ADVERTISEMENT

മീൻ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. കഴിക്കാനേറെ ഇഷ്ടമെങ്കിലും മീൻ വെട്ടി, വൃത്തിയാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കരിമീനോ പള്ളത്തിയോ പോലുള്ള മീനുകളാണെങ്കിൽ പറയുകയും വേണ്ട. വെട്ടിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. എന്നാലിനി അക്കാര്യമോർത്തു ടെൻഷൻ വേണ്ട. വളരെ എളുപ്പത്തിൽ കരിമീൻ വൃത്തിയാക്കിയെടുക്കാനുള്ള വഴി പറഞ്ഞു തരികയാണ് ജാസ്മിൻ. ഷാനവാസ്. ഈസി ഹോം എന്ന ഇൻസ്റ്റഗ്രാം പേജ്. അടുക്കളയിലെ തുടക്കക്കാർക്ക് പോലും മീൻ വെട്ടിയെടുക്കുക എന്നത് എളുപ്പമാക്കാൻ ഈ  വിദ്യകൾ പരീക്ഷിച്ചാൽ മതിയാകും.

karimeen
Image Credit: AALA IMAGES/Istock

വെട്ടിയെടുക്കാനുള്ള കരിമീനിന്റെ ചിറകുകളും വാലും മുറിച്ചു മാറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ചെതുമ്പലുകൾ കളയാതെ എല്ലാ മീനുകളുടെയും ചിറകുകളും വാലും മുറിച്ചു മാറ്റാവുന്നതാണ്. ഇനി ഒരു പാത്രത്തിൽ കുറച്ചു ചൂടുവെള്ളം എടുക്കാം. ചെറുചൂടുവെള്ളം മതിയാകും. അതിലേക്കു കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കണം. അരകിലോഗ്രാം മീനിനു കാൽ കപ്പ് വിനാഗിരി എന്ന അളവിലാണ് ചേർക്കേണ്ടത്. എല്ലാ മീനുകളും വിനാഗിരി ഒഴിച്ച ഈ വെള്ളത്തിലേക്ക് മാറ്റാം. മീനുകൾ മുങ്ങി കിടക്കുന്നത്രയും വെള്ളം വേണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പതിനഞ്ചു മിനിട്ടിനു ശേഷം മീനുകൾ ഓരോന്നായി എടുത്ത് ചെതുമ്പലുകൾ ഇളക്കി നോക്കാവുന്നതാണ്. ചെതുമ്പലുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. 

ഇനി  മീനിന് മുകളിലായി ഒരു കറുത്ത ചർമം കാണുവാൻ കഴിയും. അത് കളയുന്നതിനായി ഒരു പതിനഞ്ചു മിനിട്ടുകൾ കൂടി നേരത്തെ തയാറാക്കിയ ആ വിനാഗിരി മിശ്രിത്തിൽ മീൻ വീണ്ടും  മുക്കിവെയ്ക്കാവുന്നതാണ്. പതിനഞ്ചു മിനിട്ടിനു ശേഷം വളരെ എളുപ്പത്തിൽ കത്തി ഉപയോഗിച്ച് ഈ കറുത്ത നിറത്തിലുള്ള ചർമവും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഇത്തരത്തിൽ എല്ലാ മീനുകളും വൃത്തിയാക്കിയെടുക്കാം.  വിനാഗിരിയ്ക്ക് പകരം വാളൻ പുളി ഉപയോഗിച്ചും ഇത്തരത്തിൽ ചെയ്യാമെന്നു ചിലർ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. മീനിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുമോ എന്ന ആശങ്ക പങ്കുവച്ചവരുമുണ്ട്. എന്തായാലും ഈ വിദ്യ ഏറെ ഉപകാരപ്രദമാണെന്നാണ് കമെന്റുകളിലേറെയും പറയുന്നത്.

English Summary:

Easy Ways to Clean a Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com