ADVERTISEMENT

ഇഷ്ട വിഭവങ്ങൾ, പ്രത്യേകിച്ച് മധുരം കൂടുതലായി അടങ്ങിയിട്ടുള്ളവയും വറുത്തതും പൊരിച്ചതുമായവയുമൊക്കെ കാണുമ്പോൾ ആരാണ് കഴിക്കാതിരിക്കുക? ശരീരത്തിന് ഇവയൊട്ടും ഗുണകരമല്ലെന്നു അറിയാമെങ്കിലും കാണുമ്പോൾ കഴിച്ചു പോകുന്ന ലോലഹൃദയരാണ് നമ്മിൽ ഭൂരിപക്ഷവും. ഫലമോ ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നതിനും, ജീവിത ശൈലീ രോഗങ്ങൾ കീഴ്‌പ്പെടുത്തുന്നതിനുമൊക്കെയിടയാക്കും. ഭക്ഷണ കാര്യത്തിൽ കുറച്ച് നിയന്ത്രണങ്ങൾ പാലിക്കുകയാണെങ്കിൽ ശരീരഭാരം ഒരു പരിധിവരെ നിയന്ത്രിക്കാം. അതിനായി പച്ചക്കറികൾ ചേർത്ത സാലഡുകൾ ശീലമാക്കാവുന്നതാണ്. പച്ചയ്ക്ക് കഴിക്കാൻ കഴിയുന്നതിൽ ഏറ്റവും രുചികരമായ പച്ചക്കറികളിലൊന്നാണ് കാരറ്റ്. അത് പ്രധാന ചേരുവയായി ചേർത്ത് മൂന്നു സാലഡുകൾ തയാറാക്കാം. ശരീരഭാരം നിയന്ത്രിക്കാമെന്നു മാത്രമല്ല, ആരോഗ്യകരവുമാണിത്. 

ഫൈബർ ധാരാളമായി അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. അതേ സമയം കാലറി കുറവാണെന്ന മേന്മയുമുണ്ട്. അതുകൊണ്ടാണ് സാലഡുകളിൽ കാരറ്റ് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ചേരുവയാകുന്നത്. ജലാംശം കൂടുതലടങ്ങിയിരിക്കുന്നുവെന്നതും വിറ്റാമിനുകളുടെ കലവറ ആണെന്നതും ധാതുക്കളാൽ സമ്പുഷ്ടമാണെന്നതും കാരറ്റിന്റെ പ്രിയം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. വിശപ്പിനെ ശമിപ്പിക്കാനുള്ള ശേഷി ക്യാരറ്റിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഇല്ലാതെയാക്കുന്നു.

carrot-salad
Image Credit: t:OKrasyuk/Istock

കാരറ്റ് - കുക്കുമ്പർ സാലഡ് 
കാലറി വളരെ കുറഞ്ഞ പച്ചക്കറികളാണ് കാരറ്റ‌ും കുക്കുമ്പറും. എന്നാൽ ധാരാളം നാരുകൾ അടങ്ങിയ, വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് ഈ സാലഡ്. കാരറ്റും കുക്കുമ്പറും ചെറുതായി അരിഞ്ഞെടുക്കണം. അതിലേക്കു അല്പം ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേർക്കാവുന്നതാണ്. തേനോ ഒലിവ് ഓയിലോ ആവശ്യമെങ്കിൽ ഡ്രസിങ്ങിനായി ഉപയോഗിക്കാം. ഉപ്പും കുരുമുളകും അല്പം മല്ലിയിലയും കൂടി വേണമെങ്കിൽ ചേർക്കാം.

കാരറ്റ് - തക്കാളി സാലഡ് 
അല്പം എരിവ് ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു സാലഡാണിത്. കാരറ്റിനൊപ്പം തന്നെ തക്കാളിയ്ക്കും പ്രാധാന്യമുള്ളയിതു തയാറാക്കിയെടുക്കുന്നതും എളുപ്പമാണ്. ഗ്രേറ്റ് ചെയ്തെടുത്ത കാരറ്റിലേക്കു തക്കാളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ചേർക്കാം. ഒന്നോ രണ്ടോ പച്ചമുളക് ചെറുതായി അരിഞ്ഞതും അല്പം മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാനീരും ചാട്ട് മസാലയും ജീരക പൊടിയും കുറച്ച് ഓയിലും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

കാരറ്റ് - ബീറ്റ്‌റൂട്ട് സാലഡ് 
ഒരുമിച്ചു ചേരുമ്പോൾ ആരെയും ആകർഷിക്കുന്ന നിറത്താൽ വശീകരിക്കുന്ന സാലഡാണിത്. ആന്റിഓക്സിഡന്റുകളും നിരവധി പോഷകങ്ങളും നിറഞ്ഞ ഈ സാലഡിനു ഗുണങ്ങളും അധികമാണ്. ബീറ്റ്‌റൂട്ടും കാരറ്റും തുല്യ അളവിൽ ഗ്രേറ്റ് ചെയ്തെടുത്ത് അതിലേക്കു ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേർക്കാവുന്നതാണ്. പാകത്തിന് ഉപ്പും കുരുമുളക് പൊടിയും അല്പം ഒലിവ് ഓയിലും കൂടി ചേർക്കുന്നതോടെ  സാലഡ് റെഡി.

