ഇങ്ങനെയൊരു അമളി പറ്റാനില്ല; അന്ന് മിക്സ്ചർ പോലെ ഈയൽ വറുത്തത് കഴിച്ചു

Mail This Article
മൂന്നുനേരം കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കിൽ തലവേദന വരുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കുന്ന ഡയറ്റുകളുടെ പിന്നാലേ പോകാനും വയ്യ. മനുഷ്യൻ ജീവിക്കുന്നതു തന്നെ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുവാനാണെന്ന് പറയുകയാണ് ഭക്ഷണപ്രേമിയായ ശ്രീകല. ഭക്ഷണമാണ് തന്നെ പാചകക്കാരിയാക്കിയതെന്നും ആലപ്പുഴക്കാരി ശ്രീകല പറയുന്നു.
എന്തുകിട്ടിയാലും കഴിക്കുന്നയാളാണ് ശ്രീകല. വെജ്, നോൺവെജ് വ്യത്യാസമില്ല, വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കാൻ വേണം, അതു നിർബന്ധമാണ്. ചായയുടെ കൂടെ എണ്ണയിൽ വറുത്തതൊക്കെ കഴിക്കാറുണ്ടായിരുന്നു. അക്കാര്യം പറയുമ്പോൾ ഇപ്പോഴും മറക്കാനാവാത്ത ഒരു അനുഭവം ശ്രീകലയ്ക്കുണ്ട്.
‘‘വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എങ്കിലും ഇന്നും അത് മറക്കാനായിട്ടില്ല. നഴ്സിങ് പഠിച്ചത് ആന്ധ്രാപ്രദേശിലായിരുന്നു. വീട്ടിൽനിന്ന് ആദ്യമായി മാറി നിൽക്കുന്ന സമയം. രുചിയോടെ ഭക്ഷണം കഴിച്ചിരുന്നയാൾ ഇനി എങ്ങനെ അവിടെ പൊരുത്തപ്പെടും എന്നതായിരുന്നു വീട്ടുകാരുടെയടക്കം ചിന്ത. കോഴ്സ് പൂർത്തിയാക്കാതെ തിരികെ വരും എന്നായിരുന്നു അച്ഛനും അമ്മയും ആങ്ങളമാരും കരുതിയിരുന്നത്. നേരിയ ആശങ്ക മനസ്സിൽ ഉണ്ടെങ്കിലും അതു പ്രകടിപ്പിച്ചില്ല. അന്യനാട്ടിലെ വിഭവങ്ങളുടെ ഭക്ഷണരുചിയുമൊക്കെ അറിയാമെന്ന എക്സൈറ്റ്മെന്റായിരുന്നു മനസ്സിൽ.
ഉപ്പിലിട്ട മാങ്ങയും നാരങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ അമ്മ പൊതിഞ്ഞ് നൽകിയിരുന്നു. അങ്ങനെ ആന്ധ്രയിലെത്തി. പ്രതീക്ഷിച്ചതിലും വിപരീതമായിരുന്നു കാര്യങ്ങൾ. അമ്മയുടെ മുളകരച്ച മീൻകറിയും പയർ തോരനും മത്തിപീരയും കുത്തരിച്ചോറുമൊക്കെ കിട്ടാത്തത് ആകെ വിഷമിപ്പിച്ചു. അവിടുത്തെ ഭക്ഷണം ആകെ വലച്ചു. വീട്ടിലേക്ക് തിരികെ പോകാനും പറ്റില്ല, അങ്ങനെ അവിടെ കഴിച്ചുകൂട്ടിയ 5 കൊല്ലം മറക്കാനാവില്ല. ആദ്യം ഹോസ്റ്റലിൽ ആയിരുന്നു താമസം, അവിടുത്തെ ഭക്ഷണം മടുത്തു തുടങ്ങി. പിന്നെ ഞങ്ങൾ 3 സുഹൃത്തുക്കൾ ചേർന്ന് വീട് എടുത്തു. അത്യാവശ്യം കേരള സാധനങ്ങൾ വിൽക്കുന്ന കടകളൊക്കെ അന്വേഷിച്ച് സാധനം വാങ്ങി തനിയെ പാചകവും തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം ചായയ്ക്ക് കഴിക്കാൻ ഒന്നുമില്ലായിരുന്നു.

ഒപ്പമുള്ള സുഹൃത്ത് അന്യനാട്ടുകാരിയായിരുന്നു. അവൾ നാട്ടിൽ പോയി വന്നപ്പോൾ കുറെ സ്നാക്സ് കൊണ്ടുവന്നിരുന്നു. അതിലൊന്ന് പൊട്ടിച്ച് കഴിച്ചു. നമ്മുടെ നാട്ടിലെ മിക്സ്ചർ പോലെ എനിക്ക് തോന്നി. നല്ല ക്രിസ്പി ആയിരുന്നു. ഞാൻ കുറെ കഴിച്ചു. സൂപ്പറായിരുന്നു. എന്താ ഇതെന്ന് അവളോട് ചോദിച്ചപ്പോൾ ഇൗയൽ വറുത്തതാണെന്ന് പറഞ്ഞു. ഞാൻ ആകെ ഞെട്ടി. ശരിക്കും ഛർദ്ദിക്കാൻ വന്നു. ജീവിതത്തിൽ ആദ്യമായാണ് എനിക്ക് അങ്ങനെയൊരു അബദ്ധം പറ്റുന്നത്. പാറ്റയെയും പാമ്പിനെയും തേളിനെയും ഈയലിനെയുമൊക്കെ ഭക്ഷണമാക്കുന്ന നാടുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അന്ന് രുചിയോടെ ഇൗയൽ ഫ്രൈ കഴിച്ചത് മറക്കാനാവില്ല. അന്നത്തെ ആ സംഭവത്തിനു ശേഷം ആര് എന്ത് തന്നാലും കൃത്യമായി എന്താണെന്ന് തിരക്കിട്ടേ കഴിക്കാറുള്ളൂ.’’