ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള ബസ്മതിയെ ‘ലോകത്തിലെ ഏറ്റവും മികച്ച അരി’ ആയി തിരഞ്ഞെടുത്ത് ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. ‘‘യഥാർഥത്തിൽ ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്തിരുന്ന നീളമുള്ള അരി കിട്ടുന്ന നെല്ലിനമാണ് ബസ്മതി. സവിശേഷ മണവും സ്വാദുമാണ് ഈ അരിയുടെ പ്രത്യേകത. പാകം ചെയ്താല്‍, ഇവയുടെ ഓരോ മണിയും വെവ്വേറെ നില്‍ക്കും, ഒട്ടിപ്പിടിക്കുന്നില്ല, അതിനാല്‍ കറികളും സോസുകളും ചേർക്കുമ്പോൾ അവ ഓരോ അരിമണിയിലും പുരളാന്‍ എളുപ്പമാണ്. ധാന്യത്തിന്‍റെ നീളം കൂടുന്നതിനനുസരിച്ച് അരിയും മികച്ചതായിരിക്കും, ഏറ്റവും നല്ല ബസ്മതിക്ക് അൽപം സ്വർണ നിറമായിരിക്കും.’’ – പുരസ്കാര വാർത്ത പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റില്‍ ടേസ്റ്റ് അറ്റ്‌ലസ് എഴുതി

ലോകത്തിലെ ഏറ്റവും മികച്ച ആറ് അരി ഇനങ്ങളുടെ ലിസ്റ്റാണ് ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ടത്. ഇറ്റലിയില്‍ നിന്നുള്ള അർബോറിയോ, പോർച്ചുഗലിൽനിന്നുള്ള കരോലിനോ, വിയറ്റ്‌നാമില്‍ നിന്നുള്ള റൈസ് പേപ്പര്‍, ജപ്പാനിലെ ഉറുചിമൈ, ഫ്രാൻസിലെ റിസ് ഡി കാമർഗ്യു എന്നിവയാണ് ബസ്മതിക്കു പുറമേ ഈ പട്ടികയിൽ  ഉള്‍പ്പെട്ടിരിക്കുന്നത്. കാഴ്ചയിലും പോഷകഗുണങ്ങളിലും ഇവയോരോന്നും വ്യത്യസ്തമാണ്.

519309790
Image Credit: Karisssa/Istock

അർബോറിയോ

ഇറ്റാലിയൻ അരിയായ അർബോറിയോ, കൂടുതലും റിസോട്ടോകൾക്കും റൈസ് പുഡിങ്ങുകൾക്കും ഉപയോഗിക്കുന്നു. പോ താഴ്‌വരയിലെ ഒരു പട്ടണത്തിന്‍റെ പേരിലാണ് ഈ അരി അറിയപ്പെടുന്നത്. നീളം കുറഞ്ഞതും വൃത്താകൃതിയിലുള്ളതുമായ ഈ അരി, ഉറച്ചതും ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയതുമാണ്. അതുകൊണ്ടുതന്നെ വളരെയധികം ക്രീമിയാണ്. സാധാരണ നീളമുള്ള അരിയുടെ ഇരട്ടി വിലയാണ് ഇതിന്.

ആരോസ് കരോലിനോ ദാസ് ലെസീറിയസ്

മൃദുവായതും വെൽവെറ്റ് പോലെയുള്ള ഘടനയുള്ളതുമായ പോർച്ചുഗീസ് ഇനം അരിയാണിത്‌. മെഡിറ്ററേനിയൻ കാലാവസ്ഥയുള്ള സാൽവറ്റെറ ഡി മാഗോസിലാണ് ഈ അരി വളർത്തുന്നത്. പാകംചെയ്തുകഴിഞ്ഞാല്‍ ഇതും വളരെയധികം ക്രീമിയാണ്.

റൈസ് പേപ്പര്‍

വിയറ്റ്നാമീസ് പാചകരീതിയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് റൈസ് പേപ്പർ. ആവിയിൽ വേവിച്ച അരിമാവ് പേപ്പര്‍ പോലെ പരത്തി, വെയിലത്ത് ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. പിന്നീട് ഇതിനുള്ളില്‍ ടോഫു ചൈനീസ് സോസേജ്, ഓംലെറ്റ് തുടങ്ങി വിവിധ ഫില്ലിങ്ങുകള്‍ നിറച്ച് ചുരുട്ടി കഴിക്കും. റൈസ് പേപ്പർ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ വിഭവങ്ങളിൽ ഒന്നാണ് സ്പ്രിങ് റോൾ.

ഉറുചിമൈ

ജാപ്പനീസ് പാചകരീതിയുടെ ഒരു പ്രധാന ഘടകമാണ് ഉറുചിമൈ. ചെറുതും തടിച്ചതുമായ ഉറുചിമൈ അരിമണിയില്‍ സാധാരണ അരിയേക്കാൾ കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ, സീഫുഡ്, ഡാഷി, സോയ സോസ് മുതലായവക്കൊപ്പം കഴിക്കുന്ന ഈയിനം അരി, സാക്ക്, ഷോച്ചു, അരി വിനാഗിരി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

റിസ് ഡി കാമർഗ്യു

ഫ്രാൻസിലെ കാമർഗ്യു മേഖലയിൽ നിന്നും വരുന്ന ഫുൾ ആന്‍ഡ്‌ ബ്രൗൺ റൈസ്, വൈറ്റ് റൈസ്, നോൺ സ്റ്റിക്ക് റൈസ്, പ്രീ കുക്ക്ഡ് റൈസ്, മിക്സഡ് റൈസ് തുടങ്ങിയവയാണ് റിസ് ഡി കാമർഗ്യു എന്നറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്ത് അരി കൃഷിചെയ്യുന്നു. ഇവിടത്തെ പ്രത്യേക കാലാവസ്ഥ കാരണം, മികച്ച ഗുണനിലവാരവും അതിലോലമായ രുചിയുള്ളതുമായ അരി ഇനങ്ങളാണ് ഇവ.

English Summary:

Basmati From India Named 'Best Rice In The World' By TasteAtlas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com