ADVERTISEMENT

അഭിനയത്തോടൊപ്പം എഴുത്തും യാത്രയും പാചകവുമെല്ലാം താൽപര്യമുള്ള താരമാണ് ഗായത്രി അരുൺ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ഗായത്രി സിനിമയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ യൂട്യൂബ് ചാനലിൽ ഇടയ്ക്കിടെ ചില പാചകവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. താനൊരു നല്ല ഭക്ഷണപ്രിയയാണെന്നും  പാചകം ഇഷ്ടമാണെന്നും ഗായത്രി പറയുന്നു. യാത്ര പോകുമ്പോൾ ആ നാട്ടിലെ ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കാറുണ്ടെങ്കിലും അതിൽ തന്നേക്കാൾ താൽപര്യം ഭർത്താവ് അരുണിനും മകൾ കല്ലുവിനുമാണെന്നും കൂട്ടിച്ചേർക്കുന്ന ഗായത്രി, ഇഷ്ടഭക്ഷണ വിശേഷങ്ങൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുന്നു. ഉണക്കമീൻ ചോറ്, പശയുള്ള മാമ്പഴച്ചോറ്: മലേഷ്യൻ വിഭവങ്ങൾ ഇങ്ങനെയൊക്കെയാണ്

ഈയിടെ മലേഷ്യയിൽ പോയപ്പോൾ കഴിക്കണമെന്നു കരുതിയ വിഭവമാണ് നാസി ലമാക്. പലരും പറഞ്ഞും ഇൻസ്റ്റഗ്രാമിൽ കണ്ടുമൊക്കെ അതിനെപ്പറ്റി അറിയാം. മലേഷ്യയുടെ ദേശീയ ഭക്ഷണമായിട്ടാണ് അതിനെ കണക്കാക്കുന്നത്. അവിടെ ഫുഡ് സ്ട്രീറ്റിലെ ഒരു കടയിൽനിന്ന് നാസി ലെമാക് കഴിച്ചു. മലേഷ്യൻ വിഭവങ്ങളിലെല്ലാം ഒരു പ്രധാന ചേരുവയാണ് ഉണക്കമീൻ. അവരുടെ പരമ്പരാഗത വിഭവങ്ങളിൽ ഉണക്കമീൻ ചേർത്തിട്ടുണ്ടാകും. അത് കഴിക്കേണ്ട രീതി അവർ കാണിച്ചു തരും. 

gayatri-food
Image Credit: Gayathri Arun/Instagram

ചോറാണ് പ്രധാനം. അതിനൊപ്പം ഉണക്കമീനും പുഴുങ്ങിയ മുട്ടയും ഒക്കെ ചേർത്തുവേണം കഴിക്കാൻ. പരീക്ഷിച്ച മറ്റൊരു മലേഷ്യൻ വിഭവമായിരുന്നു മാംഗോ റൈസ്. പഴുത്ത മാങ്ങയോടൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ചോറാണ് ഇത്. ഈ ചോറ് പശ പോലെയിരിക്കും. തേങ്ങാപ്പാലും ഒഴിച്ചാണു വിളമ്പുക. മടിച്ചു മടിച്ചാണ് ഞാനത് കഴിച്ചത്. പക്ഷേ നല്ല രുചിയുള്ള വിഭവമാണ്. യാത്ര പോകുമ്പോൾ പലരും ആ നാട്ടിലെ തനത് ഭക്ഷണം കഴിക്കാറുണ്ടല്ലോ. ഞാൻ പൊതുവെ അങ്ങനെ എല്ലാ വിഭവങ്ങളും പരീക്ഷിക്കാറില്ല. എന്റെ ഭർത്താവും മകളും പക്ഷേ തിരിച്ചാണ്. അവർ എല്ലാത്തരം രുചികളും ട്രൈ ചെയ്തുനോക്കും. സുഷി പോലെയുള്ള വിഭവം വരെ എന്റെ മകൾ കൂളായി കഴിക്കും. എനിക്ക് പക്ഷേ അത്തരം ഭക്ഷണങ്ങൾ പറ്റില്ല. 

