കാഴ്ചക്കാരെയും നിരാശപ്പെടുത്തി! ക്രിസ്മസ് ബോണസിന്റെ ചിത്രം പങ്കുവച്ച് യുവതി
Mail This Article
വിഭവസമൃദ്ധമായ ഭക്ഷണവും സമ്മാന പൊതികളും എന്നുവേണ്ട എല്ലായിടങ്ങളിലും ആഹ്‌ളാദം നിറഞ്ഞ ക്രിസ്മസായിരുന്നു ഇത്തവണത്തേത്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർക്ക് ഉത്സവക്കാല ബോണസ് കൂടി ലഭിക്കുന്ന സമയമാണിത്. ഒരു വർഷം മുഴുവൻ മുന്നോട്ടു പോകാനുള്ള പ്രചോദനം തന്നെ സമ്മാനിക്കും ബോണസ്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തു വൈറലായത് കാഴ്ചക്കാരെ കൂടി നിരാശപ്പെടുത്തിയ ഒരു ക്രിസ്മസ് ബോണസായിരുന്നു. എന്തായിരുന്നു അതെന്നല്ലേ? ഒരു ഉരുളക്കിഴങ്ങാണ് ജീവനക്കാരിയ്ക്കു ലഭിച്ചത്. മാത്രമല്ല, അതിനു ടാക്‌സും നൽകേണ്ടി വന്നുവെന്നു കേൾക്കുമ്പോഴോ....'കട്ടശോകം' തന്നെയാണല്ലേ...
സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലാണ് അമാൻഡ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. വെറും ഉരുളക്കിഴങ്ങ് അല്ല ബേക്ക് ചെയ്ത കിഴങ്ങാണ് അമാൻഡയ്ക്ക് ലഭിച്ചത്. കഥ ഇവിടം കൊണ്ടും തീരുന്നില്ല, നൽകിയ ഉരുളക്കിഴങ്ങിന് ഏകദേശം 15 ഡോളർ നികുതിയും ചുമത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തനിക്കു ലഭിച്ച ബോണസിനെ കുറിച്ച് അമാൻഡ പങ്കുവച്ച കുറിപ്പ് വളരെ പെട്ടെന്നാണ് വൈറലായത്. ധാരാളം പേർ ഇത്തരമൊരു പ്രവർത്തി തീർത്തും അപലപനീയമാണെന്ന തരത്തിലാണ് പ്രതികരിച്ചത്. തനിക്കു ലഭിച്ച ക്രിസ്മസ് ബോണസിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് വളരെ രൂക്ഷമായ രീതിയിൽ തന്നെയാണ് അമാൻഡ തന്റെ നിരാശ പ്രകടിപ്പിച്ചത്. ഇതാണ് താൻ 15 ഡോളർ നികുതി അടച്ചു സ്വന്തമാക്കിയ ക്രിസ്മസ് ബോണസ് എന്നും ചിത്രത്തിനൊപ്പം എഴുതിയിരുന്നു.
അമാൻഡയ്ക്ക് ലഭിച്ച ക്രിസ്മസ് ബോണസിൽ സോഷ്യൽ ലോകവും നിരാശയും പ്രതിഷേധവും അറിയിച്ചുകൊണ്ടാണ് കമെന്റുകൾ കുറിച്ചത്. ക്രിസ്മസിന് നൽകാവുന്ന ഏറ്റവും മോശം സമ്മാനമാണിതെന്നു ഒരാൾ എഴുതിയപ്പോൾ ഇതിനെ കുറിച്ച് ഒന്നും തന്നെയും പറയാനില്ല എന്നാണ് മറ്റൊരു കമെന്റ്.താൻ കണ്ടതിൽ വച്ച് ഏറ്റവും ചെറിയ ഉരുളക്കിഴങ്ങ് ആണിതെന്നും ഇതിനാണോ 15 ഡോളർ നികുതി അടച്ചതെന്ന സംശയവും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.