ADVERTISEMENT

വേനല്‍ക്കാലമാണ്. കടകളിൽ ചുവന്നുതുടുത്ത തണ്ണിമത്തങ്ങ എത്തിത്തുടങ്ങി. സാധാരണയായി ഇവ കഴിച്ച ശേഷം കട്ടിയുള്ള പുറംതോട് കളയുകയാണ് പതിവ്. എന്നാല്‍ ഇവ വളരെയേറെ പോഷകഗുണവും രുചിയുമുള്ള ഒരു ഭക്ഷണമാണ് എന്ന കാര്യം അറിയാമോ? തണ്ണിമത്തന്‍റെ തോടിൽ കാലറി കുറവാണ്, എന്നാല്‍ പോഷകങ്ങൾ വളരെ കൂടുതലാണ്. വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ദഹനം മെച്ചപ്പെടുത്തുന്ന നാരുകളും ധാരാളമുണ്ട്. രോഗപ്രതിരോധ പ്രവർത്തനം  മുതൽ ചർമത്തിന്റെ ആരോഗ്യം വരെയുള്ള ഒട്ടേറെ കാര്യങ്ങളില്‍ ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. 

1474638183
Image Credit: LittleCityLifestylePhotography/Istock

തണ്ണിമത്തന്‍റെ തോടിൽ ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും പേരുകേട്ടതാണ് ലൈക്കോപീൻ. സിട്രുലിൻ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ഇത്രയേറെ പോഷകങ്ങള്‍ അടങ്ങിയ തണ്ണിമത്തങ്ങാ തോട് കളയുന്നതെങ്ങനെ? അച്ചാര്‍ ഇട്ടും വറുത്തും തോരന്‍ വച്ചുമെല്ലാം ഇത് കഴിക്കാം. ഇതുപയോഗിച്ച് വളരെ എളുപ്പം തയാറാക്കാവുന്ന ഒരു വിഭവമാണ് തണ്ണിമത്തങ്ങാ തോട് കൂട്ട്. 

watermelon-mojito

ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ക്രിയേറ്റര്‍ ആയ സരസ്വതി പാട്ടി പങ്കുവെച്ച ഈ വിഭവം തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. ആദ്യം തണ്ണിമത്തന്‍റെ തൊലി എടുത്ത്, അതിന്‍റെ പച്ച നിറമുള്ള ഭാഗം ചെത്തിക്കളയാം. ഇത് ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് ശുദ്ധമായ വെള്ളത്തില്‍ കഴുകി എടുക്കുക തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ് എന്നിവ ഓരോ കപ്പ്‌ വീതം, അല്ലെങ്കില്‍ ആവശ്യത്തിന്‌ എടുത്ത് മുന്നേ കുതിര്‍ത്തു വയ്ക്കണം.

Image Credit: v777999/Istock
Image Credit: v777999/Istock

മിക്സിയില്‍ ഒരു കപ്പ്‌ തേങ്ങ, നാല് ഉണക്കമുളക്, ഒരു ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പ്രഷര്‍കുക്കര്‍ അടുപ്പത്തു വച്ച്, വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. അല്‍പ്പം ഉഴുന്ന്, കറിവേപ്പില എന്നിവ കൂടി ഇട്ട് താളിക്കുക. നേരത്തേ അരിഞ്ഞുവെച്ച തണ്ണിമത്തന്‍ തൊലിയുടെ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുതിര്‍ത്ത പരിപ്പുകള്‍ ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കുക. കുക്കര്‍ മൂടി വച്ച്, 2-3 വിസില്‍ അടിക്കുന്നത് വരെ വേവിക്കുക. ആവി പോയ ശേഷം, കുക്കര്‍ തുറന്ന്, നേരത്തേ അരച്ച് വച്ച തേങ്ങാക്കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പത്തുനിന്നു വാങ്ങിവയ്ക്കുക. ഈ കറി ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്.

തണ്ണിമത്തൻ നല്ലത് തിരഞ്ഞെടുക്കാം

ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതൽ തോന്നുന്നത് വാങ്ങിക്കാം. ഇതിനു ജൂസ് കൂടുതലാകും. തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ചറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു. തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. 

Image Credit : Caftor/ Shutterstock
Image Credit : Caftor/ Shutterstock

യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും. മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാൽ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരലുകൾ കൊണ്ട് അമർത്താൻ സാധിക്കും.

വിളവു പാകമാകാത്തതിന്റെ പുറംതോടിനു കട്ടി കൂടുതലായിരിക്കും. നിറം പരിശോധിച്ച് അറിയാം, കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർത്ഥമാക്കുന്നത്. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം  വെളുത്ത നിറമാണെങ്കിൽ, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com