ADVERTISEMENT

ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച്‌ മുപ്പതിന് ഈ വര്‍ഷത്തെ 'ഇഡ്ഡലി സൂപ്പര്‍സ്റ്റാറി'നെ പ്രഖ്യാപിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. കഴിഞ്ഞ 12 മാസത്തിനിടെ  ഹൈദരാബാദിൽ നിന്നുള്ള ഒരു സ്വിഗ്ഗി ഉപയോക്താവ് ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണെന്ന് സിഗ്ഗി അറിയിച്ചു.

white-idli
Image Credit:SMDSS/Shutterstock

ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ, മുംബൈ തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടേറെ ഉപഭോക്താക്കൾ അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന ആദ്യ മൂന്ന് നഗരങ്ങളാണ് ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവ. തൊട്ടുപിന്നാലെ മുംബൈ, പൂനെ, കോയമ്പത്തൂർ, ഡൽഹി, വിശാഖപട്ടണം, കൊൽക്കത്ത, വിജയവാഡ എന്നീ നഗരങ്ങളുമുണ്ട്.

ഇത്രയും ആരാധകരോ?

രണ്ടു ഇഡ്ഡലികള്‍ അടങ്ങുന്ന ഒരു പ്ലേറ്റ് പ്ലെയിന്‍ ഇഡ്ഡലി വളരെയധികം ജനപ്രിയമാണ്. റവ ഇഡ്‌ലിക്ക് ബംഗളുരുവിൽ ഒട്ടേറെ ആരാധകരുണ്ട്. അതേസമയം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നെയ്യ് / നെയ്യ് കരം പൊടി ഇഡ്‌ലിയാണ് പ്രിയം. തട്ടേ ഇഡ്ഡലിയും മിനി ഇഡ്ഡലിയും നഗരത്തിലുടനീളം നിരവധി ആളുകള്‍ ഇഷ്ടപ്പെടുന്ന വെറൈറ്റികളാണ്.

oats-idli
Image Credit: GreenTree/Shutterstock

മസാല ദോശയ്ക്ക് തൊട്ടുപിന്നിലായി, സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത പ്രഭാതഭക്ഷണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. രാവിലെ 8 മണി മുതൽ 10 മണി വരെയാണ് ഇഡ്ഡലിക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ കിട്ടിയ സമയം.

സ്വിഗ്ഗിയുടെ പ്രസ്താവന പ്രകാരം ബെംഗളൂരുവിലെ ആശാ ടിഫിൻസ്, എ2ബി - ബെംഗളൂരുവിലെയും ചെന്നൈയിലെയും അഡയാർ ആനന്ദഭവൻ, ഹൈദരാബാദിലെ വരലക്ഷ്മി ടിഫിൻസ്, ചെന്നൈയിലെ ശ്രീ അക്ഷയം, ബെംഗളൂരുവിലെ വീണ സ്റ്റോര്‍സ് എന്നിവയാണ് ഏറ്റവും മികച്ച ഇഡ്‌ലിക്ക് പേരുകേട്ട അഞ്ച് റെസ്റ്റോറൻ്റുകൾ.

ragi-idli
Image Credit: Santhosh Varghese/Shutterstock

അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഇഡ്ഡലി, ഇന്ത്യയില്‍ മാത്രമല്ല, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും പ്രിയങ്കരമാണ്. കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമം, രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിക്ക് പ്രശസ്തമാണ്. ഒരാഴ്ച വച്ചാലും കേടു വരാത്ത രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാൻ വിദേശികളടക്കം നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.

English Summary:

Swiggy user from Hyderabad spends Rs 7.3 lakh on idlis in one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com