മുട്ടയ്ക്ക് വെല്ലുവിളിയാണിത്! വെജിറ്റേറിയൻപ്രേമികൾക്കും കഴിക്കാം ഈ ബുർജി
Mail This Article
പലതരം വിഭവങ്ങൾ മുട്ട കൊണ്ട് തയാറാക്കാറുണ്ട്. മുട്ട റോസ്റ്റും കറിയും എന്നുവേണ്ട ഓംലെറ്റും ബുർജിയും വരെ. ഒരു സമീകൃതാഹാരമാണെങ്കിലും സസ്യാഹാരമിഷ്ടപ്പെടുന്നവർ മുട്ട ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മുട്ട കഴിക്കാത്തവർക്കു അതേ രുചി അറിയണമെന്നുണ്ടെങ്കിൽ ഇനി അതിനു വഴിയുണ്ട്. അത്തരമൊരു വിഭവത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഷ്യൽ ലോകം. പൂർണമായും വെജിറ്റേറിയൻ ആണ് ഈ മുട്ട ബുർജി. അപ്പോൾ എന്തായിരിക്കും ഇതിലെ പ്രധാന ചേരുവ. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.
മുട്ടയ്ക്ക് പകരമായി എന്നാൽ മുട്ടയല്ലെന്നു പറയാൻ കഴിയില്ലാത്ത തരത്തിലാണ് ബുർജി തയാറാക്കുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പ്ലാന്റ് ബേസ്ഡ് സബ്സ്റ്റിട്യൂട്ട് ആണ് ബുർജിയിൽ മുട്ടയ്ക്ക് പകരമായി ഉപയോഗിക്കുന്നത്. പരമ്പരാഗത രീതിയിൽ തന്നെയാണ് ഈ വിഭവം തയാറാക്കുന്നത്. പാനിലേക്കു എണ്ണയൊഴിക്കുകയും സവാള ചെറുതായി അരിഞ്ഞതു ചേർത്ത് കൊടുക്കുകയും ചെയ്യുന്നു. കൂടെ പച്ചമുളകും ഇഞ്ചിയും കൂടെ ചേർത്ത് വഴറ്റിയതിനു ശേഷം മുട്ടയുടെ പകരക്കാരനെ കൂടെ ആ കൂട്ടിലേക്കിട്ടു കൊടുക്കുന്നു. മേൽപറഞ്ഞതെല്ലാം ഒരുമിച്ചു ചേർത്ത് മിക്സ് ചെയ്ത് ഉപ്പും മേമ്പൊടി ആയി ചതച്ച മുളക് കൂടി ചേർക്കുന്നതോടെ ബുർജി തയാറായി കഴിഞ്ഞു. അമ്പത് രൂപയാണ് ഒരു പ്ലേറ്റിന് ഈടാക്കുന്ന തുക.
നിരവധി പേരാണ് ഈ മുട്ട ബുർജിയുടെ രുചിയറിയുന്നതിനായി എത്തിയിരിക്കുന്നതെന്നു വിഡിയോയിൽ കാണാവുന്നതാണ്. അവരെല്ലാം തന്നെ ഏകസ്വരത്തിൽ പറയുന്നത് യഥാർഥ മുട്ടയ്ക്ക് ഇതൊരു വെല്ലുവിളി ആയിരിക്കുമെന്ന് തന്നെയാണ്. വിഡിയോയുടെ താഴെയുള്ള കമെന്റുകളും അതിനെ ശരിവെക്കുന്ന തരത്തിലാണ്. മുട്ട ചേർക്കാത്ത ഈ വിഭവം പരമ്പരാഗത രീതിയിൽ തയാറാക്കുന്ന മുട്ട ബുർജിയ്ക്കൊപ്പമല്ല രുചിയിൽ അതിനു മുകളിലാണ് സ്ഥാനമെന്നു ഒരാൾ കുറിച്ചപ്പോൾ ഇത് രുചികരമാണെങ്കിലും മുട്ടയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നാണ് വേറൊരു കമെന്റ്. എന്ത് തന്നെയായാലും മുട്ടയുടെ ഈ പകരക്കാരനെ കഴിച്ചവരെല്ലാം തന്നെ സ്വീകരിച്ചു കഴിഞ്ഞുവെന്ന് ചുരുക്കം.