ഈ ഇന്ത്യൻ വിഭവം ലോകത്തിലെ ഏറ്റവും മികച്ച ചീസ് ഡെസേർട്ടുകളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്
Mail This Article
ചീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് രസ് മലായ്. ഉത്തരേന്ത്യയില്‍ വളരെ സാധാരണമായി കാണുന്ന ഈ വിഭവം ബംഗ്ലാദേശിലും പാകിസ്ഥാനിലുമെല്ലാം ജനപ്രിയമാണ്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും മികച്ച 10 ചീസ് ഡിസർട്ടുകളുടെ പട്ടികയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് രസ് മലായ്. ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ആണ് ഈ പട്ടിക പുറത്തിറക്കിയത്.
പതിനേഴാം നൂറ്റാണ്ടിൽ ബംഗാളിലാണ് രസ് മലായ് ആദ്യം ഉണ്ടാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ബംഗാളിലെ സമതാത പ്രദേശത്ത്, ഹിന്ദുക്കളുടെ ജന്മാഷ്ടമി ആഘോഷവേളയിൽ ആചാരപരമായി വിളമ്പിയിരുന്ന മധുരപലഹാരമായിരുന്നു ഇത്. പിന്നീട്, ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ, ബംഗാളിനു പുറമെ ദക്ഷിണേഷ്യയിലുടനീളം രസ് മലായ് ഒരു ജനപ്രിയ മധുരപലഹാരമായി മാറി. ബംഗ്ലാദേശിലെ രംഗ്പൂർ ഡിവിഷനിലെ റാസ്മഞ്ചൂരി പോലുള്ള പ്രദേശങ്ങളിൽ വ്യത്യസ്ത തരം രസ് മലായി കാണാം.
ഹിന്ദിയില്‍ 'രസ്' എന്നാല്‍ ജൂസ് എന്നും 'മലായ്' എന്നാല്‍ ക്രീം എന്നുമാണ് അര്‍ഥം. പാലും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ചെന' എന്ന മൃദുവായ ഫ്രഷ് ചീസ് ഉപയോഗിച്ചാണ് ഈ മധുരപലഹാരം തയാറാക്കുന്നത്. ചെന പിന്നീട് പഞ്ചസാര സിറപ്പിൽ പാകം ചെയ്യുകയും, ബദാം, പിസ്ത എന്നിവ അരിഞ്ഞതും ഏലക്കയുടെ രുചിയുള്ള മധുരമുള്ള പാൽ സിറപ്പായ 'റബ്ദി'യിൽ കുതിർക്കുകയും ചെയ്യുന്നു. ഫ്രിജില്‍ വച്ച് തണുപ്പിച്ചാണ് രസ് മലായി വിളമ്പുന്നത്. ഉത്തരേന്ത്യയിലെ ഹോളി , ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ ഈ മധുരപലഹാരം ജനപ്രിയമാണ് .
പോളണ്ടിൽ നിന്നുള്ള സെർനിക് എന്ന വിഭവമാണ് ഒന്നാം സ്ഥാനത്ത്. മുട്ട, പഞ്ചസാര, തൈരില്‍ നിന്നുണ്ടാക്കുന്ന ചീസായ ട്വറോഗ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ചീസ് കേക്കാണിത്. ബേക്ക് ചെയ്തോ അല്ലാതെയോ ഇത് ഉണ്ടാക്കാം. താഴെ സ്പോഞ്ച് കേക്കും മുകളില്‍ ജെല്ലി, പഴങ്ങള്‍ എന്നിവയുമാണ് കേക്കില്‍ ഈ ഉണ്ടാവുക.
ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വന്ന ചീസ് ഡിസര്‍ട്ടുകള്‍
1. സെർനിക്, പോളണ്ട്
2. രസ് മലായി, ഇന്ത്യ
3. സ്ഫാക്കിയാനോപിറ്റ, ഗ്രീസ്
4. ന്യൂയോർക്ക് സ്റ്റൈല്‍ ചീസ് കേക്ക്, യുഎസ്എ
5. ജാപ്പനീസ് ചീസ് കേക്ക്, ജപ്പാൻ
6. ബാസ്‌ക് ചീസ് കേക്ക്, സ്പെയിൻ
7. റാക്കോസി ടൂറോസ്, ഹംഗറി
8. മെലോപിറ്റ, ഗ്രീസ്
9. കസെകുചെൻ, ജർമ്മനി
10. മിസ റെസി, ചെക്ക് റിപ്പബ്ലിക്