കാരറ്റ് കേടാകാതെ സൂക്ഷിക്കണോ?
പെട്ടെന്ന് ചീഞ്ഞുപോകുന്ന ഒരു പച്ചക്കറിയാണ് ഇത്. തണുപ്പ്കാലമാകുമ്പോള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തുന്ന കാരറ്റ് സൂക്ഷിച്ചുവയ്ക്കാന്‍ അത്ര എളുപ്പമല്ല. ഏതാനും ദിവസം കഴിയുമ്പോള്‍ത്തന്നെ ഇത് കേടായിപ്പോകും. കൂടുതല്‍ കാലം ഫ്രെഷായി സൂക്ഷിച്ചുവയ്ക്കാനിതാ ചില ടിപ്പുകള്‍.

carrot-cucumber-salad
Image Credit: HandmadePictures/Istock

പേപ്പർ ബാഗുകളില്‍ സൂക്ഷിക്കുക: കാരറ്റ് കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്. കാരറ്റ് സൂക്ഷിക്കുന്നതിന് മുമ്പ് ഒരു പത്രത്തിലോ പേപ്പർ ബാഗിലോ പൊതിയുന്നത് ഈര്‍പ്പത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും രക്ഷിക്കും. 

മണലില്‍ സൂക്ഷിക്കുക: ആദ്യം തന്നെ കാരറ്റ് നന്നായി കഴുകി ഉണക്കിയെടുക്കുക. ശേഷം മണല്‍ നിറച്ച ഒരു പാത്രത്തില്‍ ഇത് വയ്ക്കുക. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കാരറ്റ് കേടാകാതെ സൂക്ഷിക്കാം.
 
റഫ്രിജറേറ്ററില്‍ ശരിയായി സൂക്ഷിക്കുക: കാരറ്റ് റഫ്രിജറേറ്ററിനുള്ളില്‍ ശരിയായി സംഭരിച്ചാൽ, മൂന്നാഴ്ച വരെ കേടാകാതെ നിലനിൽക്കും. ഇതിനായി ആദ്യം കാരറ്റ് വൃത്തിയായി കഴുകി ഉണക്കുക. ഒരു പ്ലാസ്റ്റിക് ബാഗിലോ  പേപ്പർ ടവലിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിന്‍റെ ഡ്രോയറിൽ സൂക്ഷിക്കുക.  കാരറ്റ് ഇലകള്‍ ഉണ്ടെങ്കില്‍ അവ ആദ്യമേ മാറ്റണം എന്ന കാര്യം ശ്രദ്ധിക്കുക. പച്ചിലകൾ ഈർപ്പം വലിച്ചെടുക്കുന്നതിനാല്‍, കാരറ്റ് പെട്ടെന്ന് വാടിപ്പോകാന്‍ ഇത് കാരണമാകും.
അരിഞ്ഞ കാരറ്റ് സൂക്ഷിക്കാന്‍: ജോലിക്ക് പോകേണ്ട തിരക്കുള്ളവര്‍ക്ക് പച്ചക്കറികള്‍ എന്നും കഴുകി അരിഞ്ഞെടുക്കുക എന്നത് പ്രായോഗികമല്ല. അതിനാല്‍,കാരറ്റ് തൊലി കളഞ്ഞ് അരിഞ്ഞ് ഒരു സിപ്പ് ലോക്ക് ബാഗിൽ സൂക്ഷിക്കാം. ഇത് ഫ്രിഡ്ജില്‍ വയ്ക്കുക.
വെള്ളത്തില്‍ സൂക്ഷിക്കുക: ആദ്യം കേള്‍ക്കുമ്പോള്‍ അത്ര നല്ലതായി തോന്നില്ലെങ്കിലും, ക്യാരറ്റ് അര മാസം വരെ ഫ്രഷ് ആയി നിലനിർത്താനുള്ള എളുപ്പവഴിയാണിത്. ഇതിനായി ആദ്യം തന്നെ, കാരറ്റിന്‍റെ രണ്ടറ്റങ്ങളും ചെത്തിക്കളഞ്ഞ്, തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇത് ഒരു ജാറിലോ പ്ലാസ്റ്റിക് ബാഗിലോ വച്ച് അതില്‍ ശുദ്ധമായ വെള്ളം നിറയ്ക്കുക. മൂന്നാലു ദിവസം കൂടുമ്പോള്‍ ഈ വെള്ളം മാറ്റി കൊടുക്കാന്‍ ശ്രദ്ധിക്കണം.

English Summary:

This three cColoured Salad can help to lose weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com