ADVERTISEMENT

നിയമസഭാ പുസ്തകമേളയും കേരളീയത്തിന്റെ വേദികളും മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളിലെ ദീപാലങ്കാരങ്ങളും ആസ്വദിക്കുന്നതിനിടെ സമയം പോയതറിഞ്ഞില്ല. നിശാഗന്ധി വേദിക്കു പിന്നിലെ കുടുംബശ്രീ ഭക്ഷ്യമേളയിലേക്കു വച്ചുപിടിച്ചു. കേരളീയം കാണാനെത്തിയ ഭൂരിഭാഗം ആളുകളും അങ്ങോട്ടേക്കാണ്. ഫുഡ് കോർട്ടിൽ കാലുകുത്താൻ ഇടമില്ല. രാത്രി 10.30 നും കുഞ്ഞുങ്ങൾ മുതൽ അമ്മൂമ്മമാർ വരെ ഹാജർ! കേരളത്തിൽ ഇത്രയും ഭക്ഷണപ്രിയരോ?

അദ്ഭുതപ്പെട്ട് നിൽക്കാൻ സമയമില്ല. തേടിയിറങ്ങിയ ആളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ജില്ല തിരിച്ചാണ് ഭക്ഷണം. അതതു ജില്ലയിലെ സ്പെഷൽ വിഭവങ്ങൾ. ഇതിനിടയിൽ

കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ 10 എണ്ണത്തെ ബ്രാൻഡ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. കേരളീയം തുടങ്ങിയതു മുതൽ ഇൻസ്റ്റഗ്രാമിൽ ‘കറങ്ങിനടന്നയാളെ’ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഏറ്റവും കൂടുതൽ ആളുകൾ പൊതിഞ്ഞുനിൽക്കുന്ന സ്റ്റാളിലേക്ക് നീങ്ങി. കക്ഷി അവിടെയുണ്ട്. അട്ടപ്പാടിയിലെ വനസുന്ദരി! അട്ടപ്പാടിയിലെ ട്രൈബൽ ഗ്രൂപ്പ്‌ തയാറാക്കുന്ന സ്പെഷൽ ചിക്കൻ ഐറ്റം. കൂപ്പൺ എടുത്ത് അരമണിക്കൂറോളം നിന്നാണ് വനസുന്ദരി ചിക്കൻ കിട്ടിയത്. രണ്ടു ദോശയും ചമ്മന്തിയും സാലഡും ഒപ്പമുണ്ട്. ഒരു പ്ലേറ്റ് 180 രൂപ (ഇപ്പോൾ 200 ആയിട്ടുണ്ട്)

Keraleeyam will have 11 food melas and about 2000 dishes on display from Nov 1 to 7. Photo: Keraleeyam website
Keraleeyam will have 11 food melas and about 2000 dishes on display from Nov 1 to 7. Photo: Keraleeyam website

വനസുന്ദരിക്കു പുറമെ അട്ടപ്പാടിയിലെ മുളയരി പായസം, സോലെ മിലൻ, ഊര് കാപ്പി എന്നിവയും ഉണ്ട്. സോലെ മിലനും ചിക്കൻ വിഭവമാണ്. അട്ടപ്പാടിയുടെ തനത് രുചിക്കൂട്ടുകളുമായാണ് ഇവ തയാറാക്കുന്നത്.

വനസുന്ദരി ഉണ്ടാക്കുന്നത് ഇങ്ങനെ

മസാലക്കൂട്ട്

പുതിന, മല്ലിയില, പാലക്കയില, പച്ചക്കുരുമുളക്, കാന്താരി, കോഴിജീരകയില എന്നിവ ഒരുമിച്ച് മിക്സിയിൽ ഇട്ട് പേസ്റ്റാക്കി എടുക്കണം. അരച്ചെടുത്ത മിശ്രിതത്തിലേക്ക് കുറച്ച് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മൂന്നുമണിക്കൂറോളം അടച്ചുവയ്ക്കുക. എല്ലാം ഒന്ന് സെറ്റാവണം.

ചിക്കൻ തയാറാക്കേണ്ടത്

ചിക്കൻ വേവിക്കാൻ വേണ്ട വെള്ളം അടുപ്പിൽ വച്ച് അതിലേക്ക് ഇഞ്ചി– വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടിയും ചേർക്കുക. വെള്ളം തിളച്ചശേഷം ചിക്കൻ ഇടാം. വലിയ കഷണങ്ങൾ ആണെങ്കിൽ ഇടയ്ക്ക് വരഞ്ഞുകൊടുക്കണം. ഇറച്ചി വെന്താൽ കോരിയെടുത്ത് മസാലക്കൂട്ടിലേക്ക് ഇടണം. പിന്നീട് ദോശക്കല്ലിലേക്ക് ചിക്കൻ കഷണങ്ങൾ ഓരോന്നായിട്ട് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി! ദോശക്കല്ലിലിട്ട് കൊത്തിയെടുക്കുമ്പോൾ കുറച്ച് മസാലയും കുരുമുളകു സോസും കൂടി ചേർക്കണം

Image Credit: https: keraleeyam.kerala.gov.in/official site
Image Credit: https: keraleeyam.kerala.gov.in/official site

സോലെ മിലൻ

തേങ്ങ, പച്ചക്കുരുമുളക്, പച്ചക്കാന്താരി, ഉണക്കക്കുരുമുളക്, അയമോദകം, കോഴിജീരകം, പെരുംജീരകം, കിഴങ്ങ്, കറിവേപ്പില തുടങ്ങിയവ അരച്ച് പേസ്റ്റ് ആക്കണം. ഇതിലേക്ക് ചില രഹസ്യക്കൂട്ടുകളും ചേർക്കുന്നു. ചിക്കനിൽ മിശ്രിതം തേച്ചുപിടിപ്പിച്ച് അരമണിക്കൂറോളം വയ്ക്കണം. ശേഷം ദോശക്കല്ലിൽ വച്ച് വേവിച്ചു എടുക്കുന്നു. പിന്നീട് ഇതിനെ ചെറിയ കഷണങ്ങളാക്കി കൂവയിലയിൽ പൊതിഞ്ഞ് മുളയ്ക്കകത്ത് വച്ചു ആവി കയറ്റുന്നു. 

പാലക്കാട്ടെ രാമശ്ശേലി ഇഡ്ഡലി, എള്ളും കോഴി, തേങ്ങാച്ചോറും പള്ളിക്കറിയും, തൃശൂരിലെ പഞ്ചരത്ന പായസം, ഉണ്ണിപ്പിണ്ടി കരിക്ക് പായസം എറണാകുളത്തെ പാൽകപ്പ–ചിക്കൻകറി, കടമ്പും കോഴിയും, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ സുക്ക, പത്തനംതിട്ടയിലെ സ്പെഷൽ ജ്യൂസ്, തലശ്ശേരി ബിരിയാണി അങ്ങനെ 2000ത്തോളം വിഭവങ്ങളാണ് വിവിധയിടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും ഹയ്‌ലി ഡിമാൻഡഡ് ഐറ്റം വനസുന്ദരി തന്നെ!  

English Summary:

Food News, Vanasundari chicken from Attappady has won over foodies at Keraleeyam's food fest stall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com