ADVERTISEMENT

രുചികരവും അതുപോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വിത്തുകളിൽ ഒന്നാണ് ഹാലിം. കാഴ്ചയിൽ ചെറുതെങ്കിലും ഗുണത്തിൽ ഏറെ മുമ്പനാണിവൻ. ഒറ്റ വിത്തിൽ രണ്ടു ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാമല്ലോ ഹാലിം ചില്ലറക്കാരനല്ലെന്ന്. ആരിലും അദ്ഭുതം ജനിപ്പിക്കുന്ന രണ്ടു ഗുണങ്ങൾ ഈ വിത്തിനുണ്ട്. എന്താണവയെന്നല്ലേ? തലമുടിയുടെ വളർച്ചയെ സഹായിക്കുന്നു കൂടാതെ, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമുള്ള മികച്ചൊരു ഉപാധി കൂടിയാണിത്.

നൂറ്റാണ്ടുകളായി ആയുർവേദ ഔഷധങ്ങളിലെ ഒരു കൂട്ടായി ഉപയോഗിച്ചിരുന്നവയാണ് ആശാളി എന്നറിയപ്പെടുന്ന ഈ വിത്തുകൾ. തലയിൽ പുതിയ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഹാലിം. ധാരാളം ആന്റി ഓക്സിഡന്റുകളും ശരീരത്തിന് അവശ്യം വേണ്ട കൊഴുപ്പുകളും ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുമുണ്ട്. 

പ്രോട്ടീനും ദഹനത്തിന് ആവശ്യമായ നാരുകളും അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷൻ തന്നെയാണ്. ഇവയിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കുന്നു എന്ന് മാത്രമല്ല, ഭക്ഷണം അധികം കഴിക്കണമെന്നുള്ള താല്പര്യത്തെ തടയുകയും ചെയ്യുന്നു. ഇതിലുള്ള കൊഴുപ്പ്, ശരീര ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം നിയന്ത്രിക്കുന്നവർക്കു അവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. 

* ആഴ്ചയിൽ മൂന്നു തവണ  അര സ്പൂൺ വീതമെടുത്ത് പാലിനൊപ്പമോ സ്മൂത്തിയ്‌ക്കൊപ്പമോ മിക്സ് ചെയ്ത് 

   കഴിക്കാവുന്നതാണ്.  

* ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിക്കുന്നതിനായി ഭക്ഷണത്തിനു അരമണിക്കൂർ മുൻപ് 

  നാരങ്ങാവെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം.

* മുളപ്പിച്ച ഹാലിം വിത്തുകൾ സാലഡുകൾക്കൊപ്പം കഴിക്കാം. 

* കാലറി കുറവുള്ള വിഭവങ്ങൾക്കൊപ്പമോ, തേങ്ങാവെള്ളത്തിനു ഒപ്പമോ  ഈ വിത്തുകൾ 

   ഭക്ഷിക്കാവുന്നതാണ്.

ഹാലിം വിത്തുകൾ കൊണ്ട് തയാറാക്കാം ഒരു ആരോഗ്യകരമായ പാനീയം

രണ്ടര സ്പൂണോളം ഹാലിം വിത്തുകൾ നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിൽ അഞ്ചു മണിക്കൂർ വരെ കുതിർക്കാനായി ഇട്ടുവയ്ക്കുക. മൂന്ന് കപ്പോളം പശുവിൻ പാൽ നന്നായി ചൂടാക്കിയതിനുശേഷം കുതിർത്ത് വെച്ച ഹാലിം വിത്തിൽ നിന്നും മൂന്നു സ്പൂൺ ഈ പാലിലേക്ക് ചേർക്കുക. മൂന്നു മുതൽ നാല് മിനിറ്റു വരെ പാകമായി വരുന്നതിനു സമയം കൊടുക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. മധുരം ആവശ്യമെന്നുള്ളവർക്കു ശർക്കര ഉരുക്കിയോ പഞ്ചസാരയോ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ചെറുതായി പൊടിച്ച് വച്ചിരിക്കുന്ന ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവയും ചേർക്കാം. ചൂടോടെയോ അല്ലെങ്കിൽ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com