കേരളഫുഡ് തയാറാക്കാൻ കുറച്ച് പണിയാണ് 

പാചകം ഇഷ്ടമാണ്. പക്ഷേ നമ്മുടെ കേരള ഫുഡ് തയാറാക്കൽ കുറച്ച് ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ച് സദ്യ. അവിയൽ, സാമ്പാർ, കിച്ചടി, പച്ചടി അതൊക്കെയാണ് എനിക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. വളരെ ചെറുപ്പം മുതൽ സ്പെഷൽ സ്നാക്സുകളും വൈകുന്നേരത്തെ ചായക്കടികളുമൊക്കെ സ്കൂൾ വിട്ട് വന്ന് പരീക്ഷിച്ചുനോക്കാൻ ഇഷ്ടമായിരുന്നു. 

ടിവിയിലെ കുക്കറി ഷോയിൽ കാണിക്കുന്ന വിഭവങ്ങളൊക്കെ വീട്ടിലും പാകം ചെയ്തുനോക്കും. അവർ അത് എങ്ങനെയാണു ചെയ്യേണ്ടത് എന്നൊക്കെ പറയുമല്ലോ, ഞാനും വീട്ടിൽ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടായിരിക്കും പാചകം. അതൊക്കെയായിരുന്നു അന്നത്തെ ഹോബി. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ അതിൽ എന്റെ സ്വന്തം റെസിപ്പികളും ഉൾപ്പെടുത്താറുണ്ട്. പാചകം ഇഷ്ടപ്പെടുന്നതുപോലെ ഞാനൊരു ഭക്ഷണപ്രിയയുമാണ്. പക്ഷേ എന്തുകഴിച്ചാലും നമ്മുടെ ആരോഗ്യം ശ്രദ്ധിച്ചു മാത്രമേ കഴിക്കാറുള്ളു. കാണുന്നതെന്തും കഴിക്കുന്ന ശീലമില്ല. അളവിൽ കവിഞ്ഞ് ഒന്നും കഴിക്കാറില്ല. 

gayatri-food-video
Image Credit: Gayathri Arun/Instagram

ബിരിയാണിയാണ്  ഫേവറിറ്റ് 

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതെന്നു ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേയുള്ളൂ, ബിരിയാണി. അതിൽ പരീക്ഷണങ്ങളും നടത്താറുണ്ട്. ഏത് സന്ദർഭത്തിലും ബിരിയാണിയോടുള്ള ഇഷ്ടം മാറില്ല. എവിടെപ്പോയാലും ആ നാട്ടിലെ സ്പെഷൽ ബിരിയാണി കഴിക്കാറുണ്ട്. അങ്ങനെ പലയിടത്തും പോയി ബിരിയാണി കഴിച്ചിട്ടുണ്ട്. ചിലതൊക്കെ വീട്ടിൽ വന്ന് ഉണ്ടാക്കി നോക്കിയിട്ടുമുണ്ട്. 

മലയാളികൾക്ക് പൊതുവെ ചോറ് നിർബന്ധമാണല്ലോ. എന്നാൽ എനിക്കങ്ങനെ ഇല്ല. എവിടെച്ചെന്നാലും അവിടുത്തെ ഫുഡ് എനിക്ക് ഓകെയാണ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഭയങ്കര ഇഷ്ടമാണ്. എന്നാലും കുറച്ചുദിവസം വീട്ടിൽനിന്നു മാറിനിന്നാൽ നമ്മുടെ ഭക്ഷണം മിസ് ചെയ്യാറുണ്ട്. എനിക്ക് എപ്പോഴും തോന്നാറുണ്ട് ഇത്രയധികം രുചിഭേദങ്ങളുള്ള ഒരു നാട് വേറെയുണ്ടോയെന്ന്. കാരണം ഏതു നാടിനും പൊതുവായൊരു ഫ്ലേവറുണ്ടാകും. എന്നാൽ നമ്മുടെ ഒരു വിഭവത്തിനും മറ്റൊന്നുമായി സാമ്യമുണ്ടാകില്ല. അത്രമാത്രം രുചിയോടെയാണ് നമ്മുടെ ഓരോ വിഭവവും തയാറാക്കപ്പെടുന്നത്. വ്യത്യസ്തമായ രുചി അനുഭവിക്കണമെങ്കിൽ ദക്ഷിണേന്ത്യൻ ഭക്ഷണം കഴിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുളളത്. 

