സൗന്ദര്യത്തിനും ആരോഗ്യത്തിനും ബെസ്റ്റ്; റാഗിപ്പൊടി കൊണ്ട് പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കാം
Mail This Article
പഞ്ഞപ്പുല്ല്, കൂവരക്, മുത്താറി എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ അറിയപ്പെടുന്ന റാഗി വളരെയേറെ പോഷകഗുണങ്ങളുള്ള ഒരു ആഹാരമാണ്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സുരക്ഷിതമായി കഴിക്കാവുന്ന റാഗി, കാത്സ്യം ഇരുമ്പ് മുതലായവയുടെ കലവറയാണ്. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയിട്ടുള്ള റാഗി, പ്രമേഹരോഗികൾക്ക് ഉത്തമാഹാരമാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗോതമ്പ് ഉപയോഗിക്കുന്നതിന് പകരം റാഗിപ്പൊടി കൊണ്ടുള്ള പലഹാരങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്.
ദിവസവും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. റാഗി ഉപയോഗിച്ച് ആരോഗ്യകരമായ ഇഡ്ഡലി തയ്യാറാക്കാം. ഇത് എങ്ങനെയെന്നു നോക്കാം.
റാഗി ഇഡ്ഡലി
ചേരുവകൾ
റാഗി - 1 കപ്പ്
ഉഴുന്ന് - 1/2 കപ്പ്
റവ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ/നെയ്യ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു വലിയ പാത്രത്തിൽ റാഗി, ഉഴുന്ന് എന്നിവ ഇട്ടു കഴുകി 4-5 മണിക്കൂർ വയ്ക്കുക
- ശേഷം ഇത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. റവ ചേർത്ത് നന്നായി ഇളക്കുക.
- ഈ മിശ്രിതം ഒരു രാത്രി മുഴുവന്‍ മൂടിവയ്ക്കുക
- അടുത്ത ദിവസം ഉപ്പ് ചേർത്ത് നന്നായി ഇളക്കിയ ശേഷം, നെയ്യ് പുരട്ടിയ ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച്, 25-30 മിനിറ്റ് ആവിയില്‍ വേവിക്കുക. അടുപ്പില്‍ നിന്നും എടുത്ത ശേഷം ഒരു 15 മിനിറ്റിന് ശേഷം മൂടി തുറക്കുക.
- ചട്ണിക്കൊപ്പമോ സാമ്പാറിനൊപ്പമോ ചൂടോടെ വിളമ്പാം.