ADVERTISEMENT

അടുക്കളയില്‍ വളരെയേറെ സൗകര്യപ്രദമായ ഒരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കര്‍. പെട്ടെന്നുള്ള പാചകത്തിനും ഗ്യാസ് ലാഭിക്കാനുമെല്ലാം ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, സ്ഥിരമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ അറിയാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഗ്യാസിനേക്കാൾ സുരക്ഷിതം

ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ കുക്കറുകള്‍. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട. പുകയില്ലാത്തതിനാല്‍ ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നില്ല. പാത്രം കയറ്റി വയ്ക്കുമ്പോള്‍ മാത്രമേ ഓണ്‍ ആകൂ എന്നുള്ളതും ഒരു മേന്മയാണ്. മാത്രമല്ല, സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതിനാല്‍ പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .

വിലയും ചിലവും പൊതുവേ കുറവ്

ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ. ഗ്ലാസ്ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭിക്കും. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും. 

വൃത്തിയാക്കാൻ എളുപ്പം

ഗ്യാസിനേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു പാചകം ചെയ്യാം

ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. വൈദ്യുതി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇത് അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

പാചകം ചെയ്യാനായി പാത്രം തിരഞ്ഞെടുക്കുമ്പോള്‍, കുക്കറിന്‍റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തേക്കാള്‍ കൂടിയ വട്ടമുള്ള പാത്രം ഉപയോഗിക്കുക. ഇന്‍ഡക്ഷന്‍ ബേസ് ഉള്ള പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രമേ പാത്രം മാറ്റാവൂ.

English Summary:

Things you Need to Know About Induction Cooker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com