ADVERTISEMENT

പാരിസിലെ ഏറ്റവും പ്രശസ്തമായ റസ്റ്ററന്റുകളിൽ ഒന്നായ ലാ ടൂർ ഡി അർജന്റിൽനിന്ന് പതിമൂന്നു കോടിയിലധികം രൂപ വില മതിക്കുന്ന വൈന്‍ കുപ്പികള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. ഏകദേശം 442 വർഷം പഴക്കമുള്ള റസ്റ്ററന്റിൽനിന്നു കാണാതായ കുപ്പികളിൽ, വില കൂടിയ വിന്റേജ് വൈനുകളുടെ ഉൽ‌പാദനത്തിനു പ്രശസ്തമായ ബർഗണ്ടി എസ്റ്റേറ്റിലെ ഡൊമൈൻ ഡി ലാ റൊമാനീ കോണ്ടിയിൽ നിന്നുള്ള വൈനുകളും ഉൾപ്പെടുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.

റസ്റ്ററന്റിന്റെ നിലവറയിലെ ശേഖരത്തിൽ ലക്ഷക്കണക്കിനു വൈൻ കുപ്പികളുണ്ട്. ഏറ്റവുമൊടുവിൽ നടന്ന കണക്കെടുപ്പിലാണ് ഇവിടെനിന്ന് 83 കുപ്പികൾ നഷ്ടപ്പെട്ടതായി കണ്ടത്. ഇവയ്ക്ക് എട്ടു കിലോയോളം ഭാരം വരും. എപ്പോഴാണ് ഇവ മോഷ്ടിക്കപ്പെട്ടതെന്നു കൃത്യമായി പറയാനായിട്ടില്ല. കുപ്പികളില്‍ പ്രത്യേക അടയാളങ്ങള്‍ ഉള്ളതിനാല്‍ ഇവ വില്‍ക്കാൻ ബുദ്ധിമുട്ടാണെന്ന് റസ്‌റ്ററന്‍റ് അധികൃതര്‍ പറയുന്നു.

പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് നിര്‍മിച്ച ലാ ടൂർ ഡി അർജന്‍റ് പാരിസിലെ ഏറ്റവും പഴക്കം ചെന്ന റസ്റ്ററന്റായാണ് കരുതപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടുത്തെ കനാർഡ് ഓ സാങ് എന്ന താറാവ് കറി പ്രസിദ്ധമായിരുന്നു. 

2022 ൽ നടത്തിയ വിപുലമായ നവീകരണത്തിനു ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റസ്റ്ററന്റ് വീണ്ടും തുറന്നത്. ഗ്രൗണ്ട്-ഫ്ലോർ ബാർ, ആഡംബര ഹോട്ടൽ സ്യൂട്ട്, റൂഫ്‌ടോപ്പ് ടെറസ്, ഡൈനിങ് റൂമിൽ ഒരു തുറന്ന അടുക്കള എന്നിവ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങള്‍ ഇവിടെയുണ്ട്. എലിസബത്ത് രാജ്ഞി, ചാർലി ചാപ്ലിൻ, ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്, സാൽവദോർ ദാലി, ബ്രാഡ് പിറ്റ്, ആഞ്ജലീന ജോളി തുടങ്ങിയ പല പ്രശസ്തരും റസ്റ്ററന്റ് സന്ദര്‍ശിച്ചിട്ടുണ്ട്. 2007-ൽ പുറത്തിറങ്ങിയ അനിമേറ്റഡ് സിനിമ ‘റാറ്ററ്റൂയി’ക്കു പ്രചോദനമായതും ഈ റസ്റ്ററന്റാണ്.

English Summary:

Paris Restaurant That Inspired 'Ratatouille' Loses $1.6 Million Worth Of Wine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com