ഒരു ദിവസം പാഴാക്കിയത് 100 കോടി ടണ്‍ ഭക്ഷണം; ഞെട്ടിക്കുന്ന കണക്കുമായി യുഎൻ

Mail This Article
ലോകത്തിന്‍റെ പല ഭാഗങ്ങളിലും പട്ടിണി മൂലം ആളുകള്‍ മരിക്കുമ്പോള്‍, 2022 ൽ ലോകമാകെ ആളുകള്‍ പാഴാക്കിക്കളഞ്ഞ ഭക്ഷണം 100 കോടി ടണ്ണിലധികം വരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോർട്ട്. ‘ആഗോള ദുരന്തം’ എന്നാണ് യുഎൻ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്ത് 800 ദശലക്ഷം ആളുകൾ പട്ടിണിയനുഭവിക്കുമ്പോൾ ഒരു ലക്ഷം കോടി ഡോളറിലധികം മൂല്യമുള്ള ഭക്ഷണമാണ് ഇങ്ങനെ പാഴായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ 60 % വീടുകളിൽനിന്നാണ്. അതായത് ഏകദേശം 631 ദശലക്ഷം ടൺ ഭക്ഷണം. പാഴാകുന്ന ഭക്ഷണത്തിന്റെ 28 ശതമാനം റസ്റ്ററന്റുകൾ, കാന്റീനുകൾ, ഹോട്ടലുകൾ, മറ്റ് ഭക്ഷ്യ ശൃംഖലകൾ എന്നിവയിൽനിന്നാണ്. ചില്ലറ വ്യാപാരികളും പച്ചക്കറി വ്യാപാരികളും ഇറച്ചിക്കടക്കാരും പാഴാക്കിയ ഭക്ഷണം 12 ശതമാനത്തോളം വരും.
“ഭക്ഷണം പാഴാക്കുന്നത് ഒരു ആഗോള ദുരന്തമാണ്. ലോകമെമ്പാടും ഭക്ഷണം പാഴാക്കുന്നതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകും’’ യുഎൻ എൻവയൺമെന്റ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ പറഞ്ഞു.
ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിനെക്കുറിച്ച് യുഎൻ സമാഹരിച്ച രണ്ടാമത്തെ റിപ്പോർട്ടാണിത്. ആളുകൾ ആവശ്യത്തിലേറെ ഭക്ഷണം വാങ്ങുകയും ബാക്കി കഴിക്കാതെ വലിച്ചെറിയുകയും ചെയ്യുന്നതാണ് ഭക്ഷണം പാഴാകുന്നതിന്റെ പ്രധാന കാരണം. ഭക്ഷ്യവസ്തുക്കൾ കാലഹരണപ്പെടുന്ന തീയതിയാണ് മറ്റൊരു കാരണം. വികസ്വര രാജ്യങ്ങളിൽ, ശരിയായ ശീതീകരണത്തിന്റെ അഭാവം കാരണം ഭക്ഷണം കേടാകുന്നതും കളയുന്നതും സാധാരണമാണ്.
ഭക്ഷണം പാഴാക്കുന്നത് സമ്പന്ന രാജ്യങ്ങളില്‍ മാത്രമല്ലെന്നും ലോകമെമ്പാടും സംഭവിക്കുന്നുണ്ടെന്നും ഇത് പരിസ്ഥിതിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.