ADVERTISEMENT

ദക്ഷിണേന്ത്യൻ പ്രാതലിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഡ്ഡ‍‍‍ലി. സാമ്പാറിനും ചട്ണിയ്‌ക്കുമൊപ്പം ചേരുമ്പോൾ ഇഡ്ഡ‍‍‍ലി രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഒന്നാമനാകും. പൂ പോലെയുള്ള ഇഡ്ഡ‍‍‍ലി എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിലുള്ള, ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ ലഘുവാണെന്നു മാത്രമല്ല, അതേസമയം തന്നെ ആരോഗ്യകരവുമാണ്. പ്രഭാത ഭക്ഷണമായി മാത്രമല്ല, ഒരു ദിവസത്തിലെ ഏതുനേരത്തും കഴിക്കാവുന്ന ഒന്നായാണ് ദക്ഷിണേന്ത്യയിൽ ഈ വിഭവം സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്രയേറെ സ്വീകാര്യതയുള്ള ഈ വിഭവത്തിന്റെ ഉത്ഭവം നമ്മുടെ നാട്ടിലല്ലെന്നു കേൾക്കുമ്പോഴോ? വരൂ...ഇഡ്ഡ‍‍‍ലിയുടെ ജനനത്തെക്കുറിച്ചറിഞ്ഞു വരാം.    

ഇഡ്ഡ‍‍‍ലിയുടെ ജനനത്തിലേക്ക്

പ്രശസ്ത ന്യൂട്രീഷനിസ്റ്റും ഫൂഡ് ഹിസ്റ്റോറിയനും ഭക്ഷ്യ ശാസ്ത്രജ്ഞനുമായ കെ ടി അചയയുടെ പഠനങ്ങൾ പ്രകാരം ഇഡ്ഡ‍‍‍ലിയുടെ ജന്മം 7 -12 നൂറ്റാണ്ടുകൾക്കിടയിൽ ഇന്തൊനീഷ്യയിലാണ്. അക്കാലത്തു ആ വിഭവത്തിനെ കെഡ്‍‍‍ലി എന്നോ കെഡരി എന്നാണു വിളിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ധാരാളം ഹൈന്ദവ രാജാക്കന്മാർ ഇന്തൊനീഷ്യ ഭരിച്ചിരുന്നു. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും വിവാഹാദി കർമങ്ങൾക്കുമെല്ലാമായി ഈ രാജാക്കന്മാർ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. അങ്ങനെ രാജാക്കന്മാർ എഴുന്നെള്ളുമ്പോൾ അവർക്കൊപ്പം കൊട്ടാരത്തിലെ പ്രധാന പാചകക്കാരനും അനുഗമിക്കുമായിരുന്നു. അങ്ങനെയാകാം ഇന്തൊനീഷ്യൻ വിഭവമായ കെഡ്‍‍ലി, ഇഡ്ഡ‍‍‍ലി എന്ന പേരിൽ ഇന്ത്യയിൽ എത്തിയതെന്നാണ് അനുമാനം.

idli
Image Credit: Pinu_Vanu/Shutterstock

ഇഡ്ഡ‍‍‍ലിയുടെ ജനനത്തെക്കുറിച്ചു മേൽസൂചിപ്പിച്ച കഥ മാത്രമല്ല. അറബികളിൽ നിന്നുമാണ് ഈ വിഭവം നമ്മുടെ നാട്ടിലെത്തിയതെന്നാണ് ''എൻസൈക്ലോപീഡിയ ഓഫ് ഫൂഡ് ഹിസ്റ്ററി'', സീഡ് ടു സിവിലൈസേഷൻ - ദി സ്റ്റോറി ഓഫ് ഫൂഡ് എന്നിങ്ങനെയുള്ള പുസ്തകങ്ങളിൽ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ സ്ഥിരതാമസത്തിനായി എത്തിയ അറബികൾ ഹലാൽ വിഭവങ്ങളും കൂടെ അരികൊണ്ടു തയാറാക്കിയ ബോൾ രൂപത്തിലുള്ള ഭക്ഷണവുമായിരുന്നു കഴിച്ചിരുന്നത്. തേങ്ങ കൊണ്ട് തയാറാക്കുന്ന ഒരു ചട്ണിയും ഇതിനൊപ്പം തയാറാക്കിയിരുന്നു. 

idli-info

ചരിത്രത്തിൽ ചേർന്ന ഇഡ്ഡ‍‍‍ലി

ജന്മദേശം വേറെയെങ്കിലും ഇഡ്ഡ‍‍‍ലി ഇന്ത്യക്കാരുടെ പ്രധാനഭക്ഷണമായി തീരാൻ അധികസമയമെടുത്തില്ല. നമ്മുടെ പല പൗരാണിക ഗ്രന്ഥങ്ങളിലും ഈ വിഭവത്തെ കുറിച്ച് പരാമർശവുമുണ്ട്. ഏഴാം നൂറ്റാണ്ടിൽ കന്നഡയിലെഴുതപ്പെട്ട ''വഡ്ഢരാധനേ'' യിൽ 'ഇഡ്‌ഡലിഗേ' എപ്രകാരമാണ് തയാറാക്കുന്നെതെന്നു പ്രതിപാദിച്ചിട്ടുണ്ട്. 

nadan-idli
Image Credit: solomonjee/shutterstock

പത്താം നൂറ്റാണ്ടിൽ തമിഴിൽ പുറത്തിറങ്ങിയ പെരിയ പുരാണം എന്ന പുസ്തകത്തിലും ഇഡ്ഡ‍‍‍ലിയെ കുറിച്ചുള്ള സൂചനകളുണ്ട്. പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോൾ  സൗരാഷ്ട്രയിൽ നിന്നുമുള്ള കച്ചവടക്കാർ തെക്കേയിന്ത്യയിലേക്കു വരികയും അങ്ങനെയാണ് ഈ വിഭവം ഇവിടെയെത്തിയതെന്നും ഇഡ്ഡ‍‍‍ലി എന്ന് പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. 

ലോക ഇഡ്ഡ‍‍‍ലി ദിനം

കഥകൾ ഏറെ പറയാറുണ്ടെങ്കിലും ഇഡ്ഡ‍‍‍ലി ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ഒരു ദക്ഷിണേന്ത്യൻ വിഭവമാണ്. ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ് ഇഡ്‌ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിക്കുകയും മാർച്ച് 30 അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം ഗവണ്മെന്റ് 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡ‍‍‍ലി മുറിച്ച്  ആ ദിവസം ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഇഡ്‌ഡലിയ്ക്ക് മാത്രമായി ഒരു ദിവസമുണ്ടായത്. 

English Summary:

The History and Mystery of the Healthiest Food Item Idli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com