ADVERTISEMENT

പച്ചക്കറികള്‍ പാകം ചെയ്യാനായി ധാരാളം മാര്‍ഗങ്ങളുണ്ട്‌. എണ്ണയില്‍ വറുത്തും ആവിയില്‍ വേവിച്ചും പുഴുങ്ങിയും മൈക്രോവേവ് ചെയ്തുമെല്ലാം പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാറുണ്ട്. ഇതില്‍ ഏതു രീതിയാണ്‌ ആരോഗ്യകരം?

ഏതു രീതിയിലാണെങ്കിലും, പച്ചക്കറികള്‍ വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്. മിക്ക പച്ചക്കറികളും വേവിക്കുമ്പോള്‍ പോഷകമൂല്യം കുറയുന്നതായി കാണാറുണ്ട്‌. പച്ചക്കറികള്‍ വെള്ളത്തില്‍ പുഴുങ്ങി വേവിക്കുമ്പോള്‍, അവയിലെ പോഷകഘടകങ്ങള്‍ വെള്ളത്തിലലിഞ്ഞ് നഷ്ടപ്പെടുന്നു. എന്നാല്‍ ആവിയില്‍ വേവിച്ചെടുക്കുമ്പോള്‍ പോഷകമൂല്യം അത്രയും കുറയുന്നില്ല.

വെള്ളത്തില്‍ വേവിക്കുമ്പോള്‍, എത്ര സമയം കൂടുതലെടുക്കുന്നുവോ, അത്രയും പോഷകനഷ്ടം ഉണ്ടാകുന്നുണ്ട്. മാത്രമല്ല, പച്ചക്കറികളുടെ നിറവും രുചിയും നഷ്ടപ്പെടും. ആവിയില്‍ വേവിക്കുമ്പോള്‍ പച്ചക്കറികളുടെ ഘടനയ്ക്കോ നിറത്തിനോ വ്യത്യാസം വരുന്നില്ല. മാത്രമല്ല, ഇവ കൂടുതല്‍ രുചികരവുമാണ്. 

കാത്സ്യം കാർബൈഡ്, ഓക്‌സിടോസിൻ, ഓക്‌സലേറ്റുകൾ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യമാണ് പച്ചക്കറികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇവ മനുഷ്യരില്‍ വൃക്കയിലെ കല്ലുകൾ പോലെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല പല പാചക രീതികളും ഈ വിഷവസ്തുക്കള്‍ പുറന്തള്ളാൻ ഫലപ്രദമല്ല. പച്ചക്കറികള്‍ വെള്ളത്തില്‍ വേവിക്കുമ്പോള്‍ 87% ഓക്സലേറ്റുകൾ നീക്കംചെയ്യപ്പെടുന്നു. അതേസമയം, ആവിയിൽ വേവിക്കുമ്പോള്‍ 53% ഓക്സലേറ്റുകൾ മാത്രമേ നീക്കം ചെയ്യപ്പെടുന്നുള്ളൂ എന്ന് പഠനങ്ങള്‍ പറയുന്നു. 

സൂപ്പ്, കറി മുതലായവ പോലെയുള്ള ദ്രാവക ഭക്ഷണങ്ങള്‍  ഉണ്ടാക്കുമ്പോള്‍, പച്ചക്കറികള്‍ ആവിയില്‍ വേവിക്കുന്നതിനെക്കാള്‍ നല്ലത് വെള്ളത്തില്‍ത്തന്നെ വേവിക്കുന്നതാണ്. ഇങ്ങനെയാകുമ്പോള്‍ പച്ചക്കറികളില്‍ നിന്നും നഷ്ടപ്പെടുന്ന പോഷകങ്ങളുടെ ഭൂരിഭാഗവും വെള്ളത്തില്‍ അലിയുന്നതിനാല്‍ പോഷകനഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ ആവിയിലൂടെ നഷ്ടപ്പെടുന്ന പോഷകഘടകങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ല. അതിനാല്‍ വെള്ളത്തില്‍ വേവിക്കുന്നതാണോ ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണോ നല്ലത് എന്ന്, പച്ചക്കറികളുടെ തരം നോക്കി തീരുമാനിക്കുന്നതാണ് നല്ലത്.

∙പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും.

∙വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക.

∙ചീര പാകം ചെയ്യുമ്പോൾ നിറം പോകാതിരിക്കാൻ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക.

∙കയ്പ്പൻ പാവയ്ക്കയുടെ ചവർപ്പു പോകാൻ അല്പം നാരങ്ങാനീരു ചേർത്തു കറിവയ്ക്കുക.

English Summary:

Steaming v/s Boiling Vegetables- Which is a Better Option?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com