ADVERTISEMENT

സുഗന്ധം പരത്തുന്ന നല്ല ചൂടുകാപ്പി ഊതിയൂതി കുടിക്കാനാണ് മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടം. ചിലരാകട്ടെ, ചായയായാലും കാപ്പിയായാലും ഒറ്റയടിക്ക് വലിച്ചൊരു കുടിയാണ്! എത്ര സ്പീഡില്‍ കുടിച്ചാലും ജര്‍മന്‍കാരനായ ഫെലിക്സ് വോണ്‍ മീബോം എന്ന യുവാവിനെ വെല്ലാന്‍ ഇപ്പോള്‍ വേറെ ആളില്ല, ഏറ്റവും വേഗത്തില്‍ കാപ്പി കുടിച്ച ആളെന്ന ഗിന്നസ് റെക്കോർ‍‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫെലിക്സ്. 

ജര്‍മനിയിലെ ഹെസെ സ്വദേശി ഫെലിക്സ് 3.12 സെക്കൻഡിലാണ് ഒരു കപ്പ് കാപ്പി കുടിച്ചുതീര്‍ത്തത്. 2023 സെപ്റ്റംബർ 5 നായിരുന്നു ഫെലിക്സ് ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോ‍ർഡിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇതിന്‍റെ വിഡിയോ ഉണ്ട്.  ഒരു കോഫി മഗ്ഗിലേക്ക് കട്ടൻ കാപ്പി ഒഴിക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മേശപ്പുറത്ത് വച്ചിരിക്കുന്ന ഫോണിൽ സ്റ്റോപ്പ് വാച്ച് ഓടുന്നു. അളന്നെടുത്ത ഒരു കപ്പ് കാപ്പി, വെറും 3.12 സെക്കൻഡിനുള്ളിൽ ഫെലിക്സ് കുടിച്ചു തീര്‍ക്കുന്നത് വിഡിയോയില്‍ കാണാം.

ഈ പോസ്റ്റിനടിയില്‍ രസകരമായ ഒട്ടേറെ കമന്‍റുകള്‍ കാണാം. ഇതൊക്കെയാണോ ഗിന്നസ് റെക്കോർഡ് എന്ന് ചിലര്‍ ആശ്ചര്യപ്പെടുമ്പോള്‍, എന്നും രാവിലെ ഞങ്ങളും കാപ്പി കുടിക്കുന്നത് ഇങ്ങനെയാണല്ലോ എന്ന് മറ്റു ചില ആളുകള്‍ പറഞ്ഞു. ഇതേപോലെ രസകരവും വിചിത്രവുമായ ഭക്ഷണം അകത്താക്കല്‍ റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഏറ്റവും വേഗത്തിൽ ഒരു ലീറ്റർ തക്കാളി സോസ് കുടിച്ചതിന്‍റെ ലോക റെക്കോർഡും ജർമനിയിൽ നിന്നാണ്. വെറും 55.21 സെക്കൻഡിൽ ഒരു ലീറ്റർ തക്കാളി സോസ് കുടിച്ച് ആന്ദ്രെ ഒർടോൾഫ് ആണ് റെക്കോർഡിട്ടത്.

ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച്, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ജെല്ലി കഴിക്കുക, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തൈര് കഴിക്കുക, ഒരാളുടെ വായിൽ വച്ച കക്കിരിക്ക വാളുകൊണ്ട് അരിയുക, ഏറ്റവും കൂടുതൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുക എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റ് നിരവധി ലോക റെക്കോർഡുകളും ഒർടോൾഫിനുണ്ട്. 

ഒരു ബര്‍ഗര്‍ കഴിച്ചാല്‍ത്തന്നെ ഭാരം ഒരു കിലോ കൂടുന്ന ആളുകളെ അസൂയപ്പെടുത്തുന്ന മറ്റൊരു ലോകറെക്കോര്‍ഡ്‌ കൂടിയുണ്ട് ഇക്കൂട്ടത്തില്‍. ഒരു ജീവിതകാലത്ത് ഏറ്റവും കൂടുതൽ ബിഗ് മാക് ബർഗറുകൾ കഴിച്ച റെക്കോർ‍‍ഡ്, യുഎസിലെ വിസ്കോൺസിനില്‍ നിന്നുള്ള ഡൊണാൾഡ് ഗോർസ്‌കെയ്ക്കാണ്. 33,400 ബിഗ് മാക് ബർഗറുകൾ ആണ് ഇയാള്‍ കഴിച്ചത്. ഉയര്‍ന്ന ദഹനശേഷി ഉള്ളതിനാലാണ് ശരീരഭാരം ഒട്ടും കൂടാതെ തന്നെ ഇത്രത്തോളം ബര്‍ഗര്‍ കഴിക്കാന്‍ തനിക്ക് സാധിച്ചതെന്ന് ഡൊണാൾഡ് പറഞ്ഞു. ഏറ്റവും കൂടുതല്‍ തരങ്ങളില്‍പ്പെട്ട ചീസ് ഉപയോഗിച്ച് പീത്‍‍സ ഉണ്ടാക്കിയ മറ്റൊരു റെക്കോര്‍ഡും ഉണ്ട്. ഫ്രാൻസിലെ ലിയോണിൽ വച്ച് ഫാബിയൻ മോണ്ടെലാനിക്കോ, സോഫി ഹറ്റാറ്റ് റിച്ചാർട്ട് ലൂണ, ഫ്ലോറിയൻ ഓൺ എയർ, ബെനോയിറ്റ് ബ്രൂവൽ എന്നിവരുടെ ഈ റെക്കോർ‍‍ഡ് 2023 ഒക്‌ടോബർ 8 നാണ് പ്രഖ്യാപിച്ചത്.

English Summary:

Frankfurt Man Sets Guinness Record With Lightning-Fast Coffee Chug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com