ADVERTISEMENT

ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇടനേരങ്ങളില്‍ കഴിക്കാവുന്ന ഏറ്റവും മികച്ച ലഘുഭക്ഷണമാണ് ഡ്രൈ ഫ്രൂട്സും നട്സും. നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, അവശ്യപോഷകങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍, ആരോഗ്യകരമാണെന്ന് കരുതി ഡ്രൈഫ്രൂട്സും നട്സും നിയന്ത്രണമില്ലാതെ കഴിക്കരുത്. അത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. 

ഹൈപ്പർകലേമിയ

ഡ്രൈ ഫ്രൂട്സിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവ ഒരു പരിധിക്കപ്പുറം കഴിക്കുന്നത് ശരീര സ്രവങ്ങളിലെ പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിച്ച് പ്രമേഹം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം എന്നു പറയപ്പെടുന്നു.

ദഹനപ്രശ്നങ്ങൾ

ഡ്രൈ ഫ്രൂട്സിലെ ഉയർന്ന നാരിന്റെ അംശം ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇത്, ഗ്യാസ്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

ഭാരം കൂടും

ഡ്രൈ ഫ്രൂട്സില്‍ ഉയര്‍ന്ന അളവില്‍ കാലറി അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോള്‍, ഭാരം കുറയുന്നതിന് പകരം കൂടാന്‍ ഇത് കാരണമായേക്കും.

dry-fruits
Image Credit: SMarina/Istock

വെറുംവയറ്റില്‍ കഴിക്കുമ്പോള്‍

ബദാം, കശുവണ്ടി തുടങ്ങിയവ രാത്രി കുതിര്‍ത്തുവച്ച് രാവിലെ കഴിക്കാറുണ്ട്. എന്നാല്‍ എല്ലാ ഡ്രൈഫ്രൂട്സും ഇങ്ങനെ കഴിക്കുന്നത് നല്ലതല്ല. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഈന്തപ്പഴം, ആപ്രിക്കോട്ട് മുതലായവ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. കൂടാതെ, ഗ്യാസ്ട്രബിള്‍, വയറിന് അസ്വസ്ഥത മുതലായ പ്രശ്നങ്ങളും ഉണ്ടായേക്കാം.

ആരോഗ്യപ്രശ്നങ്ങള്‍

ഉണക്കമുന്തിരി, ഉണക്കിയ ആപ്രിക്കോട്ട്, ബദാം എന്നിവ പോലുള്ള മിക്ക ഡ്രൈഫ്രൂട്സും ആകർഷകവും തിളക്കവുമുള്ളതാക്കാൻ സൾഫൈറ്റുകൾ അടങ്ങിയ പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നുവെന്ന് പറപ്പെടുന്നു. ആസ്മ, ചർമത്തില്‍ തിണർപ്പ്, വയറുവേദന എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ രാസവസ്തുക്കള്‍. കൂടാതെ, അമിതമായി കഴിക്കുമ്പോള്‍ ഡ്രൈഫ്രൂട്സില്‍ അടങ്ങിയ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ ഇടയാക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ല.

ചർമ സംബന്ധമായ പ്രശ്നങ്ങൾ

പ്രോട്ടീനുകളും കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചർമത്തിലെ എണ്ണഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനത്തിന്‌ കാരണമാകും. ഇത് കൂടുതല്‍ സെബം ഉല്‍പ്പാദിപ്പിക്കാനും തന്മൂലം മുഖക്കുരു ഉണ്ടാകാനും കാരണമാകും.

ഡ്രൈ ഫ്രൂട്ട്സ് മിൽക്ക് ഷേക്ക് ഉണ്ടാക്കാം

ചേരുവകൾ

കശുവണ്ടി–10 എണ്ണം
ബദാം–10 എണ്ണം
പിസ്ത–10എണ്ണം
അത്തിപ്പഴം–5എണ്ണം
വാൽനട്ട്–5എണ്ണം
ഈന്തപ്പഴം–5എണ്ണം

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഡ്രൈഫ്രൂട്സ് എടുത്ത് അതിലേക്ക് തിളച്ചവെള്ളം ചേർത്ത് 1 മണിക്കൂർ കുതിർക്കാം. അതിനു ശേഷം ബദാമിന്റെ തൊലിയും ഈന്തപ്പഴത്തിന്റെ കുരുവും കളഞ്ഞ് മിക്സിയുടെ ജാറിലിട്ട് തണുത്ത പാലും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം കട്ടിയായ പാലും മധുരത്തിന് ആവശ്യമായ തേനും ചേർത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസിലേക്ക് മാറ്റാം. ചെറുതായി അരിഞ്ഞെടുത്ത ഡ്രൈ ഫ്രൂട്സ് ചേർത്ത് അലങ്കരിക്കാം. ഹെൽത്തിയായിട്ടുള്ള ഷേക്ക് ആണിത്. 

English Summary:

Reasons To Eat Dried Fruits On An Empty Stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com