ADVERTISEMENT

കുറച്ചേറെ സമയം ചിലവഴിച്ചു പാകം ചെയ്യേണ്ടി വരുന്നവയാണ് മാംസ വിഭവങ്ങൾ. കുക്കറിൽ വച്ച് വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാമെങ്കിലും സ്ലോ കുക്ക് ചെയ്തെടുക്കുന്നതിന്റെ രുചി ഒന്നുവേറെ തന്നെയാണ്. മട്ടൻ ആണെങ്കിലും ബീഫ് ആണെങ്കിലുമൊക്കെ നല്ലതുപോലെ വെന്തു കിട്ടണമെങ്കിൽ സമയം കൂടുതൽ വേണ്ടി വരും. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചോളൂ, വളരെ എളുപ്പത്തിൽ ഇറച്ചി പാകം ചെയ്തെടുക്കാം.

ഇറച്ചി പാകം ചെയ്യുന്നതിന് മുൻപ് കനം കുറഞ്ഞ കഷ്ണങ്ങളായി മുറിച്ചെടുക്കുക എന്നതാണ് ആദ്യ ഘട്ടം. എളുപ്പത്തിൽ വെന്തു കിട്ടണമെന്നുണ്ടെങ്കിൽ ഒട്ടും തന്നെയും കട്ടിയില്ലാത്ത കഷ്ണങ്ങളായിരിക്കണം. കനം കൂടിയവയേക്കാൾ എളുപ്പത്തിൽ വെന്തുകിട്ടാനിതു സഹായിക്കും. 

ഇറച്ചി തെരഞ്ഞെടുക്കുമ്പോൾ ബ്രെസ്റ്റ് ഭാഗമാണെങ്കിൽ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കണം. ഇങ്ങനെ ചെയ്യുന്നത് എല്ലാ ഭാഗത്തും ചൂട് ഒരു പോലെ കിട്ടാൻ സഹായിക്കുമെന്ന് മാത്രമല്ല, വേഗം പാകമാകുകയും ചെയ്യും.

മാരിനേറ്റ് ചെയ്യുന്നത് ശരിയായ രീതിയിലാണെങ്കിൽ പാകം ചെയ്തെടുക്കാനുള്ള സമയവും ലാഭിക്കാവുന്നതാണ്. കൂടുതൽ സമയം മാരിനേറ്റ് ചെയ്തു വെയ്ക്കുന്ന പക്ഷം ഇറച്ചിയുടെ രുചി വർധിക്കുമെന്ന് മാത്രമല്ല, കുറഞ്ഞ സമയം കൊണ്ട് വെന്തുകിട്ടുകയും ചെയ്യും. 

പാകം ചെയ്യാനുള്ള ഇറച്ചിയിൽ മസാല പുരട്ടി വെയ്ക്കുന്നതിനൊപ്പം ചെറുനാരങ്ങാ നീരോ, വിനാഗിരിയോ, തൈരോ ചേർക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് മാംസത്തെ മൃദുവാക്കുന്നതിനൊപ്പം എളുപ്പത്തിൽ പാകമാകാൻ സഹായിക്കും.

മാംസം പാകം ചെയ്യുമ്പോൾ ചൂട് തീരെ കുറഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. കരിഞ്ഞു പോകാത്ത രീതിയിൽ ചൂട് ക്രമീകരിച്ചു വേണം ഇറച്ചി പാകം ചെയ്തെടുക്കാൻ. 

ഇറച്ചി എളുപ്പത്തിൽ പാകം ചെയ്യണമെന്നുണ്ടെങ്കിൽ കുക്കർ ഉപയോഗിക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ രീതിയിൽ വേവിച്ചെടുക്കാവുന്നതാണ്. 

ഇറച്ചി ഉപ്പു ചേർത്ത് പകുതി വേവിച്ചതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യം വരുന്ന സമയത്ത് എടുത്തു ഉപയോഗിക്കാവുന്നതാണ്.

ഇറച്ചി വാങ്ങുമ്പോൾ അധികം മൂക്കാത്ത മാംസം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇളം മാംസത്തിന് വേവ് കുറവായിരിക്കും.

ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു രീതി ഇറച്ചി പാകം ചെയ്യുമ്പോൾ പരീക്ഷിക്കാവുന്നതാണ്. പച്ച പപ്പായ ചേർത്ത് ഇറച്ചി വേവിക്കുന്ന പക്ഷം എളുപ്പത്തിൽ വെന്തുകിട്ടും. പപ്പായ ചേർക്കുമ്പോൾ ഇറച്ചിക്ക് മാർദ്ദവം കൂടും വേഗം പാകമാകുകയും ചെയ്യും.

English Summary:

Easy Tips and Tricks to Cook Meat Faster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com