകള്‍. ഈ തേനീച്ചകൾ സാധാരണ തേനീച്ചകളേക്കാൾ വലുതാണ്, അവ ഹിമാലയൻ പർവതനിരകളിലെ ഉയരമേറിയ പാറക്കെട്ടുകളിൽ കൂടുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ, ഇത് വിളവെടുക്കാന്‍ അങ്ങേയറ്റം വൈദഗ്ധ്യമുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ.

ഇരുണ്ട ആമ്പർ നിറമാണ് ഈ തേനിനുള്ളത്. എൽവിഷ് ഹണി അതിന്റെ ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ടതാണ്. ഇതിന് ശക്തമായ ആന്റിമൈക്രോബിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഹിമാലയൻ മേഖലയിലെ പരമ്പരാഗത ചികിത്സാരീതികളില്‍ ഈ തേനും ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകളായി, മതപരമായ ചടങ്ങുകൾ, ആചാരങ്ങൾ എന്നിവയിലും ഉപയോഗിച്ചുവരുന്ന ഈ തേന്‍, വിശുദ്ധി, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ മേഖലകളില്‍ ഉത്സവങ്ങളിലും പ്രത്യേക അവസരങ്ങളിലും എല്‍വിഷ് ഹണി പ്രധാനമാണ്.

English Summary:

World's Most Expensive Honey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com