gayathri-arun-girl
Image Credit: Gayathri Arun/Instagram

പാചകം ഇഷ്ടപ്പെടുന്ന എല്ലാവരും ചെയ്യുന്ന ഒരു കാര്യം, ഒരു പുതിയ വിഭവം കണ്ടാൽ അത് വീട്ടിൽ പാചകം ചെയ്തുനോക്കുമെന്നുള്ളതാണ്. ഞാനും അങ്ങനെയാണ്. അതിൽ എന്റേതായ ചില പൊടിക്കൈകളൊക്കെ ചേർക്കും. ചിലത് ഉണ്ടാക്കി വരുമ്പോൾ നമ്മൾ ചേർക്കുന്ന ചേരുവകളിലൂടെ അത് നമ്മുടേതായ റെസിപ്പിയായി മാറാറുമുണ്ട്. അതുകൊണ്ടുതന്നെ, സ്വന്തമായി കണ്ടുപിടിച്ച ഉണ്ണിമധുരമൊന്നും എന്റെ പക്കലില്ല. എന്തുണ്ടാക്കിയാലും അത് ഹെൽത്തിയായിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഡയറ്റൊക്കെ നോക്കുന്നതുകൊണ്ട് എന്റെ എല്ലാ വിഭവങ്ങളും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ കല്ലുവിനും അരുണിനുമായി അങ്ങനെയല്ലാത്ത എന്തെങ്കിലുമൊക്കെ തയാറാക്കിക്കൊടുക്കാനും എനിക്കിഷ്ടമാണ്. ചിലപ്പോൾ എനിക്ക് കഴിക്കാനായി ഉണ്ടാക്കുന്നത് മകളും വന്ന് ചോദിച്ച് വാങ്ങി കഴിക്കും. അത്തരമൊരു ഡിഷാണ് ഒാംലെറ്റ്. വളരെ ഹെൽത്തിയായ വെജിറ്റബിൾ ചീസ് ഓംലെറ്റ്. 

gayathri-family

ആവശ്യമുളള സാധനങ്ങൾ 

മുട്ട രണ്ടെണ്ണം, നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഏത് തരം പച്ചക്കറിയും ഇതിൽ ഉപയോഗിക്കാം. കാരറ്റ്, കാപ്സിക്കം, ബീൻസ്, സവോള അങ്ങനെ എന്തും. അതിന്റെ കൂടെ ഒരു സ്വീറ്റ് കോൺ പുഴുങ്ങി അടർത്തിയെടുത്തതും ചേർക്കാം. ചീസോ പനീറോ ചേർക്കാം. ഇനി എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. പനീർ ക്യൂബാണെങ്കിൽ അതും പൊടിയായി അരിഞ്ഞെടുക്കണം. ഒരു പാൻ ചൂടാക്കി കുറച്ച് ബട്ടർ ഇട്ടുകൊടുക്കാം.

അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പച്ചക്കറികൾ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കാം. ഇവ ചൂടായി വരുമ്പോൾ അതിലേയ്ക്ക് സ്വീറ്റ് കോൺ ചേർത്തുകൊടുക്കാം. പുറകെ പനീറും ചീസും കൂടി ഇടാം. ഇനി ഇതിലേയ്ക്ക് കുറച്ച് കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർക്കണം. ഇനി ഇതൊന്നും ചേർക്കാതെ വെറും ഉപ്പും കുരുമുളകുപൊടിയും മാത്രമേ ഉള്ളുവെങ്കിലും നല്ല രുചിയാണ്. ഇനി കുറച്ചുനേരം ഈ പച്ചക്കറികൾ മൂടിവച്ച് വേവിക്കുക. അതിനുശേഷം ഉപ്പും കുരുമുളകും ചേർത്തിളക്കിയ മുട്ട അതിന്റെ മുകളിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. അതിനുശേഷം രണ്ട് മിനിറ്റു മൂടിവച്ച് വേവിച്ചാൽ വെജിറ്റബിൾ ചീസ് ഓംലെറ്റ് റെഡി. 

English Summary:

Gayathri Arun shares her favorite food and cooking experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com