ADVERTISEMENT

ആപ്പിളുകൾ പൊതുവെ കാണപ്പെടുന്നത് ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ്. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായത് നീല നിറത്തിലുള്ള ആപ്പിളുകൾ ആയിരുന്നു. ആ നിറത്തിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന അന്വേഷണമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് നിറഞ്ഞു നിന്നത്. നീല നിറത്തിലുള്ള ആപ്പിൾ ഉണ്ടെന്നു ചിലർ വാദിച്ചപ്പോൾ ഇതെവിടെയാണ് വളരുന്നതെന്നും എന്ത് കൊണ്ടാണ് ഇതിന്റെ നിറം നീലയായതുമെന്നുമാണ് ഏറെ പേർക്കും അറിയേണ്ടിയിരുന്നത്. 

സോഷ്യൽ മീഡിയയിലെ വാദങ്ങളിലൊന്ന് ഇപ്രകാരമാണ്. നീല നിറത്തിലുള്ള ആപ്പിളുകൾ യഥാർഥത്തിൽ ഉണ്ട്. ആന്തോസയാനിൻ എന്ന ഘടകമാണ് ഈ ആപ്പിളിന് നീല നിറം നൽകുന്നത്. ആപ്പിളിൽ മാത്രമല്ല പർപ്പിൾ നിറത്തിലുള്ള ക്യാബേജ്, ഉരുളക്കിഴങ്ങ് എന്നിവയിലും ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ ലയിക്കുന്ന ആന്തോസയാനിൻ ചുറ്റുപാടിലെ പി എച്ച് ലെവലിനനുസരിച്ച് നിറം മാറുന്നു. ആപ്പിൾ പാകമാകുമ്പോൾ സ്വാഭാവികമായും മധുരം വർധിക്കുന്നു. ആ പഴത്തിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവും കൂടും ഫലമോ ആന്തോസയാനിൻ നീലയ്ക്ക് സമാനമായ നിറം നൽകുന്നു. 

എന്നാൽ നീല നിറമെന്നത് മനുഷ്യ നിർമിതമാണെന്നും ആ നിറത്തിൽ പ്രകൃതിയിൽ കാണുന്നവയെല്ലാം അങ്ങനെ കാണുന്നതിന് പുറകിലെ കാരണങ്ങൾ വേറെന്തെങ്കിലുമാകാമെന്നും ഉദാഹരണത്തിന് ആ വസ്തുവിൽ വീഴുന്ന പ്രകാശം എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് ഒരാൾ തന്റെ അഭിപ്രായമായി കുറിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ആപ്പിളുകൾ ജപ്പാനിലാണ് കൃഷി ചെയ്യുന്നതെന്നതടക്കമുള്ള പ്രചാരണങ്ങളും സോഷ്യൽ ലോകത്തു കാണാവുന്നതാണ്. 

നീല നിറത്തിൽ എവിടെയും ആപ്പിളുകൾ ലഭ്യമല്ല എന്നും അവ മനുഷ്യന്റെ ജനിതക ഘടനയിൽ വരെ മാറ്റം വരുത്തിയേക്കാമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനയിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞർ നീല നിറത്തിലുള്ള ആപ്പിളുകൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ചുവപ്പും മഞ്ഞയും പച്ചയുമല്ലാതെ നേരിയ കറുപ്പ് നിറത്തിലുള്ള ആപ്പിളുകൾ വിപണിയിൽ.ലഭ്യമാണ്. ബ്ലാക്ക് ഡയമണ്ട് ആപ്പിൾ എന്നാണ് ഇതിനു പേര്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഈ ആപ്പിളിന് മധുരമേറെ കൂടുതലാണ്. ടിബറ്റൻ കുന്നുകളിലാണിത് കൃഷി ചെയ്യുന്നതെന്ന് പറയപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com