പച്ച നിറത്തിലുള്ള പച്ചക്കറികളാണോ ഇഷ്ടം? എങ്കില് ഇവ അറിയാതെ പോകരുത്!

Mail This Article
പച്ച നിറത്തിലുള്ള പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ശ്രദ്ധയല്പം കൂടുതൽ വേണം. അതിപ്പോൾ ബ്രോക്കോളി ആയാലും ചീര പോലുള്ള പച്ചക്കറിയായാലും. പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികൾ രുചികരമായ വിഭവങ്ങളാക്കി മാറ്റുമ്പോൾ വെന്തു പോകരുത്. വേവ് കൂടിയാൽ നിറത്തിലും ഘടനയിലും വ്യത്യാസം വരും. കൂടുതൽ നേരം അടുപ്പിലെ ചൂടിൽ പച്ചക്കറികൾ വെക്കുന്നവരുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ അവർക്കുള്ളതാണ്. പച്ചക്കറികൾ കൂടുതൽ വെന്തു പോകുന്നതു പോഷകങ്ങൾ നഷ്ടപ്പെടുത്തുമെന്നതു കൊണ്ടുതന്നെ ഈ കാര്യങ്ങൾ മനസിൽ വച്ചോളൂ.
പച്ചനിറത്തിലുള്ള പച്ചക്കറികൾ പാകം ചെയ്യുമ്പോൾ കൂടുതൽ വേവിക്കുക എന്ന തെറ്റ് മിക്കവരും തന്നെ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മേല്പറഞ്ഞതു തന്നെയാണ് ഫലം. ആരെയും ആകർഷിക്കുന്ന ആ നിറവും ഘടനയും പോഷക ഗുണങ്ങളും നഷ്ടപ്പെടും. വെന്തു പോകാതെ, ക്രിസ്പി ആയിരിക്കുന്ന പാകത്തിൽ തന്നെ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനു കഴിയുന്നില്ലെങ്കിൽ ബ്ലാഞ്ചിങ്, സോട്ടിങ് പോലുള്ള രീതികൾ അവലംബിക്കാവുന്നതാണ്. ഫ്രഷ്‌നെസ് ഒട്ടും തന്നെയും നഷ്ടപ്പെടുകയില്ല.

പച്ചക്കറികളുടെ നിറവും ആ ക്രിസ്പിനെസും നഷ്ടപ്പെടാതിരിക്കാൻ ബ്ലാഞ്ചിങ് മികച്ചൊരു മാർഗമാണ്. തിളക്കുന്ന വെള്ളത്തിൽ മുപ്പതു സെക്കൻഡ് മുതൽ ഒന്നോ രണ്ടോ മിനിട്ടു വരെ പച്ചക്കറികൾ ഇട്ടതിനു ശേഷം ഉടൻ തന്നെ ഐസ് വാട്ടറിലേയ്ക്ക് മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികളുടെ നിറത്തിൽ യാതൊരു മാറ്റവും വരുകയില്ല. പോഷകങ്ങൾ നഷ്ടപ്പെടാതെയിരിക്കാനും ഈ രീതി പിന്തുടരാവുന്നതാണ്.

