ചെറുനാരങ്ങ എത്ര ദിവസം വേണേലും ഫ്രഷായി വയ്ക്കാം; ഇങ്ങനെ ചെയ്യാം

Mail This Article
ചെറുനാരങ്ങ കൊണ്ട് തയാറാക്കുന്ന ജ്യൂസിനു എക്കാലത്തും ആരാധകർ ഏറെയുണ്ട്. അതിരാവിലെ എഴുന്നേൽക്കുമ്പോൾ, വെറും വയറ്റിൽ ശരീരഭാരം കുറയ്ക്കുന്നതിനായി നാരങ്ങാവെള്ളം കുടിക്കുന്നവർ നിരവധിയാണ്. വേനൽകാലങ്ങളിൽ ലഭ്യത കുറയുകയും വിലയേറെ വർധിക്കുകയും ചെയ്യുമെങ്കിലും വർഷത്തിലെ ബാക്കിയുള്ള സമയങ്ങളിൽ അധിക വില നൽകാതെ തന്നെ ചെറുനാരങ്ങ (Lemon) വാങ്ങുവാൻ കഴിയും. കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോൾ കൂടുതൽ വാങ്ങി വയ്ക്കുന്നവരുണ്ട്. എന്നാൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്‌നം ദിവസങ്ങൾ കഴിയുമ്പോൾ ഈ ചെറുനാരങ്ങകൾ ഉണങ്ങിയും ചീഞ്ഞുമൊക്കെ പോകും.
ഫ്രിജിൽ സൂക്ഷിച്ചാൽ പോലും നാരങ്ങയുടെ ഫ്രഷ്‌നെസ് നഷ്ടപ്പെടും. സ്വാഭാവിക ഗന്ധമില്ലാതാകുകയും തൊലി തവിട്ടു നിറത്തിലേക്ക് മാറുകയും ചെയ്യും. എന്നാൽ ചെറുനാരങ്ങ കേടാകാതെ ഒരു മാസം വരെ സൂക്ഷിക്കാനുള്ള ഒരു വിദ്യ പറഞ്ഞു തരികയാണ് ഹെൽത്ത് കോച്ച് ഗുണ എന്ന ഇൻസ്റ്റഗ്രാം പേജ്. ഫ്രഷ്‌നെസ് നഷ്ടപ്പെടാതെ നാരങ്ങകൾ ഫ്രിജിൽ കുറെയേറെ ദിവസങ്ങൾ വയ്ക്കാൻ കഴിയുമെന്നാണ് അവകാശവാദം. എന്തായാലും സമൂഹ മാധ്യമങ്ങൾ ഈ വിഡിയോയും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന ചെറുനാരങ്ങ വീട്ടിലെത്തിയാലുടൻ തന്നെ ഫ്രിജിലേക്കു മാറ്റും. ഈ നാരങ്ങകൾ വളരെ പെട്ടെന്ന് നിറം മാറുമെന്ന് മാത്രമല്ല, രുചിയിൽ വ്യത്യാസം വരും ഉണങ്ങി പോകുകയും ചെയ്യും. എന്നാൽ ചെറുനാരങ്ങകൾ ഒരു കണ്ടെയ്നറിനുള്ളിലേയ്ക്ക് മാറ്റിയതിനു ശേഷം അവ മുങ്ങി കിടക്കുന്നതു പോലെ വെള്ളമൊഴിച്ച് നല്ലതു പോലെ അടച്ചു ഫ്രിജിൽ വയ്ക്കാം. ഒരു മാസം വരെ യാതൊരും കേടും കൂടാതെ, ഫ്രഷായി തന്നെ ചെറുനാരങ്ങകൾ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയും.
വിഡിയോ കണ്ടവരെല്ലാം തന്നെ ഈ വിദ്യ ഏറെ ഉപകാരപ്രദമാണെന്നും ചെയ്തു നോക്കുമെന്നുമാണ് കമെന്റായി കുറിച്ചിരിക്കുന്നത്. പാതി മുറിച്ചതിനു ശേഷം ബാക്കിയാകുന്ന ചെറുനാരങ്ങ കേടുകൂടാതെയിരിക്കാനായി വായ്ഭാഗം ഒരു പ്ലാസ്റ്റിക് പേപ്പർ എടുത്ത് നല്ലതുപോലെ ചുറ്റിയതിനു ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലോ സിപ്-ലോക്ക് കവറിലോ ആക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. മൂന്നു മുതൽ നാല് ദിവസം വരെ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
വീട്ടിലെ ഭക്ഷ്യസുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വിഡിയോ