ADVERTISEMENT

തെരുവു ഭക്ഷണം, ഒരു നഗരത്തിന്റെ ഹൃദയമിടിപ്പാണ്. വിശപ്പിനെ തൃപ്തിപ്പെടുത്തുന്നതിനുമപ്പുറം, തിരക്കേറിയ മാർക്കറ്റുകൾ മുതൽ ചെറിയ വഴിയോര ഭക്ഷണശാലകൾ വരെ, ഓരോ വിഭവത്തിനും പറയാനുണ്ടാകും ചരിത്രവും അഭിനിവേശവും ഒത്തുചേർന്ന രുചിയേറിയ കഥകൾ. പ്രാദേശിക ഭക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ ‘ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളു’ടെ പട്ടിക പുറത്തിറക്കി, അതിൽ 5 ഇന്ത്യൻ നഗരങ്ങളുമുണ്ട്. ആദ്യ 50 ൽ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങൾ മുംബൈയും ഹൈദരാബാദുമാണ്; യഥാക്രമം 35 ഉം 39 ഉം സ്ഥാനങ്ങളിൽ‌. ഡൽഹി 56-ാം സ്ഥാനത്തെത്തിയപ്പോൾ ചെന്നൈയും ലക്നൗവും 65-ാം സ്ഥാനത്തും 92-ാം സ്ഥാനത്തും എത്തി. ഡൽഹിയും മുംബൈയും വൈവിധ്യമാർന്ന ചാട്ടുകൾക്ക് ജനപ്രിയമാണെങ്കിൽ, ഹൈദരാബാദ് ബിരിയാണിക്കും ചെന്നൈ അതിന്റെ സ്വാദിഷ്ഠമായ ദോശയ്ക്കും ഇഡ്‌ഡലിക്കും പേരുകേട്ടതാണ്. കബാബ്, ബിരിയാണി എന്നിവയുൾപ്പെടെയുള്ള വിഭവസമൃദ്ധമായ മുഗളായി വിഭവങ്ങൾക്ക് ലക്നൗ പ്രശസ്തമാണ്.

മുംബൈയും പാവ് ചരിത്രവും 

മുംബൈയിലെ ഏറ്റവും പ്രശസ്തമായ തെരുവു ഭക്ഷണമാണ് വട പാവ്. ദാബേലി പാനിപൂരി, ഭേൽപുരി, സേവ്പുരി, ദാഹിപുരി, ബോംബെ സാൻഡ്‌വിച്ചുകൾ, പാവ് ഭാജി, ഓംലെറ്റ് പാവ്, ചൈനീസ് ഭേൽ, ഖമാൻ, കബാബ്, ധോക്‌ല, കുൽഫി എന്നിവയും മുംബൈയിലെ മറ്റ് ശ്രദ്ധേയമായ തെരുവു ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

paav-baji

ഇവയെല്ലാം സസ്യാഹാരമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. തെരുവുഭക്ഷണമാണ് മുംബൈയിലെ ഭക്ഷണ സംസ്കാരത്തെ നിർവചിക്കുന്നത്. ബോളിവുഡ് താരങ്ങൾ വരെ മുംബൈയിലെ റോഡരികിലെ ഭക്ഷണശാലകളിൽനിന്നു ഭക്ഷണം കഴിക്കാറുണ്ട്.

ഹൈദരാബാദിന്റെ ദം ഇട്ട രുചിപ്പെരുമ

ഹൈദരാബാദിന്റെ പേരിനൊപ്പം കൂട്ടിവായിക്കുന്ന ഒന്ന് ബിരിയാണിയാണ്, എന്നാൽ ഹൈദരാബാദിന്റെ രുചിപ്പെരുമ അറിയണമെങ്കിൽ തെരുവോരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ലോകപ്രശസ്ത ഹൈദരാബാദി ബിരിയാണി ഹൈദരാബാദിൽ  എവിടെയും ലഭ്യമാണ്. എന്നാൽ അവിടുത്തെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് ഏതെന്നു ചോദിച്ചാൽ  ഹൈദരാബാദി ഹലീം ആണെന്ന് പറയാം.

Credit:AALA IMAGES/istock
Credit:AALA IMAGES/istock

ഒപ്പം ചാട്ടിന്റെയും പാവ് ഭാജിയുടെയും സുഗന്ധത്താൽ ബീഗംബസാറിലെ തെരുവുകൾ നിങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഹൈദരാബാദിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇവിടെ പക്കോഡകൾ, തനത് ഹൈദരാബാദി ജിലേജികൾ, ഫിർണി എന്നിവയും മറ്റ് തെരുവുവിഭവങ്ങളും ആസ്വദിക്കാം. 

