ഫ്രീസറിലിരുന്ന് കട്ടിയായ ഇറച്ചി ഇനി പെട്ടെന്ന് ഇളക്കി എടുക്കാം; ഈ ട്രിക്ക് മതി
Mail This Article
സാധാരണയായി ഇറച്ചിയോ മീനോ പോലുള്ളവ വൃത്തിയാക്കിയതിനു ശേഷം കണ്ടെയ്നറുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. കേടുകൂടാതെയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഐസ് പിടിച്ചിരിക്കുന്ന ഈ മാംസം ഏറെനേരം പുറത്തു വച്ചാൽ മാത്രമേ യഥാർഥ രൂപത്തിലേക്ക് തിരികെ എത്തുകയുള്ളൂ. അധികസമയം കാത്തിരിക്കാനില്ല, പെട്ടെന്ന് തന്നെ കറി തയാറാക്കണമെന്നാണെങ്കിലോ ആകെ വിഷമവൃത്തത്തിലാകുകയും ചെയ്യും. എന്നാൽ ഇനി നിമിഷങ്ങൾ മാത്രം കാത്തിരുന്നാൽ മതി ഐസ് പിടിച്ചിരിക്കുന്ന ഇറച്ചി വളരെ പെട്ടെന്ന് തന്നെ വേർപ്പെടുത്തിയെടുക്കാൻ സാധിക്കും. എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ഈ ടിപ് പങ്കുവച്ചിരിക്കുന്നത് കുക്കിങ് വിത്ത് മെഹറു എന്ന ഇൻസ്റ്റഗ്രാം പേജിലാണ്.
ഫ്രീസറിൽ നിന്നും പുറത്തെടുക്കുന്ന നല്ലതുപോലെ ഐസ് പിടിച്ചിരിക്കുന്ന മാംസം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കുറച്ച് ഉപ്പു പൊടി ആ പാത്രത്തിലേക്ക് ഇട്ടതിനു ശേഷം ഇറച്ചിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കാം. ഇനി ചെറുതായി ചൂടാക്കിയ വെള്ളം ഇറച്ചിയുടെ മുകളിലേയ്ക്കു ഒഴിച്ചുകൊടുക്കാവുന്നതാണ്. വെള്ളത്തിന്റെ ചൂട് കൂടിപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇറച്ചി കഷ്ണങ്ങൾ ഇനി വേർപ്പെടുത്തി നോക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ വിട്ടുകിട്ടുന്നതായി കാണാം. പതിനഞ്ചു മിനിറ്റ് കൊണ്ടുതന്നെ ഐസ് പിടിച്ചിരിക്കുന്ന ഇറച്ചി യഥാർഥ രൂപത്തിലായി കിട്ടും. ഇനി ഉപ്പ് നന്നായി കഴുകി കളഞ്ഞതിനു ശേഷം പാചകം ചെയ്തെടുക്കാവുന്നതാണ്.
ഫ്രീസറിൽ വച്ച ഇറച്ചി പുറത്തെടുത്തു വച്ച് മണിക്കൂറുകൾ കാത്തിരിക്കണമെന്ന പരാതി ഇനി വേണ്ട. വെറും പതിനഞ്ചു മിനിട്ട് കൊണ്ടുതന്നെ ഇറച്ചി പഴയ രൂപത്തിലെത്തും. വളരെയധികം ഉപകാരപ്രദമാണെന്നാണ് ഈ ടിപ് എന്നാണ് കൂടുതൽ പേരുംവിഡിയോയുടെ താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്.