ADVERTISEMENT

നോൺസ്റ്റിക് പാനുകളിൽ പാകെ ചെയ്യാൻ മിക്ക വീട്ടമ്മമാർക്കും പ്രിയമാണ്.  പക്ഷേ ചെറുതായിട്ടാണെങ്കിൽ പോലും അതിന്റെ കോട്ടിങ് ഇളകി പോയാൽ പിന്നെ ആ പാത്രം ഉപയോഗശൂന്യമാണ്. പരമ്പരാഗത പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോൺ-സ്റ്റിക്ക് പാനുകൾക്ക് ആയുസ്സ് കുറവാണ്. ചൂടു കൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബറു കൊണ്ട് ഉരച്ചു കഴുകുമ്പോഴുമാണ് പാത്രത്തിന്റെ കോട്ടിങ് ഇളകിപോകുന്നത്. തുടർന്ന് പാകം ചെയ്യാൻ സാധിക്കില്ല. അധികകാലം ഉപയോഗിക്കാതെ ഈ പാത്രങ്ങൾ ഒഴിവാക്കേണ്ടതായി വരും. അമിതമായ ചൂട് നോൺ-സ്റ്റിക്ക് കോട്ടിംഗിനെ നശിപ്പിക്കുകയും ദോഷകരമായ വസ്തുക്കൾ പുറത്തു വിടുകയും ചെയ്യും. അതുകൊണ്ട് തന്നെ എല്ലാ വിഭവങ്ങളും നിങ്ങൾക്ക് ഇതിൽ തയാറാക്കാനും കഴിയില്ല.

കോട്ടിങ് ഇളകി തുടങ്ങിയാൽ പിന്നെ ആ പാത്രം ഉപയോഗിക്കാൻ പറ്റില്ല എന്നാണ് നമ്മൾ ഇതുവരെ മനസ്സിലാക്കിയിരുന്നത്. എങ്കിൽ അങ്ങനെയല്ല കോട്ടിങ് ഇളകി തുടങ്ങിയ നോൺസ്റ്റിക് പാത്രങ്ങളെ വീണ്ടും ഉപയോഗപ്പെടുത്താൻ ഒരു ചെറിയ പൊടിക്കൈ പ്രയോഗിക്കാം. ഇങ്ങനെ ചെയ്താൽ നമുക്ക് ആ പാത്രം വീണ്ടും കുറേക്കാലം കൂടി ഉപയോഗിക്കാൻ സാധിക്കും. 

നോൺസ്റ്റിക് പാത്രത്തെ സാദാ പാത്രമാക്കി മാറ്റാം

ഇതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് , വിനാഗിരി, ബേക്കിങ് സോഡ, പിന്നെ ഒരു ചെറിയ കഷണം സാൻഡ് പേപ്പർ എന്നിവയാണ്. ആദ്യം തന്നെ ഉപേക്ഷിച്ച നോൺസ്റ്റിക് പാത്രം എടുത്ത് നല്ലതുപോലെ കഴുകുക. തുടർന്ന് പാത്രത്തിൽ നിറയെ വെള്ളം എടുത്ത് തിളപ്പിക്കാൻ വയ്ക്കണം. നല്ലതുപോലെ ചൂടായാൽ ശേഷം പാത്രത്തിലെ വെള്ളം നീക്കി അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് , വിനാഗിരി, ബേക്കിങ് സോഡ എന്നിവയുടെ മിക്സ് ഉണ്ടാക്കി എല്ലാ ഭാഗത്തും പുരട്ടി കൊടുക്കണം. ഒരു 15 മിനിറ്റ് അങ്ങനെ വയ്ക്കാം.

അതിനുശേഷം സാൻഡ് പേപ്പർ കൊണ്ട് നല്ലതുപോലെ ഉരയ്ക്കണം. കുറച്ചുകഴിയുമ്പോൾ തന്നെ പാത്രത്തിലെ കോട്ടിങ് എല്ലാം പൂർണമായും ഇളകിപ്പോരുന്നത് കാണാൻ സാധിക്കും. ആദ്യം ഒന്ന് കഴുകി നോക്കുക കോട്ടിങ് പൂർണമായും പോയിട്ടില്ലെങ്കിൽ വീണ്ടും ഇതേ രീതി ഒന്നുകൂടി തുടരണം. ഇനി പാത്രം നല്ലതുപോലെ കഴുകി എടുത്തതിനുശേഷം വീണ്ടും ആദ്യം ചെയ്തതുപോലെ നിറയെ വെള്ളം ഒഴിച്ച് കുറച്ച് വിനാഗിരി കൂടി ചേർത്ത് തിളപ്പിച്ച് എടുക്കണം. ഇതുപോലെ വെള്ളം തിളപ്പിച്ച് പാത്രം വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവു. കോട്ടിങ് നീക്കം ചെയ്തു കഴിഞ്ഞാൽ പിന്നെ അത് അലുമിനിയം പാത്രമാണ് അതുകൊണ്ട് അത് കഴുകുമ്പോൾ സ്ക്രബ്ബറോ അല്ലെങ്കിൽ കട്ടിയുള്ളതുമായ ഒന്നും ഉപയോഗിക്കാതിരിക്കുക. സ്ക്രബ്ബ് കൊണ്ട് ഉരയ്ക്കുമ്പോൾ അലുമിനിയം ഇളകാൻ സാധ്യതയുണ്ട്. അപ്പോൾ ഇനി കോട്ടിങ് നഷ്ടപ്പെട്ട നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കണ്ട, ഇതുപോലെ ക്ലീൻ ചെയ്ത് വീണ്ടും നമുക്ക് അടുക്കളയിൽ ഉപയോഗിക്കാം. 

English Summary:

Use and Care for Nonstick Cookware

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com