ADVERTISEMENT

ഭക്ഷണം പാകം ചെയ്യുന്ന അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിനായി വിപണിയിൽ ലഭ്യമാകുന്ന പല ലോഷനുകൾ നാം പരീക്ഷിക്കാറുണ്ട്. ചിലതു ഏറെ വീര്യമേറിയതാകാനുമിടയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു കിച്ചൻ ക്ലീനിങ് സ്പ്രേ പരിചയപ്പെടാം. ഒട്ടും തന്നെയും പണം ചെലവഴിക്കാതെ, എന്നാൽ മറ്റുള്ള സ്പ്രേകൾ അവകാശപ്പെടുന്നതിലുമധികം ഗുണകരമാണ് നാരങ്ങയുടെ തൊലി ഉപയോഗിച്ച് തയാറാക്കുന്ന ഈ ക്ലീനിങ് സ്പ്രേ. ഒരു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനകം തന്നെ 15 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. അടുക്കളയിലെ ഷെൽഫുകൾ, ഓവൻ അടക്കമുള്ള ഉപകരണങ്ങൾ, അടുക്കളയിലെ കട്ടിയുള്ള കറകൾ എന്നിവയെല്ലാം ഈ സ്പ്രേ ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്. 

എങ്ങനെയാണു വീട്ടിൽ തന്നെ ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് സ്പ്രേ തയ്യാറാക്കുന്നതെന്ന് നോക്കാം. ജ്യൂസ് തയാറാക്കിയതിനു ശേഷം ബാക്കിയാകുന്ന തൊലി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഒരു കുപ്പിയിലേക്ക് ഈ അരിഞ്ഞ ചെറുനാരങ്ങയുടെ തൊലികൾ മാറ്റാവുന്നതാണ്. ഇനി അര കപ്പ് വിനാഗിരിയും ഒരു ടീസ്പൂൺ ഉപ്പും കൂടെ കുറച്ച് തുള്ളി ഡിഷ് വാഷ് ലിക്വിഡും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി കുപ്പിയിലേക്ക് വെള്ളം കൂടി ഒഴിച്ച് കൊടുത്തു നന്നായി കുലുക്കാം. ഇങ്ങനെ വെള്ളം ചേർക്കുന്നത് വഴി വിനാഗിരിയെ നേർപ്പിക്കാൻ സാധിക്കും. ഹോം മെയ്ഡ് ക്ലീനിങ് സ്പ്രേ തയാറായി കഴിഞ്ഞു. 

യാതൊരു തരത്തിലുള്ള ദൂഷ്യഫലങ്ങളുമില്ല, മാത്രമല്ല ഇതുണ്ടാക്കുന്നതിനായി അധികം പണം ചെലവഴിക്കേണ്ടതായും വരുന്നില്ല. രാസവസ്തുക്കൾ  ഒന്നും തന്നെയും ഇതിനൊപ്പം ചേരുന്നില്ല എന്ന ഗുണം കൂടിയുണ്ട്. അടുക്കളയിലെ കൗണ്ടർ ടോപ്പുകൾ, സിങ്കുകൾ, സ്റ്റൗവിന്റെ മുകൾ ഭാഗം, അടുക്കളയിലെ മറ്റു പ്രതലങ്ങൾ, ഉപകരണങ്ങൾ എന്നിവിടങ്ങളിലെ എണ്ണമെഴുക്കുകൾ അകറ്റാൻ ഈ സ്പ്രേ മതിയാകും. മാത്രമല്ല, കഠിനമായ കറകൾ മാറ്റി തിളക്കം നൽകാനും അടുക്കളയ്ക്ക് നാരങ്ങയുടെ ഗന്ധം നൽകാനും ഇതിനു കഴിയും. ക്ലീനിങ് സ്പ്രേ ഉപയോഗിച്ചതിന് ശേഷം ഒരു തുണി ഉപയോഗിച്ച് ഈ പ്രതലങ്ങൾ തുടച്ചെടുക്കാനും മറക്കരുത്.

English Summary:

Food News, Homemade Kitchen cleaner spray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com