വെള്ളം കൂടുതൽ ഉപയോഗിച്ച് പച്ചക്കറികൾ വേവിക്കരുത്. വെള്ളം കൂടുതൽ ചേർക്കുന്നത് വഴി പോഷക നഷ്ടമുണ്ടാകാനും പച്ചക്കറിയുടെ സ്വാഭാവിക ഗന്ധമില്ലാതെയാകാനും സാധ്യതയുണ്ട്. വലിയ പാത്രത്തിൽ കുറച്ചു മാത്രം വെള്ളം ഉപയോഗിച്ച് പാകം ചെയ്തെടുക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികൾ തയാറാക്കുമ്പോൾ പാത്രം അടപ്പു ഉപയോഗിച്ച് മൂടി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് പാകമായി കിട്ടും. മണവും ഘടനയും നഷ്ടപ്പെടുകയുമില്ല.
ബ്ലാഞ്ചിങിന് ഒപ്പം തന്നെ സോട്ടിങ്ങും പച്ചക്കറികളുടെ ക്രിസ്പിനെസ് പോകാതെയിരിക്കുവാൻ പരീക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ പാത്രത്തിൽ കൂടുതൽ പച്ചക്കറികൾ ഇടാതെയിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ പച്ചക്കറികളുള്ള പക്ഷം ചൂട് എല്ലാ ഭാഗത്തും ഒരേ പോലെ ലഭിക്കാതെയിരിക്കുമെന്നു മാത്രമല്ല ഒരുമിച്ച്, ഒരേപോലെ പാകമായി കിട്ടുകയുമില്ല, വലിയ പാനിൽ പച്ചക്കറികൾക്ക് ആവശ്യത്തിന് സ്ഥലം നൽകി മാത്രം സോർട്ടിങ് ചെയ്യാവുന്നതാണ്.

സ്വാഭാവികമായ ഗന്ധത്താൽ തന്നെ ആകർഷണീയത തോന്നുന്നവയാണ് പച്ചക്കറികൾ. അതുകൊണ്ടുതന്നെ സീസണിങ് ചേർക്കാതെ തയാറാക്കാം. വെളുത്തുളളി, ചെറുനാരങ്ങ, ഹെർബുകൾ, മസാലകൾ തുടങ്ങിയ ചേർത്താൽ പച്ചക്കറികളുടെ സ്വാഭാവിക ഗന്ധവും രുചിയും നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ അല്പം ഉപ്പും കുറച്ച് ഒലിവ് ഓയിലും ചേർക്കുന്നത് പച്ചക്കറികൾക്ക് കൂടുതൽ തിളക്കം നൽകും.
ബ്ലാഞ്ചിങ് എങ്ങനെ ചെയ്യാം?
നന്നായി കഴുകിയെടുത്ത പച്ചക്കറികൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഒരു പാത്രത്തിൽ വെള്ളം വച്ച് നല്ലതു പോലെ തിളപ്പിക്കുക. പച്ചക്കറികൾ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം വേണമെന്ന കാര്യം ശ്രദ്ധിക്കണം. തിളയ്ക്കുന്ന വെള്ളത്തിലേക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കാം. മുപ്പതു സെക്കൻഡ് മുതൽ ഒന്നോ രണ്ടോ മിനിട്ടു വരെ പച്ചക്കറികൾ തിളപ്പിക്കണം. പകുതി പാകമായതായി കണ്ടാൽ പെട്ടെന്ന് തന്നെ തിളച്ച വെള്ളത്തിൽ നിന്നും പച്ചക്കറികൾ ഐസ് വാട്ടറിലേക്കു മാറ്റാം. പച്ചക്കറികൾ കൂടുതൽ വെന്തു പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. നന്നായി തണുത്തതിനു ശേഷം തണുത്ത വെള്ളത്തിൽ നിന്നും മാറ്റി, വെള്ളം പൂർണമായും നീക്കം ചെയ്യാവുന്നതാണ്. ബ്ലാഞ്ചിങ് ചെയ്തു വയ്ക്കുന്ന പച്ചക്കറികൾ സാലഡുകളോ മറ്റു വിഭവങ്ങളോ തയാറാക്കുന്ന പ്രക്രിയ എളുപ്പത്തിലാക്കും. പിന്നീട് ഉപയോഗിക്കാനായി ഏറെ നാളുകൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. ഫ്രിജിലോ ഫ്രീസറിലോ വെച്ചാൽ പച്ചക്കറികളുടെ ഫ്രഷ്‌നെസ്സ് ഒട്ടും തന്നെയും നഷ്ടപ്പെടുകയുമില്ല.