ADVERTISEMENT

തെന്നിന്ത്യയുടെ ഉലകനായകൻ കമൽഹാസന്റെ അറുപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ അറിയിച്ചുള്ള ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ‘‘കമൽ സാറിനു ഭക്ഷണം ഉണ്ടാക്കാനായി ചെന്നൈയിലേക്കു വരുമോ?’’ എന്ന ചോദ്യത്തിനു പിന്നാലെ ചെന്നൈയിലെത്തി ആ ഇതിഹാസത്തിനായി ഭക്ഷണം ഉണ്ടാക്കിയതും തന്റെ കുട്ടിക്കാല സിനിമാ ഓർമകളും ചേർത്ത് ഒരു ചെറുകുറിപ്പെഴുതിയാണ് പ്രശസ്ത പാചക വിദഗ്‌ധൻ ഷെഫ് സുരേഷ് പിള്ള സൂപ്പർതാരത്തിനു പിറന്നാൾ ആശംസ നേർന്നത്.

താൻ ഏറെ ആരാധിച്ചിരുന്ന താരത്തിനു ഭക്ഷണം തയാറാക്കി കൊടുക്കാൻ ലഭിച്ച അവസരത്തെ വലിയ അനുഗ്രഹമായി കാണുന്ന ഷെഫ് പിള്ള തന്റെ ചെറുപ്പത്തിലെ സിനിമാനുഭവങ്ങൾ കൂടി ആ കുറിപ്പിൽ ചേർത്തിട്ടുണ്ട്. സിനിമകൾ ഏറെ ഇഷ്ടമായിരുന്നുവെങ്കിലും തിയറ്ററിൽ പോകുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. എങ്കിലും മോഹൻലാലിന്റെയും കമൽഹാസന്റെയും സിനിമകൾ തന്നെ തിയേറ്ററുകളിൽ എത്തിച്ചിരുന്നുവെന്നും സുരേഷ് പിള്ള എഴുതുന്നു.. അക്കാലത്ത് കൊല്ലം കുമാർ തിയറ്ററിൽ വെച്ച് തേവർമകൻ ആദ്യ ദിവസം ആദ്യ ഷോ കണ്ടു. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ടു അതിശയിച്ചു പോയി. പിന്നീട് കമൽ ഹാസനോടുള്ള ആരാധന വളർന്നു ബഹുമാനവും പ്രചോദനവുമായി മാറി. അങ്ങനെയിരിക്കെയാണ് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം ലഭിക്കുന്നത്. ആ ഇതിഹാസത്തിനു വേണ്ടി ഭക്ഷണം തയാറാക്കാൻ ചെന്നൈയിൽ നിന്നുമൊരു ക്ഷണം. പുതിയ റസ്റ്ററന്റ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ്, അതിന്റെ തിരക്കുകൾക്കിടയിലായിരുന്നു ആ വിളി വന്നത്. പക്ഷേ ആ അവസരം കളഞ്ഞു കുളിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ആരാധ്യപുരുഷനെ കാണാനായി ചെന്നൈയിലേക്ക് വണ്ടിയോടിച്ച് എത്തി.

സിനിമകളിലൂടെ മാത്രം കണ്ട ആ വ്യക്തിയെ കൺമുമ്പിൽ കാണുക എന്നത് ഏറെ ആനന്ദിപ്പിച്ചു. അദ്ദേഹത്തിന്റെ ഓഫീസിൽ ആറേഴു മണിക്കൂർ ചെലവഴിക്കാനും  ഇഷ്ടവിഭവങ്ങൾ തയാറാക്കി കൊടുക്കാനുള്ള ഭാഗ്യം ലഭിച്ചു. തന്റെ പ്രഫഷനൽ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു അതെന്നും ഷെഫ് പിള്ള എഴുതിന്നു. വിക്രം സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ സമയമായിരുന്നു അത്. കുറച്ചു മാസങ്ങൾക്കു ശേഷം  പ്രിയ നായകന്റെ ഗംഭീരമായ തിരിച്ചുവരവ് കണ്ടപ്പോൾ താൻ വീണ്ടും ആ പഴയ കുട്ടിയായിയെന്നും ഗൗതം വാസുദേവ മേനോൻ പറഞ്ഞതുപോലെ കമൽ ഹാസനാണ് ഇന്ത്യയുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നും ഇന്ത്യൻ സിനിമയുടെ പതാക വഹിക്കുന്നതിന് ഏറ്റവും അനുയോജ്യനെന്നും തങ്ങൾ ഏറെ ഭാഗ്യവാന്മാരാണെന്നും ഷെഫ് പിള്ള കൂട്ടിച്ചേർത്തിട്ടുണ്ട്. ‘അടുത്തുതന്നെ താങ്കളെ വീണ്ടും കാണാൻ ഇടവരുത്തട്ടെ, സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ ഉലകനായകൻ’ എന്നാണ് ഷെഫിന്റെ  കുറിപ്പ് അവസാനിക്കുന്നത്. കമൽഹാസനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പിള്ള പങ്കുവച്ചിട്ടുണ്ട്. അതിലൊന്നിൽ മലയാളികളുടെ പ്രിയതാരമായിരുന്ന ലിസിയുമുണ്ട്.

English Summary:

Food News, Birthday wishes to Kamal Haasan by cehf pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com