ADVERTISEMENT

ദിവസത്തിൽ ഒരു ചായ എങ്കിലും കുടിക്കാത്തവർ കുറവായിരിക്കും. നമ്മുടെ ദിനചര്യയുടെ ഭാഗമാണ് ചായ എന്നുപറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ല. എന്നാൽ അമിതമായ അളവിൽ ചായ കുടിക്കുന്നത്  അനാരോഗ്യകരമായ ഒരു ശീലം തന്നെയാണെന്നാണ് ഭൂരിപക്ഷം പഠനങ്ങളും പറയുന്നത്. ഇവിടെയാണ് ഗ്രീൻ ടീയുടെ കടന്നുവരവ്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരെല്ലാം തന്നെ ഗ്രീൻ ടീയിലേക്കു മാറുകയും ചെയ്തു. ഉന്മേഷം പ്രദാനം ചെയ്യും എന്ന കാര്യത്തിൽ ഏറെ മുന്നിലായ ഗ്രീൻ ടീ പലതരത്തിൽ തയാറാക്കാവുന്നതാണ്. ഇലകൾ ഉപയോഗിച്ചും ടീ ബാഗ് കൊണ്ടും തുടങ്ങി നിരവധി രീതിയിൽ. എന്നാൽ ശരിയായ രീതിയിൽ തയാറാക്കി കുടിച്ചാൽ മാത്രമേ ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. ശരീര ഭാരം കുറയ്ക്കുന്നതിനും ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നതിനും മാത്രമല്ല, പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഗ്രീൻ ടീ സഹായിക്കും. ഡയറ്റീഷ്യൻ ശിഖ കുമാരി പറയുന്നത് ഗ്രീൻ ടീയുടെ കാര്യത്തിൽ ചിലരെങ്കിലും ചില തെറ്റുകൾ ആവർത്തിക്കുന്നുണ്ട് എന്നാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വളരെ വ്യക്തമായി തന്നെ ആ തെറ്റുകൾ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. 

green-tea
Image Credit: Studio ART/shutterstock

വെറും വയറ്റിൽ ഗ്രീൻ ടീ വേണ്ടേ വേണ്ട 
ഭൂരിപക്ഷം പേരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ചായയോടെ ആയിരിക്കും. ആ ചായയ്ക്ക് പകരമായി ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യകരമാണെന്ന ചിന്തയിൽ വെറും വയറ്റിലിതു കുടിക്കുന്നവരുണ്ട്. എന്നാൽ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിസ്‌, വയറിൽ അസിഡിറ്റി സൃഷ്ടിക്കും. ദഹന സംബന്ധമായ പ്രശ്‍നങ്ങൾ ഒഴിവാക്കുന്നതിനായി എല്ലായ്‌പ്പോഴും എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രം ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം. 

അധികമായാൽ പ്രശ്‌നമാണേ...
ആരോഗ്യത്തിനു ഏറെ ഗുണകരമാണെന്ന ചിന്തയിൽ കൂടിയ അളവിൽ ഗ്രീൻ ടീ അകത്താക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഉറക്കമില്ലായ്മ, അനാവശ്യമായ ഉത്കണ്ഠ, ദഹന പ്രശ്‍നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ദിവസവും രണ്ടോ മൂന്നോ കപ്പിൽ കൂടുതൽ കഴിക്കരുതെന്നാണ് ഡയറ്റീഷ്യന്റെ അഭിപ്രായം.

ഉറക്കത്തിനു മുൻപ് വേണ്ട 
ഗ്രീൻ ടീ ആരോഗ്യകരമെങ്കിലും കഫീൻ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ഉറക്കത്തിനു തടയിടാനുള്ള സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണമെന്നു ചുരുക്കം. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂറുകൾക്കു മുൻപ് മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണത്തിനു ശേഷം ഉടനടി കുടിക്കരുത്
ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കുടിക്കുന്നത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും, ഇത് കാലക്രമേണ വിളർച്ചയ്ക്ക് കാരണമാകും. ഡയറ്റീഷ്യന്റെ അഭിപ്രായത്തിൽ ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം ഗ്രീൻ ടീ കുടിച്ചാൽ മതിയാകും. 

വെള്ളത്തിനൊപ്പമിട്ടു തിളപ്പിക്കണ്ട 
സാധാരണയായി ചായ തയാറാക്കുമ്പോൾ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ അല്ലെങ്കിൽ തീ അണച്ചതിനു ശേഷം തിളച്ച വെള്ളത്തിലേക്ക് ഉടനടിയോ തേയിലയിടുന്ന പതിവുണ്ട്. ഗ്രീൻ ടീയിലെ ശരീരത്തിനു ഗുണകരമായ ഘടകങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ചെറിയ ചവർപ്പിനും സാധ്യതയുണ്ട്. തിളച്ച വെള്ളത്തിന്റെ തീ അണച്ച് താപനില 80 - 85 ഡിഗ്രിയിൽ എത്തിയതിനു ശേഷം മാത്രം തേയിലയിടാൻ ശ്രദ്ധിക്കുക. 

ചില മരുന്നുകൾക്ക് ഒപ്പം വേണ്ട 
രക്ത സമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകൾ, ആന്റീഡിപ്രസന്റുകൾ, ബ്ലഡ് തിന്നറുകൾ എന്നിവയുമായി പ്രതിപ്രവർത്തിക്കാൻ സാധ്യതയുള്ളത് കൊണ്ടുതന്നെ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഗ്രീൻ ടീ ഉപയോഗിച്ചാൽ മതിയാകും.

ടീ ബാഗ് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി 
ചിലരെങ്കിലും ഒരു തവണ ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നവരാണ്. വീണ്ടും ഉപയോഗിക്കുമ്പോൾ ചായയുടെ യഥാർഥ  ഗന്ധവും ഫ്രഷ്നെസും നഷ്ടപ്പെടും. ഗ്രീൻ ടീയുടെ പോഷക ഗുണങ്ങൾ ഇല്ലാതെയാകാനുമിടയുണ്ട്. ഒരു തവണ മാത്രം ടീ ബാഗുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. 

ഗ്രീൻ ടീ തയാറാക്കാം 
ഒരു സോസ് പാനിൽ രണ്ടു കപ്പ് വെള്ളമെടുത്ത് നല്ലതുപോലെ തിളപ്പിക്കാം. തിളച്ചതിനു ശേഷം തീ അണച്ച് കുറച്ചു സമയം കഴിയുമ്പോൾ രണ്ടു ടീസ്പൂൺ തേയില ചേർത്ത് ഇളക്കാം. കുറച്ചു സമയം വച്ചതിനു ശേഷം തേയില അരിച്ചു മാറ്റി കപ്പിലേയ്ക്ക് പകർന്നു ഉപയോഗിക്കാവുന്നതാണ്.

English Summary:

Green Tea Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com