സ്റ്റീല്‍ പാത്രങ്ങളും നോണ്‍സ്റ്റിക്ക് പാനാക്കാം! ഇതൊന്നു പരീക്ഷിക്കൂ

Mail This Article
സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെക്കാളും എന്തുകൊണ്ടും സൗകര്യപ്രദമാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍. ഒട്ടിപ്പിടിക്കില്ലെന്നു മാത്രമല്ല, വൃത്തിയാക്കാനും എളുപ്പമുണ്ട്. എന്നാല്‍ ഇവ പെട്ടെന്ന് കേടായിപ്പോകും എന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, ഇവ ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വീട്ടിലെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ മുഴുവനും കേടായിപ്പോയാലും വിഷമിക്കേണ്ട, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെ നോണ്‍ സ്റ്റിക്ക് ആക്കി മാറ്റി ഉപയോഗിക്കാന്‍ ഒരു വഴിയുണ്ട്! സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങള്‍ സാധാരണയായി നോൺ സ്റ്റിക്ക് അല്ലെങ്കിലും, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അവ ഒരു നോൺ സ്റ്റിക്ക് പാൻ പോലെ പ്രവര്‍ത്തിക്കും. ഈ കിച്ചൺ ടിപ് പങ്കുവച്ച സ്നേഹ സിംഗ് എന്ന വ്ളോഗറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാട്ടർ ബീഡ് ടെസ്റ്റ് എന്നാണു ഈ ഹാക്കിന് പേര്. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാനുകളില്‍ ഭക്ഷണസാധനങ്ങള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഷെഫുമാര്‍ ഉപയോഗിക്കുന്ന വിദ്യയാണിത്. ആദ്യം തന്നെ പാന്‍ അടുപ്പത്ത് വയ്ക്കുക. മുകളില്‍ കുറച്ച് വെള്ളം തളിച്ച് നോക്കുക. അപ്പോള്‍ത്തന്നെ അവ ആവിയായിപ്പോകുന്നുണ്ടെങ്കില്‍ പാന്‍ പാചകത്തിന് തയാറായില്ല എന്നാണര്‍ത്ഥം.
ഓരോ മുപ്പത് സെക്കന്‍ഡ് കൂടുമ്പോഴും ഇങ്ങനെ വെള്ളം തളിച്ച് നോക്കുക. ഒടുവില്‍ വെള്ളത്തുള്ളികള്‍ ഗോളാകൃതി കൈവരിച്ച്, പാനിനു മുകളില്‍ നൃത്തം ചെയ്യുന്നത് പോലെ കാണാം. അപ്പോള്‍ വേണം എണ്ണ ഒഴിക്കാന്‍. എണ്ണ നന്നായി ചൂടായ ശേഷം, പാചകം ചെയ്യാനുള്ള സാധനങ്ങള്‍ ഓരോന്നായി ഇടാം. ഇങ്ങനെ ചെയ്താല്‍ പാലുല്‍പ്പന്നങ്ങളും മാംസവിഭവങ്ങളുമെല്ലാം സ്റ്റീല്‍ പാത്രത്തില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനാവും എന്ന് വിഡിയോയില്‍ പറയുന്നു.
നിരവധി ആളുകള്‍ ഈ വിഡിയോയ്ക്ക് കീഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ആളുകള്‍ ഈ ടെക്നിക്കിനെ അഭിനന്ദിച്ചപ്പോള്‍, നോണ്‍ സ്റ്റിക്ക് പാന്‍ പോലെ പ്രവര്‍ത്തിക്കാന്‍ ഒരിക്കലും സ്റ്റീല്‍ പാത്രത്തിന് കഴിയില്ലെന്ന് കുറച്ചുപേര്‍ പറഞ്ഞു. ചൂടുള്ള പാനിലേക്ക് എണ്ണ ഒഴിച്ചപ്പോള്‍ തീ ആളിപ്പടര്‍ന്ന അനുഭവവും ഒരാള്‍ പങ്കുവച്ചിട്ടുണ്ട്.