ചാട്ടിന്റെ തലസ്ഥാന നഗരം

മുംബൈ പോലെതന്നെ ചാട്ട് വിഭവങ്ങളുടെ സമ്മേളന നഗരമാണ് ഡൽഹി. ഭക്ഷണപ്രേമികളുടെ പറുദീസ എന്നറിയപ്പെടുന്ന ഡൽഹി, വൈവിധ്യമാർന്ന തെരുവുഭക്ഷണ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന, ലോകത്തെത്തന്നെ മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. ചാന്ദ്‌നി ചൗക്കിന്റെ പഴയകാല പാതകൾ മുതൽ കൊണാട്ട് പ്ലേസ്, ഡൽഹി അല്ലെങ്കിൽ ദില്ലി എന്നിവിടങ്ങളിലെ രാജവീഥികൾ വരെ വ്യാപിച്ചുകിടക്കുന്ന രുചിയുടെ വലിയൊരു ലോകമാണ് ഡൽഹി നഗരം. 

chat
52 grapes/Shutterstock

ഇന്ത്യൻ പാചകരീതി സുഗന്ധവ്യഞ്ജനങ്ങളുടെ പര്യായമാണ്, സമ്പന്നമായ ആ രുചിയുടെ ഏറ്റവും  മികച്ച ഉദാഹരണമാണ് ചാട്ട്. ഡൽഹിയിൽ കിട്ടാത്ത ചാട്ട് വിഭവങ്ങളില്ല. ആലു ടിക്കി, ആലു ചാട്ട്, ദാഹി പാപ്രി ചാട്ട്, ദഹി ബല്ല, പാപ്രി ചാട്ട്, സമോസകൾ, സമോസ ചാട്ട് അങ്ങനെ ലിസ്റ്റ് വലുതാണ്. ദൗലത്ത് കി ചാട്ട് എന്നറിയപ്പെടുന്ന മധുര വിഭവവും ഡൽഹി തെരുവുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഗോൾ ഗപ്പാസ്, രാം ലഡൂസ്, ചോലെ ബട്ടൂരെ അങ്ങനെ, ഡൽഹിയുടെ ഹൃദയതാളത്തിനൊപ്പം സഞ്ചരിക്കുന്ന എതൊരാൾക്കും രുചിച്ചുനോക്കാൻ സമ്പന്നമായൊരു രുചിപ്പെരുമ തന്നെ രാജ്യതലസ്ഥാനനഗരത്തിനുണ്ട്. 

പകലുണരുന്ന തമിഴോരങ്ങൾ

തെരുവു ഭക്ഷണങ്ങൾ എന്നുപറയുമ്പോൾ വൈകുന്നേരങ്ങളാകുമല്ലോ നമുക്ക് ഓർമ വരിക. എന്നാൽ ചെന്നൈ നഗരത്തിന്റെ പ്രത്യേകത പ്രഭാതഭക്ഷണത്തിന്റെ പേരിലാണ്. അതിരാവിലെ ഉണരുന്ന തമിഴ് തെരുവോരങ്ങളിലധികവും പ്രഭാതഭക്ഷണശാലകളാണ്.

Representative image/ vm2002/Shutterstock
StockImageFactory.com/shutterstock

അവയെല്ലാം വൈകുന്നേരങ്ങളിലും രുചിയൊരുക്കും. ഇഡ്ഡലിയും ദോശയും കീഴടക്കിയ ചെന്നൈ നഗരത്തിന്റെ വീഥികളിൽ ചിക്കന്റെയും മീനിന്റെയും എണ്ണമറ്റ വിഭവങ്ങൾ ലഭിക്കും. കടലോര പ്രദേശമായതിനാൽത്തന്നെ ചെന്നൈയിലെ സമുദ്രവിഭവങ്ങൾ പ്രശസ്തമാണ്.

ചെന്നൈയിലെ ഏറ്റവും ജനപ്രിയമായ തെരുവുഭക്ഷണങ്ങളിലൊന്നാണ് അത്തോമാൻ. ഈ ബർമീസ് വിഭവം പ്ലെയിൻ ഓറഞ്ച് നിറത്തിലുള്ള നൂഡിൽസാണ്. മുട്ടയും ചിക്കനും ചെമ്മീനും വരെ ചേർത്ത് ഇത് പാകം ചെയ്യാറുണ്ട്. ചെന്നൈയിലെ തെരുവുകളുടെ മിക്കവാറും എല്ലാ കോണുകളിലും അത്തോമാൻ വിൽക്കുന്ന ചെറിയ സ്റ്റാളുകൾ കാണാം. സുണ്ടൽ, ബോളി, പൊടി ദോശ, വട, മുറുക്ക്, ഊത്തപ്പം, കുഴിപണിയാരം തുടങ്ങി ഏത് സമയത്തും കഴിക്കാവുന്ന വിഭവങ്ങളുടെ നാടാണ് ചെന്നൈ. 

മുഗളായി പാരമ്പര്യത്തിന്റെ തനതു തെരുവോരം 

ലക്നൗ എന്നാൽ മുഗളായി സംസ്കാരത്തിന്റെയും രുചിപ്പെരുമയുടേയും ഈറ്റില്ലമാണ്. നവാബുമാരുടെ സുവർണ ഭൂതകാലവും സമ്പന്നമായ സാംസ്കാരിക പൈതൃകവും പേറുന്ന ഈ ഊർജസ്വലമായ നഗരം സ്വാദുള്ള തെരുവുഭക്ഷണങ്ങൾക്കു പേരുകേട്ടതാണ്.

പല രാജകീയ വിഭവങ്ങളും നിങ്ങൾക്ക് തെരുവുഭക്ഷണശാലകളിൽനിന്ന് ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. വെജ്, നോൺവെജ് കബാബുകൾ,  പറാത്തകൾ, ഷീർമൽ, ഷാഹി തുക്ഡ തുടങ്ങിയ തനത് മുഗൾ വിഭവങ്ങളടക്കം ലകനൗവിന്റെ വഴിയോരങ്ങളിൽ പാകംചെയ്തെടുക്കുന്നു. 

English Summary:

5 Indian cities named in the Best Food Cities in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com