ADVERTISEMENT

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് വാഴപ്പഴത്തിൽ. ഏത്തവാഴയും ഞാലിപ്പൂവനും പാളയംകോടനും കദളിയുമടക്കം വിവിധയിനങ്ങളിൽ ഉൾപ്പെട്ട നിരവധി പഴങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. മറ്റുള്ളവയെ  അപേക്ഷിച്ചു വിലകുറവാണെന്നതു വാഴപ്പഴങ്ങളെ ജനപ്രിയമാക്കുന്ന ഘടകമാണ്. ദിവസവും ഒരു പഴമെങ്കിലും കഴിക്കാത്ത മലയാളികൾ കുറവാണെന്നു തന്നെ പറയാം. എന്നാൽ ഇതിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അതെന്തെന്നു നോക്കാം. 

പാലും പഴവും ഒരുമിച്ചു വേണ്ട  

വാഴപ്പഴത്തിൽ പ്രോട്ടീൻ, ഫൈബർ, ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ബി തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നു. പോഷക സമൃദ്ധമായ വാഴപ്പഴത്തിനൊപ്പം പാലും പാലുത്പന്നങ്ങളും കഴിക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവ് ഇരട്ടിക്കുന്നു. ഫലമോ ദഹന പ്രക്രിയ സാവധാനത്തിലാകുന്നു. ഗ്യാസ്ട്രബിൾ, ഉദരസംബന്ധമായ മറ്റു അസ്വസ്ഥതകൾ എന്നിവയുമുണ്ടാകുന്നു.   

പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം

പ്രോട്ടീൻ കൂടുതലളവിൽ അടങ്ങിയിട്ടുള്ള മൽസ്യ മാംസാദികൾക്കൊപ്പം വാഴപഴങ്ങൾ കഴിക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ഇത്തരത്തിലൊരു ഭക്ഷണരീതി ദഹനത്തെ സാരമായി തന്നെ ബാധിക്കുന്നു. വളരെ പെട്ടെന്ന് ദഹിക്കുന്നവയാണ്  പഴങ്ങൾ. അതിനൊപ്പം സാവധാനത്തിൽ ദഹിക്കുന്ന പ്രോട്ടീനിനാൽ സമ്പന്നമായ മത്സ്യമാംസാദികൾ ചേരുമ്പോൾ ദഹനപ്രക്രിയ സുഗമമാകില്ല. പുളിച്ചു തികട്ടൽ, ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്‍നങ്ങളുണ്ടാകുകയും ചെയ്യുന്നു.

പ്രോസെസ്സഡ് കാർബോഹൈഡ്രേറ്റുകൾ  

പഞ്ചസാര അടങ്ങിയ ബേക്കറി പലഹാരങ്ങൾ പഴത്തിനൊപ്പം കഴിക്കുന്നത് ദോഷകരമാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് ഉയരാനും അതുപോലെ തന്നെ താഴാനുമിടയുണ്ട്. ഭക്ഷണം കഴിച്ച് അൽപസമയത്തിനകം തന്നെ വിശക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

വാഴപ്പഴങ്ങൾക്കൊപ്പം സിട്രസ് ഫ്രൂട്ടുകൾ വേണ്ട 

നാരങ്ങ, ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട്  എന്നിവ വാഴപഴങ്ങൾക്കൊപ്പം കഴിക്കരുത്. ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ, വയറിനു അസ്വസ്ഥതകൾ എന്നിവയുണ്ടാകാനിടയുണ്ട്. വാഴപ്പഴത്തിലും സിട്രസ് പഴങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡുകൾ ഒരുമിച്ചു വയറിനകത്തു ചെന്നാൽ പ്രതിപ്രവർത്തനമുണ്ടാകുമെന്നതു കൊണ്ടാണ് ഇവ ഒരുമിച്ചു കഴിക്കരുതെന്ന് പറയുന്നത്. 

മധുരപലഹാരങ്ങൾ ഒഴിവാക്കാം

മധുരപലഹാരങ്ങൾ, ഡെസ്സേർട്ടുകൾ എന്നിവ പഴത്തിനൊപ്പം ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. ശരീര ഭാരം കൂടാനും ശാരീരികാസ്വാസ്ഥ്യങ്ങൾക്കും സാധ്യതയുണ്ട്.

വാഴപ്പഴത്തിനൊപ്പം അവകാഡോ 

പൊട്ടാസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് വാഴപ്പഴത്തിലും അവകാഡോയിലും. രണ്ടും ഒരുമിച്ചു കഴിക്കുന്ന പക്ഷം ഹൈപ്പർകലെമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വലിയ തോതിൽ വർധിക്കുന്ന പ്രവണതയാണിത്. ഈ രണ്ടു പഴങ്ങളും ഒരുമിച്ചു കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് ഗുണകരം.

English Summary:

5 Foods To Avoid Eating With Bananas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com