ഐഫോണിൽ മുട്ട വച്ച് പൊട്ടിക്കുന്നു! ഇതെന്താ പുതിയ മൊബൈൽ കവറോ? വിചിത്രം ഈ കാഴ്ച
Mail This Article
പോഷക സമ്പുഷ്ടവും അതിനൊപ്പം തന്നെ എളുപ്പത്തിൽ പാകം ചെയ്തു തയാറാക്കാമെന്നതുമാണ് മുട്ടയെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ. ബ്രെഡിനൊപ്പമോ സാലഡിലോ സാൻഡ്‌വിച്ചിലോ എന്നുവേണ്ട ഏതിനൊപ്പവും മുട്ട കഴിക്കാവുന്നതാണ്. ഇത് മാത്രമല്ലാതെ പല വിചിത്ര കോമ്പിനേഷനുകൾക്കൊപ്പവും മുട്ടയുടെ പുതു വേർഷൻ നാം കണ്ടു കഴിഞ്ഞു. മുട്ട പാനിപൂരിയും മുട്ട ചായയും തുടങ്ങി നിരവധി 'ന്യൂജൻ വിഭവങ്ങൾ'. എന്നാൽ ഇവയൊന്നുമല്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തു വൈറലായത് പുഴുങ്ങിയ മുട്ട കൊണ്ടുള്ള ഒരു വിചിത്ര കാഴ്ചയാണ്. ഫോണിന്റെ കവറിനുള്ളിൽ മുട്ട വച്ച്, അത് പൊട്ടിക്കുന്നു. ഐഫോണിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് വ്യക്തമല്ലെങ്കിലും കമെന്റ് ബോക്സ് നിറയെ രൂക്ഷമായ രീതിയിലുള്ള പ്രതികരണങ്ങൾ കാണുവാൻ കഴിയും.കൂടാതെ വിഡിയോ പങ്കുവച്ചതിനൊപ്പം നിങ്ങൾ ഈ ഫോൾ കവർ ഉപയോഗിക്കുമോ? എന്നും കുറിച്ചിട്ടുണ്ട്.
വിഡിയോ ആരംഭിക്കുമ്പോൾ ഒരാൾ തന്റെ ഫോൺ മേശപ്പുറത്തു വയ്ക്കുന്നത് കാണാം. ഫോണിന്റെ പുറകു ഭാഗത്തായി ഒരു പുഴുങ്ങിയ മുട്ട വെച്ചതിനു ശേഷം കവർ ഉപയോഗിച്ച് ആ മുട്ട പൊട്ടിക്കുന്നു. ഫോണിന്റെ പുറകുവശത്തെ ക്യാമറ അടക്കമുള്ള ഭാഗങ്ങളിൽ മുട്ട എത്തിയിരിക്കുന്നത് കാണാം. ഇനിയും എത്താത്ത ഭാഗങ്ങളിലേക്ക് കൂടി മുട്ട വ്യാപിക്കുന്നതിനായി ചെറിയ ചുറ്റിക ഉപയോഗിച്ച് ഒരു പ്രയോഗം കൂടി അവസാനമുണ്ട്. ഫോണിന്റെ പുറകു ഭാഗം മുഴുവനായും മുട്ടയെത്തിയതിനു ശേഷം ക്യാമറയുടെ ഭാഗം മാത്രം ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയുന്നതും കാണാവുന്നതാണ്. ഇത്രയും ചെയ്തിട്ടും ഫോണിന്റെ സ്ക്രീനിനു ഒന്നും സംഭവിച്ചിട്ടില്ല എന്ന് കൂടി കാണിച്ചിട്ടാണ് വിഡിയോ അവസാനിക്കുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ആ പ്രവർത്തിയെ വിമർശിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നതിലുള്ള എതിർപ്പ് ചിലർ പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ വിലപിടിപ്പുള്ള ഫോൺ ഇത്തരുണത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്തിനു എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഇത്തരമൊരു പ്രവർത്തിക്കു പുറകിലെ ചേതോവികാരം എന്താണെന്നു ചോദിക്കുന്നവരും കമെന്റ് ബോക്സിലുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും ആ മുട്ടയുടെ കവറിലെയും ഫോണിലെയും ചീത്ത ഗന്ധം മാറുകയില്ല എന്നും ചിലർ എഴുതിയിട്ടുണ്ട്.