ADVERTISEMENT

എല്ലാദിവസവും വീട്ടില്‍ ചോറുണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന കഞ്ഞിവെള്ളം നമ്മള്‍ കളയാറാണ് പതിവ്.  ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കുന്നത് പണ്ടുള്ളവരുടെ ശീലമായിരുന്നു. എന്നാല്‍ ഇന്ന് ആരും അങ്ങനെ ചെയ്യുന്നില്ല. വെറുതെ പാഴാക്കിക്കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് അടിപൊളി രസം ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ കഴിക്കാവുന്ന ഈ കിടിലന്‍ രസം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം
* ചോറൂറ്റിയ ശേഷം ബാക്കിവരുന്ന കഞ്ഞിവെള്ളം എടുത്തു വയ്ക്കുക.
* ഒരു പാന്‍ ചൂടാക്കിയ ശേഷം അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കടുക്, ഒരു ടീസ്പൂണ്‍ ജീരകം, ഒരു ചുവന്ന മുളക് എന്നിവ ചേര്‍ത്ത് താളിക്കുക.
* ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേര്‍ത്ത് രണ്ടു മിനിറ്റ് വഴറ്റുക
* ഒരു വലിയ തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. ഒപ്പം ഒരുപിടി കറിവേപ്പില കൂടി ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
* ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തില്‍ വാളന്‍പുളി പിഴിഞ്ഞെടുത്ത് അത് അടുപ്പത്തേക്ക്  ഒഴിക്കുക.
* ഇതിലേക്ക് ആവശ്യത്തിന്‌ കായം പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ രസം പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. 
* ഇതിലേക്ക് ഒരു കപ്പ്‌ കഞ്ഞിവെള്ളം ഒഴിച്ച് രണ്ടു മിനിറ്റ് തിളപ്പിക്കുക 
* നന്നായി തിളച്ചു വന്ന ശേഷം, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് മല്ലിയില എന്നിവ കൂടി ചേര്‍ത്ത് വാങ്ങിവെക്കാം. കഞ്ഞിവെള്ളം കൊണ്ടുള്ള രസം റെഡി!

കഞ്ഞിവെള്ളം എന്ന പവര്‍ഹൗസ്

കഞ്ഞിവെള്ളം ഒരു പാചക ഉപോൽപ്പന്നം മാത്രമല്ല - അവശ്യ വൈറ്റമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും നിറഞ്ഞ ഒരു പോഷക പവർഹൗസാണ് ഇത്. ശരീരത്തിനകത്തും പുറത്തും ഒരുപോലെ ഗുണങ്ങള്‍ നല്കാന്‍ ഇതിനു കഴിയും. 
കഞ്ഞിവെള്ളത്തില്‍ അന്നജത്തിന്റെ രൂപത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിന്‌ പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്നു. കലകളുടെയും പേശികളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും ഇതിലുണ്ട്. കൂടാതെ, ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി 6 (പിറിഡോക്സിൻ), ബി 9 (ഫോളേറ്റ്) എന്നിവയുൾപ്പെടെ ബി വൈറ്റമിനുകൾ അരി വെള്ളത്തിൽ സമ്പുഷ്ടമാണ്. ഈ വൈറ്റമിനുകൾ ഉപാപചയം, ഊർജ്ജ ഉത്പാദനം, നാഡീവ്യവസ്ഥയുടെ പ്രവർത്തനം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു.

ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കളും കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. ചൂടുകാലത്ത് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നത് ദാഹം അകറ്റുക മാത്രമല്ല, നിര്‍ജ്ജലീകരണം തടയാനും സഹായിക്കും. അതുകൊണ്ടുതന്നെ, വയറിളക്കം പോലെ വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്ന സമയത്തും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.
 

കഞ്ഞിവെള്ളത്തില്‍ അടങ്ങിയ ആൻ്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ അകാല വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കും. കൂടാതെ കേടായ മുടി നന്നാക്കാനും അറ്റം പിളരുന്നത് തടയാനും സഹായിക്കുന്ന കാർബോഹൈഡ്രേറ്റായ ഇനോസിറ്റോൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത്, ആ വെള്ളം മുടിയില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.

English Summary:

Don't throw that rice water away, use it like this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com