വിശ്വസിക്കാനാകുമോ? ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കറി
Mail This Article
അടുക്കള തോട്ടങ്ങളില്‍ തഴച്ചുവളരുമെങ്കിലും പലര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഇതിന് പോഷകഗുണങ്ങള്‍ നിരവധിയുണ്ട്. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.ഇതില്‍ അടങ്ങിയ നാരുകള്‍ ദഹനത്തെ സഹായിക്കും. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ഇത്. കൂടാതെ, കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതായതിനാല്‍, വഴുതന പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
ഇന്നും ഇന്നലെയുമല്ല, നാലായിരം വര്‍ഷങ്ങളായി ആളുകള്‍ വഴുതനങ്ങ കഴിക്കാന്‍ തുടങ്ങിയിട്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? വഴുതനങ്ങയെക്കുറിച്ച് അത്തരമൊരു കൗതുകകരമായ വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഷെഫ് കുനാല്‍ കപൂര്‍. ഹാരപ്പൻ നാഗരികതയുടെ ഭാഗമായ ഫർമാനയിലെ ഒരു വീട്ടിൽ ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് വഴുതനങ്ങ കൊണ്ട് കറി ഉണ്ടാക്കിയിരുന്നതായി കണ്ടെത്തി.
ഇവിടങ്ങളില്‍ നിന്നും കിട്ടിയ മണ്‍പാത്രങ്ങള്‍ പഠനത്തിന് വിധേയമാക്കിയപ്പോള്‍ അവയില്‍ നിന്നും വഴുതനങ്ങ, ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയുടെ അവശിഷ്ടങ്ങള്‍ കിട്ടി. ചരിത്രത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ കറിയാണിത്.
ഒട്ടേറെ ആളുകള്‍ ഈ വിഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വഴുതനങ്ങയെക്കുറിച്ച് ഇപ്പോള്‍ അഭിമാനം തോന്നുന്നു എന്ന് ഒരാള്‍ കമന്റ് ചെയ്തു.വഴുതന ഉത്ഭവിച്ചത് ഒഡീഷയിൽ നിന്നാണ് എന്ന വിവരം ഒരാള്‍ പങ്കുവച്ചു. മുണ്ട ഗോത്രവർഗക്കാരാണ് ഇത് പശ്ചിമഘട്ടത്തിൽ എത്തിച്ചത്. വഴുതനങ്ങ ഇഷ്ടമാല്ലാത്തവരും കമന്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. ഈ കറി മറക്കേണ്ട സമയമായിരിക്കുന്നു, ഹാരപ്പന്‍ സംസ്കാരം നശിച്ചു പോയത് തന്നെ ഇതുകൊണ്ടായിരിക്കും എന്ന് കമന്റ് ചെയ്തത് ഇതിനടിയില്‍ കാണാം.
വഴുതനങ്ങ അച്ചാറായും തയാറാക്കാം
ഏതു തരം അച്ചാർ ആണെങ്കിലും ചോറിന് ബെസ്റ്റാണ്. നാരങ്ങയും മാങ്ങയും അല്ലാതെ വെറൈറ്റി അച്ചാർ തയാറാക്കിയാലോ? ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിയുക. വഴുതനങ്ങ ചെറുതായി നീളത്തിൽ മുറിക്കണം. എല്ലാ കഷണത്തിലും വഴുതനങ്ങയുടെ തൊലി ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പും മഞ്ഞളും ചേർത്ത് വെള്ളത്തിൽ ഒരു 10 മിനിറ്റ് മുക്കി വച്ച് നല്ലതുപോലെ കഴുകി വെള്ളം പോകുവാനായി ഒരു അരിപ്പയിൽ 2 മണികൂർ വയ്ക്കുക. എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ബ്രൗൺ നിറമാക്കി പൊരിച്ച് എടുക്കാം. കറിവേപ്പില നല്ലതുപോലെ മൊരിയുമ്പോൾ കോരി എടുത്ത് അതിലേക്ക് വഴുതനങ്ങ ചേർത്ത് വറുത്തെടുക്കാം.
കടുക് പൊട്ടിച്ച് ആവശ്യത്തിന് കശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, കായപ്പൊടി, വറുത്തുപൊടിച്ച ഉലുവപ്പൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ വിനാഗിരിയും, ഉപ്പും ചേർത്ത് നന്നായി തിളക്കുമ്പോൾ വറുത്ത് വച്ചതും ചേർത്ത് കൊടുക്കാം. തിളക്കുമ്പോൾ കുറച്ച് പഞ്ചസാര കൂടെ ചേർത്ത് തീ അണയ്ക്കാം. ചോറിന് സൂപ്പറാണ് ഈ അച്ചാര്‍.