ഉരുളക്കിഴങ്ങുകൾ കഴുകാനായി ഉപയോഗിച്ച വിദ്യ കണ്ടാൽ ആരും നെറ്റിചുളിക്കും
Mail This Article
അടുക്കള ജോലികൾ എളുപ്പമാക്കാൻ പലതരത്തിലുള്ള ട്രിക്കുകൾ പ്രയോഗിക്കുന്നവരാണ് നമ്മിൽ പലരും. സമയം ലാഭിക്കാനും പണികളിലെ അമിതഭാരം ലഘൂകരിക്കാനുമാണ് പലരും എളുപ്പവഴികൾ തേടി പോകുന്നത്. എന്നാൽ എളുപ്പമെന്നു വിചാരിച്ചു ചിലർ ചെയ്യുന്ന വിദ്യകൾ ആദ്യകാഴ്ചയിൽ തന്നെ അർത്ഥശൂന്യമെന്നു തോന്നിപോകുക സ്വാഭാവികം. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലായിരിക്കുന്നത്. മൂന്നു ബാഗ് ഉരുളക്കിഴങ്ങുകൾ കഴുകാനായി ഉപയോഗിച്ച വിദ്യ കണ്ടാൽ ചിലർക്കെങ്കിലും ഇത്തരത്തിൽ ചെയ്യണമായിരുന്നോ എന്നുതോന്നുക സ്വാഭാവികം. സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.
വിഡിയോ ആരംഭിക്കുമ്പോൾ രണ്ടു സ്ത്രീകൾ ബാഗുകളിൽ നിറച്ച ഉരുളക്കിഴങ്ങുകൾ ഡിഷ്‌വാഷറിനുള്ളിൽ ഒന്നിന് പുറകെ ഒന്നായി വയ്ക്കുന്ന കാഴ്ച കാണാവുന്നതാണ്. ഡിഷ്‌വാഷറിന്റെ മുകളിലും താഴെയുമുള്ള റാക്കുകളിലാണ് ഉരുളക്കിഴങ്ങുകൾ നിരത്തി വയ്ക്കുന്നത്. കൈകൾ കൊണ്ട് കഴുകുന്നതിലും എളുപ്പത്തിൽ വൃത്തിയായി കിട്ടുമെന്നും ഇത്തരത്തിൽ ചെയ്യുന്നത് സമയം ലഭിക്കാൻ സഹായിക്കുമെന്നാണ് ഇരുവരുടെയും അഭിപ്രായം. ഡിറ്റർജന്റ് ഉപയോഗിക്കാതെയാണ് ഡിഷ്‌വാഷർ പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നത്. റിൻസ് മോഡിലിട്ടു നാല് മിനിറ്റ് നേരം പ്രവർത്തിപ്പിക്കുന്നതും ഉരുളക്കിഴങ്ങുകൾ അഴുക്കുകളെല്ലാം പോയി വൃത്തിയായതായും വിഡിയോയിൽ കാണിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടത് ഒരു മില്യണിലധികം പേരാണ്. കൂടുതൽ പേർക്കും ഈ ''പൊട്ടറ്റോ ഹാക്ക്'' അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടിട്ടില്ല. കുറച്ചു കടന്ന കൈയായി പോയെന്ന അഭിപ്രായമാണ് അവർ പങ്കുവച്ചിരിക്കുന്നത്. ബുദ്ധിശൂന്യമായ പ്രവർത്തിയെന്നും ധാരാളം വെള്ളം പാഴാക്കുന്നുവെന്നും ഇതിലും എളുപ്പത്തിൽ, സമയനഷ്ടമില്ലാതെ കൈകൊണ്ടു കഴുകിയെടുക്കാമെന്ന കമെന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്.