ADVERTISEMENT

കറികള്‍ക്ക് രുചി നല്‍കാനായി ഉള്ളിയും വെളുത്തുള്ളിയുമെല്ലാം വളരെ പ്രധാനമാണ്. എല്ലാ വീടുകളിലെയും അടുക്കളകളില്‍ ഇവ സ്ഥിരം ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഇവ വൃത്തിയാക്കിക്കഴിഞ്ഞാലുള്ള ഏറ്റവും വലിയ പ്രശ്നം, അവയുടെ ദുര്‍ഗന്ധം കൈകളില്‍ നിന്നും പോകില്ല എന്നുള്ളതാണ്. പെട്ടെന്നു പുറത്തേക്കോ മറ്റോ പോകേണ്ട സാഹചര്യം വരുമ്പോള്‍ കയ്യില്‍ ഉള്ളിയുടെ ദുര്‍ഗന്ധവുമായി പോകേണ്ടി വരും. കറികള്‍ക്ക് സുഗന്ധം നല്‍കുമെങ്കിലും, കൈകളിലാകുമ്പോള്‍ അതത്ര സുഖകരമാവില്ല!

Representative Image -Image Credit: Pixel-Shot/shutterstock
Representative Image -Image Credit: Pixel-Shot/shutterstock

ഈയൊരു പ്രശ്നത്തിന്‌ പരിഹാരം കാണാവുന്നതേയുള്ളൂ. എത്ര ഉള്ളി തൊലി കളഞ്ഞാലും കൈകളില്‍ ദുര്‍ഗന്ധം തങ്ങി നില്‍ക്കാതിരിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം.

അലിസിൻ പോലുള്ള സള്‍ഫര്‍ സംയുക്തങ്ങളുടെ സാന്നിധ്യം കാരണമാണ് വെളുത്തുള്ളിയ്ക്ക് മണവും രുചിയും ഉണ്ടാകുന്നത്. വെളുത്തുള്ളി നന്നാക്കിയ ശേഷം, ഏതെങ്കിലും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ കൈകള്‍ ഉരസി നന്നായി കഴുകുന്നത് മണം അകറ്റാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇരുമ്പും ക്രോമിയവും ചേർന്ന ഒരു അലോയ് ആണ് സ്റ്റെയിൻലെസ്സ് സ്റ്റീൽ. ക്രോമിയം ഇരുമ്പിനെ തുരുമ്പെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ഉപരിതലത്തിൽ ഒരു ഓക്സൈഡ് പാളി സൃഷ്ടിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിലെ അലിസിനുമായി ഈ ഓക്സൈഡ് പ്രതിപ്രവർത്തിക്കുകയും മണം പിടിച്ചെടുക്കുകയും ചെയ്യുന്നു. 

ഇതു കൂടാതെ നാരങ്ങ ഉപയോഗിച്ചും ഉള്ളിമണം അകറ്റാം. അതിനായി, കൈകളില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത ശേഷം, നാരങ്ങയുടെ മുറിച്ച വശം കൈകളില്‍ തടവുക. തക്കാളി നീര് ഉപയോഗിച്ചും ഇതേപോലെ ചെയ്യാവുന്നതാണ്.

മണം മാറാനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗം കാപ്പിപ്പൊടിയാണ്. വെളുത്തുള്ളി പോലെതന്നെ രൂക്ഷഗന്ധമുള്ള മറ്റൊരു വസ്തുവാണ് കാപ്പിപ്പൊടി. ഇത് കൈകളില്‍ നന്നായി ഉരസിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ ഉള്ളിയുടെ ദുര്‍ഗന്ധം കൈകളില്‍ നിന്നും മാറുമെന്ന് പാചകവിദഗ്ധര്‍ പറയുന്നു.

Image Credit: mukesh-kumar/Istock
Image Credit: mukesh-kumar/Istock

മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഒരു ചെറിയ പാത്രത്തിൽ, ഉപ്പും ബേക്കിങ് സോഡയും യോജിപ്പിക്കുക. ഈ പേസ്റ്റ് കൈകളില്‍ നന്നായി ഉരച്ച ശേഷം ഒഴുകുന്ന വെള്ളത്തിനടിയിൽ വച്ച് കൈകള്‍ നന്നായി കഴുകുക. ഇവയെല്ലാം ചെയ്ത ശേഷം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകാനും ശ്രദ്ധിക്കേണ്ടതാണ്.

English Summary:

To Remove Garlic Smell from Hands Fast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com