ADVERTISEMENT

മഞ്ഞുകാലമായാൽ ഓറഞ്ചിന്റെ സീസൺ കൂടിയാണ് ഇന്ത്യയിൽ. ഇപ്പോൾ നമ്മുടെ സൂപ്പർമാർക്കറ്റുകളിലും വഴിയോരങ്ങളിലും എല്ലാം ഓറഞ്ച് നിറമാണ്. പല നിറത്തിലും രുചിയിലുമുള്ള ഓറഞ്ചുകൾ ഇപ്പോൾ ലഭ്യമായി തുടങ്ങും. ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നതുപോലെ ഓറഞ്ചും അത്രയേറെ തന്നെ ഗുണവും ആരോഗ്യവുമുള്ള ഒന്നാണ്. ഇത് നിരവധി മധുരപലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും മേഖലകളിലും വ്യത്യസ്തതരം ഓറഞ്ചുകൾ കൃഷി ചെയ്യുന്നുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ഉണ്ട്. പലപ്പോഴും കടയിൽ എത്തിയാൽ ഏതാണ് വാങ്ങേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടാകാം. അതിനാൽ, ഒാറഞ്ച് വാങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ 

1. നാഗ്പൂർ
മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ നിന്നാണ് ഈ ഓറഞ്ച് ഇനം ഉല്പാദിപ്പിക്കുന്നത്. ഇത് പലപ്പോഴും 'ഓറഞ്ചിന്റെ രാജാവ്' എന്ന് വിളിക്കപ്പെടുന്നു. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഒന്നാണിത്. നല്ല ഓറഞ്ച് നിറം, സമ്പന്നമായ ഗുണമേന്മ, അസാധാരണമായ മാധുര്യം എന്നിവയ്ക്ക് പ്രശസ്തമാണ് നാഗ്പൂർ ഓറഞ്ച്. ഇതിന്റെ മറ്റൊരു പ്രത്യേകത ഒരു കുരുവില്ലാത്തത് അല്ലെങ്കിൽ വിത്ത് ഇല്ല എന്നുള്ളതാണ്. 

2. കിനോ
ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന മറ്റൊരു ജനപ്രിയ ഇനം ഓറഞ്ചാണ് കിനോ. മഞ്ഞുകാലത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഇവ പ്രധാനമായും വളരുന്നത്. തണുത്ത കാലാവസ്ഥ അവയുടെ കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കിനോ ഓറഞ്ചുകൾക്ക് മധുരവും കയ്പേറിയതുമായ രുചിയുണ്ട്. ജ്യൂസ് അടിച്ചു കുടിക്കാനാണ് കിനോ ഓറഞ്ചുകൾ ഏറ്റവും നല്ലത്.

3. കൂർഗ്
ഉത്തരേന്ത്യയിൽ മാത്രമല്ല, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലും അതിന്റേതായ തനത് ഓറഞ്ചുകളുണ്ട്. കൂർഗ് മന്ദാരിൻ എന്നും അറിയപ്പെടുന്ന ഇവ കർണാടകയിലെ കൂർഗ് മേഖലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഈ ഓറഞ്ചുകൾക്ക് വലിപ്പം കുറവാണ്. എന്നാൽ അവയുടെ വലുപ്പം നോക്കരുത്, കാരണം അവ വളരെ മധുരമുള്ളതും മനോഹരമായ സുഗന്ധമുള്ളവയുമാണ്. ജാം, പ്രിസർവുകൾ, മാർമാലേഡുകൾ എന്നിവ ഉണ്ടാക്കുന്നതിനും ഈ ഇനം ഓറഞ്ചുകൾ ഉപയോഗിക്കുന്നു. 

4. മുദ്ഖേദ്
മഹാരാഷ്ട്രയിൽ നാഗ്പൂർ ഓറഞ്ചിനുപുറമെ, മുദ്‌ഖേഡ് ഓറഞ്ചും വളരെ ജനപ്രിയമാണ്. അത് കൃഷി ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നാണ് ആ പേര് ലഭിച്ചത്. ഈ ഓറഞ്ചുകൾ സാധാരണയായി ഇടത്തരം ആകൃതിയിലുള്ളവയാണ്, കൂടാതെ നല്ല ഓറഞ്ചു നിറവുമുണ്ട്.കാഴ്ചയിൽ ചെറുതെങ്കിലും രുചിയുള്ളതും ജ്യൂസ് ആയിട്ടോ വെറുതെ കഴിക്കാനോ മികച്ചതാണ് ഈ ഓറഞ്ചുകൾ. 

5. ഖാസി ബ്ലഡ്
ഖാസി ബ്ലഡ് ഓറഞ്ചുകൾ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളതാണ്.ഈ ഓറഞ്ചിനെ വ്യത്യസ്തമാക്കുന്നത് അതിൻറെ കടും ചുവപ്പ് നിറം തന്നെയാണ്. സാധാരണ ഓറഞ്ച് നിറത്തിൽ നിന്നും വ്യത്യസ്തമായി കടും നിറമാണ് ഈ ഓറഞ്ചുകൾക്ക്. അവയുടെ മധുരവും രുചികരവുമായ സ്വാദും അതുപോലെ കാണാനുള്ള വ്യത്യസ്തതയും ഈ ഓറഞ്ചുകളെ കൂടുതൽ ജനപ്രിയമാക്കുന്നു. വിഭവങ്ങൾ, സലാഡുകൾ, പാനീയങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്നതിന് ഖാസി ബ്ലഡ് ഓറഞ്ച് മികച്ചതാണ്. 

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്

കാരറ്റ് - 2 എണ്ണം
ഓറഞ്ച് - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
പഞ്ചസാര / തേൻ - ആവശ്യത്തിന്  
ഐസ് ക്യൂബ്സ് - ആവശ്യത്തിന്  
വെള്ളം - 1 കപ്പ് 

തയാറാക്കുന്ന വിധം

കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിലേക്കു കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ  ഇതൊന്നു അരിച്ചെടുക്കുക. അപ്പോൾ നമ്മുടെ കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡി.

English Summary:

Best Oranges to Eat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com